നവി മുംബൈയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കൊറോണ വൈറസ് ബാധിച്ച് മരിച്ച 64 കാരന്റെ കുടുംബം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഒരു ദിവസം മുഴുവനാണ് ആംബുലൻസിൽ കാത്ത് കിടക്കേണ്ടി വന്നത്. അവസാനം പ്രവേശനം കിട്ടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ അതീവ ഗുരുതരാവസ്ഥയിൽ അഡ്മിഷൻ ലഭിച്ചെങ്കിലും അത്യാവശ്യമായി വാങ്ങേണ്ടിയിരുന്ന മരുന്നിന് പോലും കൈയ്യിൽ പൈസയില്ലാത്ത നിസ്സഹായാവസ്ഥയിലായിരുന്നു കുടുംബം. 32,000 രൂപ വിലവരുന്ന ഒരു ഇൻജെക്ഷൻ അടിയന്തരമായി നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ കൈയ്യിൽ പണമില്ലായിരുന്നു. മുംബൈയിലെ ഒരു മ്യൂസിക് ബാൻഡിൽ ജോലി ചെയ്തിരുന്നയാളായിരുന്നു ദയനീയമായ അവസ്ഥയിൽ മരണപ്പെട്ടത്.
ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (എൻഎംഎംസി) കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് മകൻ പറഞ്ഞു. എന്നാൽ ഓക്സിജൻ സംവിധാനമുള്ള കിടക്കയുടെ അഭാവം കാരണം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു.
ഏതു ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ചോദിച്ചപ്പോൾ ഒരു മാർഗ്ഗ നിർദേശം നൽകുവാൻ പോലും അധികൃതർ മിനക്കെട്ടില്ല. ഏതെങ്കിലും ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോകുവാൻ ആവശ്യപ്പെട്ട് അവർ ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്നാണ് ഒരു ആംബുലൻസിൽ കയറ്റി അച്ഛനെയും വഹിച്ചു മകൻ ആശുപത്രിക്കായി തിരച്ചിൽ തുടങ്ങിയത്.
നഗരത്തിലെ നിരവധി ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും ആരും പ്രവേശനം നൽകുവാൻ തയ്യാറല്ലായിരുന്നു. ഏറെ സമയത്തിന് ശേഷം രോഗിയുടെ ശ്വാസ തടസ്സം കൂടുവാൻ തുടങ്ങിയതോടെയാണ് ഏറെ ബുദ്ധിമുട്ടി ഒരു കാർഡിയാക് ആംബുലൻസിനെ വിളിച്ച് ഓക്സിജൻ പിന്തുണ ഉറപ്പാക്കിയതെന്ന് മകൻ പറഞ്ഞു. പിറ്റേ ദിവസമാണ് കോപ്പർഖൈർണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും ഏറെ വൈകിപ്പോയിരുന്നു.
ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത കുറവാണ് രോഗ വ്യാപനം ദിനം പ്രതി വർദ്ധിക്കുന്ന നവി മുംബൈയും നേരിടുന്ന വലിയ പ്രതിസന്ധി. ഏറെ കൊട്ടിഘോഷത്തോടെ വാഷി സിഡ്‌കോ എക്സിബിഷൻ സെന്ററിൽ തയ്യാറാക്കിയ 1200 കിടക്കയുടെ സൗകര്യമുള്ള പ്രത്യേക കോവിഡ് കെയർ സെന്ററും, ചൈനയിലെ വുഹാനിൽ സ്ഥാപിച്ച കോവിഡ് 19 ആശുപത്രിയുടെ മാതൃകയിൽ ബാന്ദ്രയിൽ ബി.കെ.സി സമുച്ചയത്തിൽ 1000 കിടക്കകളുള്ള കോവിഡ് 19 ആശുപത്രിയും ഗോരേഗാവ് നെസ്‌കോ ഗ്രൗണ്ടിൽ 3000 കിടക്കകളുമായി ലോകത്തെ ഏറ്റവും വലിയ കോവിഡ് കേന്ദ്രവുമെല്ലാം അവകാശവാദങ്ങളിൽ മാത്രമായി ഒതുങ്ങുമ്പോഴാണ് ചുറ്റും വിലപ്പെട്ട മനുഷ്യ ജീവനുകൾ പൊലിഞ്ഞുകൊണ്ടിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.