കോവാക്‌സിൻ ഈ വർഷം ലഭ്യമാകില്ല; വിശദീകരണം ഐസിഎംആർ കത്ത്‌ വിവാദമായ സാഹചര്യത്തിൽ

കോവിഡിനെതിരായ ഇന്ത്യയുടെ വാക്‌സിൻ (കോവാക്‌സിൻ) ഈ വർഷം ലഭ്യമാകില്ല. കോവാക്‌സിൻ അടക്കമുള്ളതൊന്നും 2021നു മുമ്പ്‌ വിപണിയിൽ ലഭ്യമാകില്ലെന്ന്‌ കേന്ദ്ര ശാസ്‌ത്ര, സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. പിന്നീട്‌ പിഐബി വാർത്താകുറിപ്പിൽ ഈ ഭാഗം ഒഴിവാക്കി.

ആഗസ്‌ത്‌ 15നകം വാക്‌സിൻ പുറത്തിറക്കണമെന്ന്‌ നിർദേശിച്ച്‌ പരീക്ഷണത്തിൽ പങ്കാളിയായ ഭാരത്‌ ബയോടെക്കിന്‌ ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ്‌ അയച്ച കത്ത്‌ വിവാദമായ സാഹചര്യത്തിലാണ്‌ വിശദീകരണം. ലോകമെമ്പാടും 140ലേറെ വാക്‌സിനുകളുടെ ഗവേഷണവും -പരീക്ഷണവും വിവിധ ഘട്ടങ്ങളിലാണ്‌.

രാജ്യത്ത്‌ ഐസിഎംആർ, സിഎസ്‌ഐആർ ഗവേഷണസ്ഥാപനങ്ങളുമായി ചേർന്ന്‌ ആറ്‌ ഇന്ത്യൻ കമ്പനികൾ വാക്‌സിനായി ശ്രമിക്കുന്നുണ്ട്‌. ഇതിൽ കോവാക്‌സിൻ, സൈകോവ്‌–-ഡി എന്നിവ മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള ഘട്ടത്തിലാണ്‌‌.

രാജ്യാന്തരതലത്തിൽ 11 വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ പാകത്തിലായി. എന്നിരുന്നാലും 2021നകം ഇവയൊന്നും പരീക്ഷണ ആവശ്യങ്ങൾക്ക്‌ അല്ലാതെ ലഭ്യമാകാൻ സാധ്യതയില്ല–-മന്ത്രാലയം വിശദീകരിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക്‌ അശാസ്‌ത്രീയമായി സമയപരിധി നിശ്‌ചയിച്ചത്‌ ഗവേഷകരും ആരോഗ്യ വിദഗ്‌ധരും ചോദ്യംചെയ്തിരുന്നു.

മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക്‌ അനുമതി പോലും നൽകാതെയാണ്‌ വാക്‌സിൻ പുറത്തിറക്കാൻ ഐസിഎംആർ സമയപരിധി നിശ്‌ചയിച്ചത്‌. ഐസിഎംആറിന്റെ പുണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌‌ ഓഫ്‌ വൈറോളജിയിൽനിന്ന്‌ വേർതിരിച്ചെടുത്ത കോവിഡ്‌ വൈറസ്‌ ഹൈദരാബാദിലെ ഭാരത്‌ ബയോടെക്കിന്‌ ലഭിച്ചത്‌ മെയ്‌ ഒമ്പതിനാണ്‌.

വാക്‌സിൻ വികസിപ്പിക്കാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ്‌ ഐസിഎംആർ അന്ന്‌ പറഞ്ഞത്‌. വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്‌. വാക്‌സിൻ വികസിപ്പിച്ചാലും വിപണിയിൽ ലഭ്യമാക്കാൻ ഡ്രഗ്‌സ്‌ കൺട്രോളറുടെ പരിശോധന പൂർത്തീകരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News