കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാട് അല്ല; മന്ത്രി തോമസ് ഐസക്

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി കൗൺസിൽ സെക്രട്ടറിയറ്റിനെ ഇത് രേഖാമൂലം അറിയിച്ചു. പണമില്ലാത്തപക്ഷം പൊതുവിപണിയിൽനിന്ന്‌ വായ്‌പ എടുത്തായാലും കുടിശ്ശിക നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു.

ലോക്ഡൗണിനെ തുടർന്ന്‌ ജിഎസ്ടി വരുമാനം തകർന്നതിനാൽ നഷ്ടപരിഹാര പ്രശ്‌നം നിലവിൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. നഷ്ടപരിഹാര തുകയും കുത്തനെ ഉയർന്നു. മെയ്‌ വരെ മൂന്നുമാസത്തെ നഷ്ടപരിഹാരത്തുക ഒരുലക്ഷം കോടി രൂപ കവിയും. കേരളത്തിനുമാത്രം 5200 കോടി രൂപയാണ് ഇതിൽ ലഭിക്കാനുള്ളത്‌. നഷ്ടപരിഹാരമില്ലാതെ സംസ്ഥാനത്തിന്‌ പിടിച്ചുനിൽക്കാനാകില്ലെന്ന്‌ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കും വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ നികുതിവരുമാനത്തിൽ ഗുണപരമായ മാറ്റമില്ല. കഴിഞ്ഞമാസവും പെട്രോൾ, ഡീസൽ നികുതിയിലടക്കം വലിയ കുറവുണ്ടായി‌. ജിഎസ്‌ടി, പെട്രോൾ, ഡീസൽ, മദ്യ നികുതികളിൽ 2019 ജൂണിനെ അപേക്ഷിച്ച്‌ ജൂണിൽ 1037 കോടി രൂപയുടെ കുറവുണ്ടായതായാണ് കണക്കുകൾ. ജിഎസ്‌ടിയിൽ 455 കോടി കുറഞ്ഞു.ജിഎസ്ടിയുടെ തുല്യ വീതംവയ്‌ക്കൽ അവസാനിപ്പിക്കണം.

60 ശതമാനം സംസ്ഥാനത്തിനും 40 ശതമാനം കേന്ദ്രത്തിനും എന്നതിലേക്ക്‌ മാറണമെന്നും ഐസക് ആവശ്യപ്പെട്ടു.വരുമാനമെന്ന പ്രഥമലക്ഷ്യത്തിലെത്താൻ ജിഎസ്ടിക്ക്‌ കഴിയുന്നില്ല. മൂന്നാം വാർഷികമെത്തിയപ്പോഴേക്കും ജിഎസ്‌ടി പരാജയപ്പെട്ട പരിഷ്‌കാരമായി അവശേഷിക്കുകയാണെന്നും ഐസക് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here