കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് രോഗികൾ ഏഴുലക്ഷത്തോടടുത്തു. മരണം ഇരുപതിനായിരത്തിലേക്ക്. ഇന്ത്യയിൽ 6,97,069 രോഗികൾ. റഷ്യയിൽ 6,81,251. അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
രാജ്യത്ത് ഞായറാഴ്ച മാത്രം അറുപതിനായിരത്തിലേറെ രോഗികൾ. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടേകാൽ ലക്ഷമായി. മുംബയിൽ 1311 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. ആകെ രോഗികളുടെ എണ്ണം നാല്പതിനായിരം കടന്നു.
അൺലോക്ക് പ്രഖ്യാപിച്ചതുമുതൽ കോവിഡ് വ്യാപനം തീവ്രമാണ്. ജൂലൈ ഒന്നുമുതൽ അൺലോക്ക് രണ്ടിന് തുടക്കമിട്ടതോടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ്. അഞ്ചുദിവസം പിന്നിട്ടപ്പോഴേക്കും 1.10 ലക്ഷത്തിലേറെ പുതിയ രോഗികളുണ്ടായി. അടച്ചിടൽ കാലയളവിൽ രോഗവ്യാപനം കുറവായിരുന്ന കർണാടക, തെലങ്കാന, ആന്ധ്ര, ബംഗാൾ, ബിഹാർ, അസം സംസ്ഥാനങ്ങളിലെല്ലാം ഏതാനും ദിവസമായി രോഗികളുടെ എണ്ണത്തിലെ വർധന ഏറ്റവുമുയർന്ന തോതിലാണ്.
അടച്ചിടൽ ആരംഭിച്ച മാർച്ച് 25ന് 571 രോഗികളും ഒരു മരണവും മാത്രമാണുണ്ടായത്. നാലു ഘട്ടത്തിലായി മെയ് 31ന് 68 ദിവസത്തെ അടച്ചിടൽ അവസാനിച്ചപ്പോൾ രോഗികളുടെ എണ്ണം 1,90,648ൽ എത്തി. 5405 മരണവും. അൺലോക്ക് ആയതോടെ 35 ദിവസംകൊണ്ട് രോഗികൾ 1.90 ലക്ഷത്തിൽനിന്ന് 6.85 ലക്ഷമായി. വർധന 5.07 ലക്ഷം (253 ശതമാനം).
അൺലോക്കിനു ശേഷം 13,875 പേർ മരിച്ചു (257 ശതമാനം വർധന). 24 മണിക്കൂറിൽ 24,850 രോഗബാധ റിപ്പോർട്ടു ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതാദ്യമാണ് പ്രതിദിന രോഗികൾ കാൽലക്ഷത്തോട് അടുക്കുന്നത്.

Get real time update about this post categories directly on your device, subscribe now.