കൊവിഡ് വ്യാപന ആശങ്ക; കൊച്ചി നഗരം കർശന നിയന്ത്രണത്തില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരം കർശന നിയന്ത്രണത്തിന് കീഴിലായി. നഗരത്തിലെ കണ്ടൈൻമെൻറ് സോണുകളിൽ യാത്ര ചെയ്യാൻ പ്രധാന പാതയൊഴികെ മറ്റെല്ലാ പാതകളും പോലീസ് അടച്ചു. ഇരുപത്തിയേഴ് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോലീസും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അർധരാത്രി മുതലാണ് കൊച്ചിയിലെ കണ്ടൈൻമെൻറ് സോണുകളിൽ പോലീസ് കാവലേർപ്പെടുത്തിയത്. ഇന്നലെ പ്രഖ്യാപിച്ച കൊച്ചി കോർപ്പറേഷനിലെ 5 ഡിവിഷനുകൾ ഉൾപ്പടെയുള്ള പത്ത് കണ്ടൈൻമെൻറ് സോണുകളിലും ഒരു വഴി മാത്രമാണ് യാത്ര ചെയ്യാൻ അനുമതി. അതും അത്യാവശ്യ സർവീസുകൾക്ക് മാത്രം.

എറണാകുളം മാർക്കറ്റിനു പിന്നാലെ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ആലുവ മാർക്കറ്റും അടച്ചു. ചമ്പക്കര മാർക്കറ്റ് കർശന നിയന്ത്രണത്തിന് കീഴിലായി പ്രവർത്തനം. നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന തുടരുന്നുണ്ട്. സമൂഹ വ്യാപനം നിലവിൽ ഇല്ലെങ്കിലും സ്ഥിതി സങ്കീര്ണമായാൽ ട്രിപ്പിൾ ലോക് ഡൗണിലേക്ക് ഉൾപ്പടെ നഗരം നീങ്ങാൻ ഒരുങ്ങുകയാണ്.

ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകൾ ഒഴികെ മറ്റൊരു വാണിജ്യ വ്യവസായ സ്ഥാപനവും നിലവിൽ നഗരത്തിൽ പ്രവർത്തിക്കുന്നില്ല. സമ്പർക്കം വഴി ഇത് വരെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 27 പേരിൽ പത്തോളം പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരിക്കാന് ജില്ലയിൽ ഒടുവിൽ രോഗം സ്ഥിരീകരിച്ചത്.

പ്രീപെയ്ഡ് ടാക്സി കൗണ്ടറിൽ ജോലി ചെയ്ത വരികയായിരുന്ന ഇവരെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ അടുത്ത ബന്ധുക്കളുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അയച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയും തയ്യാറാക്കി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News