കടമെടുത്തും ജിഎസ്‌ടി നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തെ നിലപാട്‌ അറിയിച്ച് കേരളം

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി കൗൺസിൽ സെക്രട്ടറിയറ്റിനെ രേഖാമൂലം അറിയിച്ചു. പണമില്ലാത്തപക്ഷം പൊതുവിപണിയിൽനിന്ന്‌ വായ്‌പ എടുത്തായാലും കുടിശ്ശിക നൽകണം. ഇതിന്റെ തിരിച്ചടവിനായി സെസ്‌ പിരിവ്‌ കാലാവധി നീട്ടാന്‍ ജിഎസ്‌ടി കൗൺസിലിന്‌ തീരുമാനിക്കാം.

അടച്ചുപൂട്ടലിനെത്തുടർന്ന്‌ ജിഎസ്ടി വരുമാനം തകർന്നതിനാൽ നഷ്ടപരിഹാര പ്രശ്‌നം കൂടുതൽ രൂക്ഷമായി. നഷ്ടപരിഹാരത്തുക കുത്തനെ ഉയർന്നു. മെയ്‌വരെ മൂന്നുമാസത്തെ നഷ്ടപരിഹാരത്തുക ഒരുലക്ഷം കോടി രൂപ കവിയും. കേരളത്തിനുമാത്രം 5200 കോടി രൂപ കിട്ടാനുണ്ട്‌. നഷ്ടപരിഹാര നിധിയിൽ ബാക്കിയുള്ളത്‌ 8000 കോടിയും.

ചരക്ക്‌ സേവന നികുതി സംവിധാനം പൊളിച്ചുപണിയണമെന്ന ആവശ്യം കൂടുതൽ ശക്തമായി കൗൺസിൽ യോഗങ്ങളിൽ ഉന്നയിക്കപ്പെടും. ബിജെപി സംസ്ഥാനങ്ങളടക്കം ഇതിനോട്‌ അനുകൂലമായാണ്‌ പ്രതികരിക്കുന്നതെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. വരുമാനമെന്ന പ്രഥമലക്ഷ്യത്തിലെത്താൻ ജിഎസ്ടിക്ക്‌ കഴിയുന്നില്ല. ലക്ഷം കോടി രൂപയിൽ വരുമാനം തത്തിക്കളിക്കുന്നു. 14 ശതമാനം പ്രതീക്ഷിത വരുമാന വളർച്ചയുമില്ല.

മൂന്നാം വാർഷികമെത്തിയപ്പോഴേക്കും ജിഎസ്‌ടി പരാജയപ്പെട്ട പരിഷ്‌കാരമായി. രണ്ടാംവർഷ വാർഷിക റിട്ടേൺ ഇനിയുമായിട്ടില്ല. ഇ -വേ ബില്ലിന്റെ തത്സമയ ലഭ്യതയുമായില്ല. നികുതി നിരക്കുകൾ വരുമാനമുറപ്പാക്കുന്നില്ല. ആഡംബര വസ്തുക്കളുടെ നികുതി കുറഞ്ഞു. അവശ്യവസ്തുക്കളുടേത് കുറഞ്ഞതുമില്ല.
ഇങ്ങനെ മുന്നോട്ടുപോകാനാകില്ല

നഷ്ടപരിഹാരമില്ലാതെ സംസ്ഥാനത്തിന്‌ പിടിച്ചുനിൽക്കാനാകില്ലെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടിയുടെ തുല്യ വീതംവയ്‌ക്കൽ അവസാനിപ്പിക്കണം. 60 ശതമാനം സംസ്ഥാനത്തിനും 40 ശതമാനം കേന്ദ്രത്തിനും എന്നതിലേക്ക്‌ മാറണം. അന്തർസംസ്ഥാന വ്യാപാരത്തെ ബാധിക്കാത്ത എസ്ജിഎസ്ടി നിരക്കുകളിലെ മാറ്റത്തിനുള്ള അധികാരം സംസ്ഥാനങ്ങൾക്കുവേണം. ഇക്കാര്യങ്ങൾ ഇനിവരുന്ന ജിഎസ്‌ടി കൗൺസിൽ യോഗങ്ങളുടെ പ്രധാന ചർച്ചയാകും.

സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിൽ ഗുണപരമായ മാറ്റമില്ല. കഴിഞ്ഞമാസവും പെട്രോൾ, ഡീസൽ നികുതിയിലടക്കം വലിയ കുറവുണ്ടായി‌. ജിഎസ്‌ടി, പെട്രോൾ, ഡീസൽ, മദ്യ നികുതികളിൽ 2019 ജൂണിനെ അപേക്ഷിച്ച്‌ ഈ ജൂണിൽ 1037 കോടി രൂപയുടെ കുറവുണ്ടായതായി‌ പ്രാഥമിക കണക്കുകൾ പറയുന്നു. ജിഎസ്‌ടിയിൽ 455 കോടി കുറഞ്ഞു.

പെട്രോളിൽനിന്ന്‌ 206 കോടിയും ഡീസലിൽനിന്ന്‌ 196 കോടി രൂപയുമാണ്‌ കഴിഞ്ഞമാസത്തെ വരുമാനം. മദ്യനികുതി 507 കോടി. കഴിഞ്ഞവർഷം ജൂണിൽ പെട്രോളിന്‌ 328 കോടിയും ഡീസലിന്‌ 367 കോടിയും മദ്യത്തിന്‌ 596 കോടിയുമായിരുന്നു വരുമാനം.

സംസ്ഥാന ജിഎസ്‌ടിയിൽ കഴിഞ്ഞമാസം 744 കോടിയും ഐജിഎസ്‌ടി (അന്തർസംസ്ഥാന വ്യാപരത്തിലെ സംയോജിത ജിഎസ്‌ടി)യിൽ 520 കോടിയും ലഭിച്ചു. 2019 ജൂണിൽ യഥാക്രമം 797.81 കോടിയും 921.51 കോടിയുമാണ്‌ ലഭിച്ചത്‌. പൊതുഗതാഗതം കുറഞ്ഞത്‌ ഡീസിലിൽനിന്നുള്ള നികുതിയിൽ ഇടിവുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News