അതീവ ഗുരുതരാവസ്ഥയിൽ മഹാരാഷ്ട്ര; ആരോഗ്യ പ്രവർത്തകരുടെ അഭാവം ആശങ്ക ഉയർത്തുന്നു

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നപ്പോഴും, 7074 പുതിയ രോഗബാധിതർ റിപ്പോർട്ട് ചെയ്യുമ്പോഴും ആരോഗ്യ മേഖല ഇനിയും ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചിട്ടില്ലെന്ന പരാതികളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ബോധവത്കരണത്തിന്റെ കുറവും രോഗ വ്യാപനം വർദ്ധിപ്പിക്കുന്ന ഘടകമായി തുടരുകയാണ്. ധാരാവി മാത്രമാണ് ഏക ആശ്വാസമായി ചൂണ്ടിക്കാട്ടാവുന്നത്.

ആരോഗ്യ പരിപാലനം ഏറെ ദുഷ്കരമായ സാഹചര്യം നിലനിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശത്താണ് വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ വികസിത നഗരങ്ങൾക്ക് പോലും മുംബൈ മാതൃകയായത്. കേരള മോഡൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുവാൻ കഴിഞ്ഞതാണ് ധാരാവിയുടെ വലിയ നേട്ടമായി പ്രാദേശിക മാധ്യമങ്ങളും വിലയിരുത്തുന്നത്.

ആശുപത്രികളുണ്ട്, ആരോഗ്യ പ്രവർത്തകരില്ല

മുംബൈയിലെ നിലവിലെ സ്ഥിതി ഇതാണ്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ തയ്യാറാക്കിയ പ്രത്യേക കോവിഡ് കെയർ കേന്ദ്രങ്ങളെല്ലാം മികച്ച സാങ്കേതിക സൗകര്യങ്ങളാണ് മാത്രം അവശേഷിക്കയാണ്. വാഷി സിഡ്‌കോ സെന്ററിൽ 1200 കിടക്കകളും 50 ഐ സി യു കിടക്കകളും ഗോരേഗാവ് നെസ്‌കോ ഗ്രൗണ്ടിൽ ലോകത്തെ ഏറ്റവും വലിയ കോവിഡ് കേന്ദ്രമെന്ന് വിശേഷിപ്പിച്ച 3000 കിടക്കകളും തയ്യാറാണ്. ഇവിടെ കിടക്കകളിൽ ഓക്സിജൻ സൗക്യര്യങ്ങൾക്കായി പ്രത്യേക പൈപ്പ് ഘടിപ്പിച്ചുള്ള നൂതന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി ഏകദേശം നാലായിരത്തിലധികം കിടക്കകൾ സജ്ജമാക്കിയെങ്കിലും പ്രവർത്തനക്ഷമമാക്കുവാൻ വേണ്ട ഡോക്ടർമാരോ നഴ്സുമാരോ ഇല്ലാതെ വലയുകയാണ് നഗരം. ഏറെ പ്രത്യാശ നൽകിയ സെവൻ ഹിൽസ് ആശുപത്രിയും പ്രതിസന്ധിയിലാണ്. ആയിരത്തിലധികം ഐ സി യു കിടക്കകൾക്ക് സൗകര്യമുള്ള ആധുനീക സംവിധാനങ്ങളുള്ള ആശുപത്രിയിൽ 120 കിടക്കകൾ മാത്രമാണ് നിലവിൽ ചികത്സായോഗ്യമായിട്ടുള്ളത്. പ്രധാനമായും നഴ്സുമാരുടെ കുറവാണ് മിക്ക ആശുപത്രികളും നേരിടുന്ന വെല്ലുവിളി.

കേരളത്തിൽ നിന്നെത്തിയ ആദ്യ മെഡിക്കൽ സംഘം മടങ്ങുന്നു

നഗരത്തിലെത്തി ഏകദേശം ഒരു മാസം പിന്നിടുമ്പോൾ പാതി വഴിയിൽ ഡോ സജേഷ് ഗോപാലനടക്കം ഒരു വിഭാഗം ഡോക്ടർമാർ നാട്ടിലേക്ക് മടങ്ങി. തൊട്ടു പുറകെ മുംബൈ മിഷൻ സംഘത്തിന് നേതൃത്വം വഹിക്കുന്ന ഡോ സന്തോഷ്കുമാറും തിരിച്ചു പോകുകയാണ്.
മുംബൈയിൽ രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയിൽ പടർന്നു കൊണ്ടിരിക്കുമ്പോഴാണ് നഗരത്തിന് കൈത്താങ്ങായി കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തുന്നത്. അങ്ങിനെയാണ് സെവൻ ഹിൽസ് ഹോസ്പിറ്റൽ കേന്ദ്രമായി അത്യാഹിത വിഭാഗത്തിന്റെ ചുമതല കേരളത്തിൽ നിന്നുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘം ഏറ്റെടുക്കുന്നത്.

കേരളത്തിൽ നിന്നെത്തിയ മുംബൈ മിഷൻ ടീമിൽ നിന്ന് മൂന്ന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കാനാണ് രണ്ട് ദിവസം മുമ്പ് കേരളത്തിലേക്ക് മടങ്ങിയത്. പല ഡോക്ടമാരും വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നവരാണെന്നും ലീവ് എടുത്താണ് മുംബൈയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സ്വമേധയ നഗരത്തിലെത്തിയതെന്നും കേരളത്തിലേക്ക് മടങ്ങുന്ന ഡോ. സന്തോഷ് കുമാർ കൈരളി ന്യൂസിനോട് പറഞ്ഞു.

അവശേഷിക്കുന്ന ഡോക്ടർമാർ ജൂലൈ 15 നോടെ തിരിച്ചു പോകുവാനുള്ള തയ്യാറെടുപ്പിലാണ്. തുടർന്ന് കേരളത്തിൽ നിന്നെത്തിയ നഴ്സുമാരും മടങ്ങും. എന്നാൽ പുതിയ സംഘം എത്തുമെന്നുള്ള പ്രതീക്ഷയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടായ ഡോ സന്തോഷ് കുമാർ പങ്കു വച്ചത്. തുടർച്ചയായി രണ്ടു മാസത്തിൽ കൂടുതൽ ലീവെടുത്ത് നിൽക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ഡോക്ടർമാരെ മടങ്ങി പോകുവാൻ നിർബന്ധിതരാക്കുന്നത്.

ഐ സി യു കിടക്കകളുടെ അഭാവം വലിയ വെല്ലുവിളി

300 കിടക്കകളുള്ള ഐസിയു സംവിധാനമൊരുക്കുവാനായിരുന്നു കേരളത്തിൽ നിന്നെത്തിയ സംഘത്തെ നിയോഗിച്ചത്. 20 ഐ സി യു കിടക്കകൾ മാത്രം പ്രവർത്തനക്ഷമമായിരുന്ന സെവൻ ഹിൽസ് ആശുപത്രിയിൽ 120 ഐസിയു കിടക്കകൾ തയ്യാറാക്കിയെങ്കിലും ആരോഗ്യ പ്രവർത്തകരുടെ അഭാവം വലിയ പ്രതിസന്ധിയായി തുടരുകയാണെന്ന് ഡോ അനീഷ് രാജ് പറഞ്ഞു. ശരാശരി 6000 രോഗികളാണ് കഴിഞ്ഞ ഒരാഴ്ചയായി ദിവസേന നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്നത് . ഇതിൽ അഞ്ചു ശതമാനം പേരെങ്കിലും ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗങ്ങളുടെ സഹായം ആവശ്യമുള്ളവരാണെന്നും ഡോക്ടർ പറഞ്ഞു.

ഗുരുതരമായ റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രം അനുഭവപ്പെടുന്ന കോവിഡ് രോഗികളാണ് മരണപ്പെടുന്നതെന്നും ഇത് കേരളത്തേക്കാൾ കൂടുതൽ ഉണ്ടാകുന്നത് മുംബൈയിലാണെന്നും സെവൻ ഹിൽസ് ഹോസ്പിറ്റലിലെ 20 ഐ സി യു യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഡോ അനീഷ് വ്യക്തമാക്കി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നിന്നാണ് അനീഷ് രാജ് മുംബൈ മിഷന്റെ ഭാഗമായി സെവൻ ഹിൽസിൽ എത്തുന്നത്.

മാറി നിൽക്കുന്ന മാലാഖമാർ

അഞ്ച് സ്പെഷ്യലിസ്റ്റുകളും മൂന്ന് പിജി വിദ്യാർത്ഥികളും 35 എം‌ബി‌ബി‌എസ് ഡോക്ടർമാരും അടങ്ങുന്നതായിരുന്നു മുംബൈ മിഷൻ സംഘം. ഈ സംഘത്തിലേക്ക് നൂറിലധികം സ്റ്റാഫ് നഴ്സുമാർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശമ്പളവുമായി ബന്ധപ്പെട്ട് നഴ്സിംഗ് അസോസിയേഷനുമായുള്ള പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും കാരണം വലിയൊരു വിഭാഗം വിമുഖത പ്രകടിപ്പിച്ചിരിക്കയാണ്. അസോസിയേഷൻ 50,000 രൂപയാണ് നഴ്സുമാർക്ക് ശമ്പളമായി ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ സർക്കാർ 30,000 രൂപയിൽ കൂടുതൽ നൽകുവാൻ വിസമ്മതിച്ചതായിരുന്നു പലരെയും പിന്തിരിയാൻ പ്രേരിപ്പിച്ചതെന്ന് മഹാരാഷ്ട്ര യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സെക്രട്ടറി ജിബിൻ ടി സി പറഞ്ഞു. കൊറോണ നഗരത്തിൽ പൊട്ടിപുറപ്പെടുമ്പോൾ ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളോ ക്വാറന്റൈൻ സംവിധാനങ്ങളോ നൽകാതിരുന്നതും അഞ്ഞൂറിലേറെ നഴ്സുമാരെ ജോലി ഉപേക്ഷിച്ചു നഗരം വിട്ടു പോകുവാൻ നിർബന്ധിതരാക്കിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗബാധ പടർന്നതോടെ നിരവധി ഡോക്ടർമാരും സേവനത്തിൽ നിന്നും പിന്മാറിയത് ആരോഗ്യ മേഖലയെ വീണ്ടും തളർത്തി.

മുംബൈയിൽ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയുമാണ്. ഈ സമയത്ത് ഡോക്ടർമാരുടെ സേവനം പോലെ തന്നെ നഴ്‌സുമാരുടെയും സേവനം അനിവാര്യമായിരിക്കെയാണ് പരിഹാരം തേടാതെയുള്ള സംസ്ഥാന സർക്കാരിന്റെ മെല്ലെ പോക്ക് നയം ഭീതി പടർത്തുന്നത് .

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഒരു കോസ്മോപോളിറ്റൻ സംസ്കാരമുള്ള നഗരമാണ് . എല്ലാ സംസ്ഥാനത്ത് നിന്നുള്ളവരും തൊഴിൽ ചെയ്ത് ജീവിക്കുന്ന നിരവധി പേരുടെ സ്വപ്ന നഗരമാണ് മുംബൈ. കേരളത്തിൽ നിന്നെത്തിയ സംഘം പോലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മെഡിക്കൽ സംഘം സ്വമേധയ വന്ന് നഗരത്തിന് കൈത്താങ്ങാകേണ്ട സമയം അതിക്രമിച്ചിരിക്കയാണ്. കേന്ദ്ര സർക്കാരിന്റെ മൗനവും മുംബൈ വാസികളെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News