കൊവിഡ്‌ വാക്‌സിനായി തിടുക്കം കൂട്ടി ഐസിഎംആർ; തീരുമാനം അപകടകരം; ഗവേഷക ലോകം ആശങ്കയിൽ

വേണ്ടത്ര കരുതലും സമയക്രമവും പാലിക്കാതെ കോവിഡ്‌ വാക്‌സിൻ വികസിപ്പിക്കാനുള്ള തീരുമാനം അപകടകരം. തിടുക്കപ്പെട്ടുള്ള നീക്കത്തിൽ ശാസ്‌ത്ര– ഗവേഷക ലോകവും ആരോഗ്യവിദഗ്‌ധരും പൊതുസമൂഹവും ആശങ്കയിൽ. ഒരു മാസത്തിനകം വാക്‌സിൻ വികസിപ്പിക്കണമെന്നാണ്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ) നിർദേശം. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ വാക്‌സിൻ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷങ്ങൾ നടത്താൻ കുറഞ്ഞത്‌ ഏഴു മാസം വേണം. അതിനുശേഷം ‌ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണവും പൂർത്തിയാക്കണം.

കേന്ദ്രസർക്കാരിന്റെ ഏറ്റവും ഉന്നതതലത്തിലെ തീരുമാനപ്രകാരമാണ്‌ നിർദേശമെന്ന്‌ ഐസിഎംആർ ഹൈദരാബാദിലെ ഭാരത്‌ ബയോടെക്കിന്‌ അയച്ച കത്തിൽ പറയുന്നു. ഐസിഎംആറിന്റെതന്നെ ക്ലിനിക്കൽ ട്രയൽസ്‌ രജിസ്‌ട്രി ഓഫ്‌ ഇന്ത്യ (സിടിആർഐ)യിൽനിന്നുള്ള വിവരമനുസരിച്ച്‌ കോവിഡ്‌ വാക്‌സിൻ ഒന്നാംഘട്ട പരീക്ഷണം തുടങ്ങേണ്ടത്‌ ജൂലൈ 13നാണ്‌.

വാക്‌സിന്റെ സുരക്ഷ പരിശോധിക്കാൻ വളന്റിയർമാരിൽ പരീക്ഷിക്കുന്നതാണ്‌ ഒന്നാംഘട്ടം. ഇതിന്‌ ഏഴുദിവസം വേണം. പ്രതിരോധശേഷി ഉറപ്പാക്കാൻ വാക്‌സിന്‌ കഴിയുന്നുണ്ടോ എന്ന്‌ ശാസ്‌ത്രജ്ഞർ പരിശോധന നടത്തുന്നതാണ്‌ രണ്ടാംഘട്ടം. 194 ദിവസമെങ്കിലും വേണ്ടിവരുന്നതാണ്‌ ഈ പ്രക്രിയ. ഈ രണ്ടുഘട്ടത്തിന്‌ ഏഴ്‌ മാസംവേണം.

രോഗത്തെ ഉന്മൂലനം ചെയ്യാൻ വാക്‌സിനു കഴിയുമോ എന്ന്‌ പരിശോധിക്കാനുള്ള മൂന്നാംഘട്ട പരീക്ഷണത്തിന്‌ പിന്നെയും മാസങ്ങൾ വേണ്ടിവരും‌. ഭാരത്‌ ബയോടെക്കിന്‌ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി ഐസിഎംആർ നൽകിയത്‌ ജൂൺ 29നാണ്‌. മൂന്നാംഘട്ട പരീക്ഷണത്തിന്‌ അനുമതി നൽകിയിട്ടില്ല.

ആഗസ്‌ത്‌ 15ന്‌ മുമ്പെങ്കിലും വാക്‌സിൻ പുറത്തിറക്കണമെന്ന്‌ ഐസിഎംആർ ഭാരത്‌ ബയോടെക്കിന്‌ അയച്ച കത്തിൽ നിഷ്‌കർഷിക്കുന്നു. ഫാസ്റ്റ്‌ട്രാക്‌ അടിസ്ഥാനത്തിൽ വാക്‌സിൻ വികസിപ്പിക്കാനാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. ഇതനുസരിച്ച്‌ പ്രവർത്തിക്കേണ്ടത്‌ അനിവാര്യമാണെന്നും കത്തിൽ പറയുന്നു.
ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ 12 ആശുപത്രി തെരഞ്ഞെടുത്തതായും കത്തിലുണ്ട്‌. ആറ്‌ ആശുപത്രിക്കുമാത്രമാണ്‌ എത്തിക്‌സ്‌ കമ്മിറ്റിയുടെ അനുമതി ലഭിച്ചത്‌. ഇതിൽ നാലെണ്ണം ഗവേഷണ സൗകര്യമില്ലാത്ത ചെറിയ സ്വകാര്യ ആശുപത്രികളാണ്‌. ഐസിഎംആർ നിഷ്‌കർഷിക്കുന്ന സമയക്രമം പാലിക്കുക അസാധ്യമാണെന്ന്‌ ഡൽഹി എയിംസ്‌ അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News