മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊല്ലം എൻ എസ് സഹകരണ ആശുപത്രിക്ക്

സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊല്ലം എൻ എസ് സഹകരണ ആശുപത്രിക്ക്. അന്താരാഷ്ട്ര സഹകരണദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

മലപ്പുറം പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിക്കാണ് രണ്ടാംസ്ഥാനം. 2019–-20 ലെ പ്രവർത്തനം വിലയിരുത്തിയാണ് ആശുപത്രികളെ തെരഞ്ഞെടുത്തത്‌.

വൈദ്യസേവനത്തിനപ്പുറം മനുഷ്യജീവിതത്തിലെ സർവതലസ്‌പർശിയായി പ്രവർത്തിക്കാൻ എൻ എസ്‌ ആശുപത്രിക്ക് കഴിഞ്ഞതായി പുരസ്കാര നിർണയ സമിതി വിലയിരുത്തി.

2006ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ 33 ചികിത്സാ വിഭാഗവും 500 കിടക്കകളുമുണ്ട്‌. പ്രതിവർഷം ആറു ലക്ഷത്തിലധികം പേർ ചികിത്സ തേടി എത്തുന്നു.

കുറഞ്ഞ ചികിത്സാ നിരക്കിനു പുറമെ, മരുന്നിന് 10 ശതമാനം ഡിസ്കൗണ്ട്‌, ബിപിഎൽ വിഭാഗക്കാർക്ക് 30 ശതമാനം ഡിസ്കൗണ്ട്‌, നിർധനർക്ക് ‘സാന്ത്വനം’ പദ്ധതി പ്രകാരം ചികിത്സാ ധനസഹായം എന്നിവ നൽകുന്ന സംസ്ഥാനത്തെ ഏക ആശുപത്രിയാണിത്. ഓഹരിമൂലധനം, ബിസിനസ്‌ ടേൺ ഓവർ എന്നിവയിൽ 2019–-20ൽ വൻ വർധന നേടാനും ആശുപത്രിക്കായി.

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന എൻഎബിഎച്ച്‌ സേഫ് ഐ സർട്ടിഫിക്കേഷൻ 2018 മുതൽ നേടിയ ആശുപത്രിയിൽ 95 ഡോക്ടർമാരും ആയിരത്തിലധികം ജീവനക്കാരുമുണ്ട്‌.

മുൻ എംപി പി രാജേന്ദ്രൻ പ്രസിഡന്റും എ മാധവൻപിള്ള വൈസ്‌ പ്രസിഡന്റുമായ 11 അംഗ ഭരണസമിതിയും സെക്രട്ടറി പി ഷിബു, മെഡിക്കൽ സൂപ്രണ്ട്‌ ഡോ. ടി ആർ ചന്ദ്രമോഹൻ എന്നിവരടങ്ങുന്ന അഡ്മിനിസ്‌ട്രേഷനുമാണ്‌ ആശുപത്രിയുടെ ഭരണം നിർവഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News