കെയർ ഹോം പദ്ധതി; പ്രളയ ദുരിതബാധിതർക്ക് 2000 വീടുകൾ പൂർത്തിയാക്കി

ആധുനിക കേരളത്തിന്റെ അതിജീവനവെളിച്ചങ്ങളിൽ ഒന്നുകൂടി തെളിക്കപ്പെട്ടു. പ്രളയദുരിതത്തിൽപ്പെട്ട് നിസഹായരായിരുന്ന മനുഷ്യർക്കായി സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിൽ 2000 വീടുകൾ പൂർത്തിയായി. തിരുവനന്തപുരം കുമാരപുരം പടിഞ്ഞാറ്റിൽ ലെയിനിൽ സിദ്ധാർത്ഥൻ ആണ് രണ്ടായിരാമത്തെ വീടിന്റെ അവകാശി. വീടിന്റെ താക്കോൽ ദാനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശാനുസരണം സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചതാണ് കെയർ ഹോം പദ്ധതി. ആകെ 2092 വീടുകളാണ് ഈ പദ്ധതിയിലൂടെ സഹകരണ വകുപ്പ് നിർമിച്ച് കൈമാറുന്നത്. ഇതിൽ 1999 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി കഴിഞ്ഞു. ഇന്ന് അന്താരാഷ്ട്ര സഹകരണ ദിനത്തിൽ ഒരു വീട് കൂടി കൈമാറുന്നതോടെ 2000 വീടുകൾ എന്ന ലക്ഷ്യം നിറവേറുകയാണ്.

വീടിന്റെ വിസ്തൃതി 500 ചതുരശ്ര അടിയിൽ കുറയരുതെന്നാണ് നിർദ്ദേശം നൽകിയതെങ്കിലും ഇതിലും കൂടുതൽ വിസ്തീർണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. 5 ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കുവാനാണ് തീരുമാനിച്ചതെങ്കിലും 6-7 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പല വീടുകളും നിർമ്മിച്ചത്. 10 ലക്ഷം രൂപ വരെ ചെലവഴിച്ച വീടുകളുമുണ്ട്. സമയബന്ധിതമായി, മനോഹരമായി തന്നെയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകൽപന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, കിണർ/കുടിവെള്ളം, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങൾ, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനോപ്പം വീട്ടുകാർക്കായി ഒരുക്കി നൽകി.

പ്രളയദുരന്തത്തിൽ സമ്പൂർണ്ണമായും വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങൾക്ക് പുതിയ വീട് വച്ച് നൽകുകയാണ് ‘കെയർ ഹോം’ പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി പ്രഖ്യാപിച്ചു ഒരു വർഷത്തിനുള്ളിൽ 1700ൽ അധികം വീടുകൾ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുവാൻ സഹകരണ വകുപ്പിന് കഴിഞ്ഞു.

കെയർഹോം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സഹകരണ സംഘങ്ങളുടേയും വകുപ്പ് ജീവനക്കാരുടേയും സഹകാരികളുടേയും പൊതു സമൂഹത്തിന്റേയും നിർലോഭമായ സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സഹകരണ വകുപ്പ് നടത്തിയിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റവും വലുതും ശ്രദ്ധേയവുമായ പദ്ധതിയാണിത്. സമയ ബന്ധിതമായി ഈ പദ്ധതി പൂർത്തിയാക്കുക വഴി നവകേരള നിർമ്മിതിക്കായുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിലെത്താൻ സഹകരണ മേഖലയ്ക്കു കഴിഞ്ഞു.

ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചുനൽകിയത് തൃശൂർ ജില്ലയിലാണ് – 497 വീടുകൾ. എറണാകുളം ജില്ലയിൽ 362 ഉം, ഇടുക്കി ജില്ലയിൽ 212 ഉം, പാലക്കാട് ജില്ലയിൽ 206 ഉം, ആലപ്പുഴ ജില്ലയിൽ 180 ഉം, പത്തനംതിട്ട ജില്ലയിൽ 114 ഉം, മലപ്പുറം ജില്ലയിൽ 90 ഉം, വയനാട് ജില്ലയിൽ 84 ഉം, കോട്ടയം ജില്ലയിൽ 83 ഉം, തിരുവനന്തപുരം ജില്ലയിൽ 59 ഉം, കോഴിക്കോട് ജില്ലയിൽ 44 ഉം, കൊല്ലം ജില്ലയിൽ 42 ഉം, കണ്ണൂർ ജില്ലയിൽ 20 ഉം, കാസർകോട് ജില്ലയിൽ 7 ഉം വീടുകളാണ് സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here