ചൈനീസ്‌ ഊർജ ഉപകരണങ്ങൾക്കും നിയന്ത്രണം; ഇറക്കുമതി പരിശോധിച്ച ശേഷം മാത്രമെന്ന്‌‌ കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ചൈനയിൽനിന്ന്‌ ഊർജ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന്‌‌ കേന്ദ്ര സർക്കാർ. ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഊർജഉപകരണങ്ങളും അനുബന്ധ ഘടകങ്ങളും വിശദമായി പരിശോധിച്ചശേഷമേ ഇറക്കുമതിക്ക്‌ അനുമതി നൽകൂവെന്ന്‌ കേന്ദ്ര ഊർജ മന്ത്രി ആർ കെ സിങ് പറഞ്ഞു.

ഇത്തരം ഇറക്കുമതികളുടെ മറവിൽ ചിലപ്പോൾ രാജ്യത്തെ മുഴുവൻ ഇരുട്ടിലാക്കാനുള്ള ശ്രമങ്ങളും ഉണ്ടായേക്കാമെന്ന്‌- മന്ത്രി ആരോപിച്ചു. സംസ്ഥാന വൈദ്യുതി മന്ത്രിമാരുമായുള്ള ഓൺലൈൻ ചർച്ചയിലാണ്‌ മന്ത്രി നിലപാട്‌ വ്യക്തമാക്കിയത്‌. സംസ്ഥാന വിതരണ കമ്പനികൾ ചൈനീസ്‌ കമ്പനികളിൽനിന്നും ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നില്ലെന്ന്‌ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

നമ്മൾ ഇവിടെ എല്ലാ സാധനവും ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. എന്നാൽ, 71,000 കോടി രൂപയുടെ ഊർജ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നു. ഇതിൽ 21,000 കോടിയുടെയും ചൈനയിൽനിന്നാണ്‌. ചൈന, പാകിസ്ഥാൻ എന്നിവിടങ്ങളിൽ വൻതുകയ്‌ക്ക്‌ ഇറക്കുമതി ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ല.

നമ്മുടെ രാജ്യത്തിനുള്ളിലേക്ക്‌ അതിക്രമിച്ചു കടന്ന്‌, നമ്മുടെ സൈനികരെ വധിക്കുന്ന രാജ്യങ്ങൾക്ക്‌ ഗുണമുണ്ടാക്കുന്ന നടപടി നമ്മുടെ ഭാഗത്തുനിന്നുണ്ടാകരുത്‌. നേരത്തെ ടിക്‌ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ്‌ ആപ്പുകൾ സർക്കാർ വിലക്കിയിരുന്നു.

ചൈനീസ്‌ കമ്പനികളിൽനിന്നും ടെലികോം ഉപകരണങ്ങൾ വാങ്ങരുതെന്ന്‌ ബിഎസ്‌എൻഎല്ലിനും നിർദേശം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News