ബ്ലാക്ക് മെയില്‍ കേസ്; വ്യാജ നിര്‍മ്മാതാവിന്‍റെ അറസ്റ്റ് ഇന്നുണ്ടായേക്കും

ഷംന കാസിമിന്‍റെ വീട്ടില്‍ വ്യാജ നിര്‍മ്മാതാവെന്ന പേരില്‍ എത്തിയ കോട്ടയം സ്വദേശി രാജുവിന്‍റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇയാളെ കസ്റ്റഡിയില്‍ ചേദ്യം ചെയ്തുവരികയാണ്. അതേസമയം കേസിലെ മൂന്ന് പ്രതികള്‍ക്ക് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.

ഷംന കാസിമിന്‍റെ കൊച്ചിയില്‍ വീട്ടില്‍ ജൂണ്‍ 20ന് നിര്‍മ്മാതാവെന്ന പേരില്‍ എത്തിയ കോട്ടയം സ്വദേശിയായ രാജുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇയാള്‍ ഷംനയില്ലാത്ത സമയത്ത് വീട്ടിലെത്തി മാതാപിതാക്കളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

വീട്ടില്‍ വരുന്ന കാര്യം ഷംനയെ അറിയിച്ചിരുന്നതായും ഇയാള്‍ മാതാപിതാക്കളെ ധരിപ്പിച്ചു. ഷംനയുടെ മൊ‍ഴിയില്‍ നിര്‍മ്മാതാവ് ആരെന്ന അന്വേഷണത്തിലാണ് കോട്ടയം സ്വദേശിയായ രാജു കസ്റ്റഡിയിലാകുന്നത്. ഇയാള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും ലൈറ്റ് ആന്‍ഡ് സൗണ്ട് ജോലിയാണെന്നും പൊലീസ് കണ്ടെത്തി.

ഒരു സുഹൃത്തിന്‍റെ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഷംനയെ കാണാനെത്തിയതെന്നായിരുന്നു ഇയാളുടെ ആദ്യവിശദീകരണം. ഗൾഫിൽ നിന്നുള്ള നമ്പറിൽ നിന്നായിരുന്നു സന്ദേശമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇയാളുടെ മൊ‍ഴികളിലും ഫോണ്‍ കോള്‍ ലിസ്റ്റുകളിലും പൊരുത്തക്കേട് വന്ന സാഹചര്യത്തിലാണ് പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്.

അതേസമയം കേസില്‍ എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച മൂന്ന് പ്രതികളുടെ അറസ്റ്റും ഇന്നുണ്ടായേക്കും. പെണ്‍കുട്ടികളെ പാലക്കാട് ദിവസങ്ങളോളം തടവിലിട്ട കേസിലാണ് അറസ്റ്റ് ഉണ്ടാകുക.
അബൂബക്കര്‍, ശരത്, ഹാരിസ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here