കൊവിഡ്‌ വാക്‌സിൻ; പരിശ്രമം വേഗത്തിലാക്കണം; ഗവേഷണസ്ഥാപനങ്ങൾക്ക്‌ ഐസിഎംആറിന്റെ കത്ത്‌

രാജ്യത്ത് കൊവിഡ്‌ വാക്‌സിൻ വികസിപ്പിക്കാനുള്ള പരിശ്രമം വേഗത്തിലാക്കാൻ ഐസിഎംആർ നിർദേശം. ഭാരത് ബയോടെക് ഇന്റർ നാഷണൽ ലിമിറ്റഡുമായി ചേർന്ന്‌ വികസിപ്പിക്കുന്ന കോവാക്‌സിൻ ആഗസ്‌ത്‌ 15ന്‌‌ ചികിത്സയ്‌ക്ക്‌ ലഭ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ഇതിന്‌ പരീക്ഷണങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന്‌ ക്ലിനിക്കൽ പരീക്ഷണത്തിന്‌ ചുമതലപ്പെടുത്തിയ സ്ഥാപനങ്ങൾക്കുള്ള കത്തിൽ ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ആവശ്യപ്പെട്ടു.‌ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ വാക്‌സിനായതിനാൽ സുപ്രധാനമാണ്‌. പ്രവർത്തനം സർക്കാർ ഉന്നതതലത്തിൽ നിരീക്ഷിക്കുകയുമാണ്‌. നിർദിഷ്ടസമയത്ത്‌ പൂർത്തിയാക്കിയില്ലെങ്കിൽ അത്‌ ഗൗരവമായി കാണും.

രോഗികളുടെ സാമ്പിളുകളിൽനിന്ന് ഐസിഎംആറിന്റെ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ ശേഖരിച്ച കോവിഡ്–- 19ന്റെ ജനിതകഘടകങ്ങൾ ഉപയോഗിച്ചാണ്‌ ഭാരത് ബയോടെക്‌ ‘ബിബിവി 152 കോവിഡ്‌ വാക്‌സിൻ’ വികസിപ്പിക്കുന്നത്‌.

ക്ലിനിക്കൽ പരിശോധനയ്‌ക്കുള്ള അനുമതി വേഗത്തിലാക്കി ഈ ആഴ്‌ച നടപടി തുടങ്ങാനാണ്‌ നിർദേശം. ഡൽഹി, വിശാഖപട്ടണം, റോത്തക്ക്‌, പട്‌ന, ബംഗളൂരു, നാഗ്‌പുർ, ഗൊരഖ്‌പുർ, ഹൈദരാബാദ്‌, ആര്യനഗർ, കാൺപുർ, ഗോവ, കാട്ടൻകുളത്തൂർ എന്നിവിടങ്ങളിലെ 12 സ്ഥാപനങ്ങളെയാണ്‌ ക്ലിനിക്കൽ പരിശോധനയ്‌ക്ക്‌ ചുമതലപ്പെടുത്തിയത്‌.

പരീക്ഷണം മനുഷ്യരിൽ പൂർത്തിയാക്കാൻ മൂന്നുമാസം വേണമെന്ന്‌‌ ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാൻ ഡ്രഗ്‌ കൺട്രോളർ ഓഫ്‌ ഇന്ത്യയുടെ അനുമതിവേണം. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് ഫാർമാ ഗ്രൂപ്പായ സൈഡസ്‌ കാൺഡിലയ്‌ക്ക്‌ ഡ്രഗ്‌ കൺട്രോളർ ഓഫ്‌ ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്‌. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയിൽ വാക്‌സിൻ പ്രഖ്യാപനം ഉൾപ്പെടുത്താനുള്ള രാഷ്‌ട്രീയ ലക്ഷ്യമാണിതെന്ന വിമർശം ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News