ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍; തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്; പാളയം മാര്‍ക്കറ്റും അടച്ചു

തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക്.

ഇന്നലെ സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ് അടച്ചതിന് പിന്നാലെ ഇന്ന് രാവിലെ പാളയം ചന്തയും പൂര്‍ണമായും അടച്ചു. ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്ന വിലയിരുത്തലിലാണ് ഭരണകൂടം.

ഇന്നലെ രോഗം സ്ഥിരീകരിച്ച ഒമ്പതുപേരില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 22 ആയി. സാഫല്യം കോംപ്ലക്‌സില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി, വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരന്‍, ബാലരാമപുരം ആലുവിള സ്വദേശി എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ ഉറവിടം അറിയാത്തത്. നഗരസഭ പരിധിയില്‍ 18 ഇടങ്ങളിലും നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വഴുതൂര്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ തളയല്‍ എന്നിവിടങ്ങളുമാണ് കണ്ടയ്ന്‍മെന്റ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.

നഗരസഭയിലെ പാളയം, പൂന്തുറ, വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലൈന്‍, അമ്പലത്തറ, പുത്തന്‍പള്ളി, മാണിക്യ വിളാകം, ബീമാപള്ളി ഈസ്റ്റ്, ആറ്റുകാല്‍, കുര്യാത്തി,
കളിപ്പാംകുളം, മണക്കാട്, ചിറമുക്ക്, കാലടി, ഐരാണി മുട്ടം, വള്ളക്കടവ് പുത്തന്‍പാലം, തൃക്കണ്ണാപുരം ടാഗോര്‍ നഗര്‍ എന്നിവിടങ്ങളാണ് കണ്ടയ്ന്‍മെന്റ് സോണുകള്‍. മാരായമുട്ടത്ത് നിന്നും സേലത്തു പോയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാരായമുട്ടത്തും പ്രത്യേക നിരീക്ഷണം നടത്തും.

ജില്ലയില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ ഇരട്ടിയാക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബ്ലോക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കിയോസ്‌കുകള്‍ സ്ഥാപിച്ചാണ് ആന്റി ജന്‍ ടെസ്റ്റുകള്‍ കൂടുതല്‍ നടത്തുക.

ഇതിനായി അധ്യാപകരെയും അവധിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News