കോവിഡ്: റംഡിസിവിയറിന് തദ്ദേശീയ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണം: പിബി

കോവിഡിനെ നേരിടാന്‍ ഫലപ്രദമെന്ന് തെളിയിച്ച ഔഷധം റംഡിസിവിയറിന്റെ തദ്ദേശീയ വകഭേദങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പേറ്റന്റ് നിയമത്തിലെ 92–ാം വകുപ്പ് ഇതിനായി പ്രയോഗിക്കണം.

ഗീലിയഡ് സയന്‍സസ് ഉല്‍പാദിപ്പിക്കുന്ന റംഡിസിവിയര്‍ അടക്കമുള്ള എല്ലാ കോവിഡ് ഔഷധങ്ങളും അമേരിക്ക വന്‍തോതില്‍ ശേഖരിച്ച് പൂഴ്ത്തിവയ്ക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

മൂന്ന് മാസത്തേയ്ക്ക് വേണ്ട റംഡിസിവിയര്‍ അമേരിക്ക ശേഖരിച്ചു. ലോകത്ത് മറ്റൊരിടത്തും ഇതു കിട്ടാനില്ല. അഞ്ച് ദിവസത്തേയ്ക്ക് ഉപയോഗിക്കാനുള്ള റംഡിസിവിയറിനു അമേരിക്കയില്‍ രണ്ടരലക്ഷം രൂപയാണ് വില.

ഗീലിയാഡ് സയന്‍സസിന്റെ നിയന്ത്രണത്തില്‍ റംഡിസിവിയര്‍ ഉല്‍പാദിപ്പിക്കാന്‍ അഞ്ച് ഇന്ത്യന്‍ കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇന്ത്യയില്‍ നിര്‍മാണം നടത്തിയാല്‍ ഇതേ ഔഷധം രാജ്യത്ത് അഞ്ച് ദിവസത്തേയ്ക്ക് 35,000 രൂപയില്‍ താഴെയുള്ള വിലയില്‍ ലഭിക്കും.

വിദഗ്ധരുടെ കണക്കുപ്രകാരം റംഡിസിവിയര്‍ പൂര്‍ണ ഡോഡ് ഉല്‍പാദിപ്പിക്കാന്‍ അമേരിക്കയില്‍ പരമാവധി ചെലവ് 750 രൂപയാണ്; ഇന്ത്യയില്‍ 100 രൂപയും. എന്നാല്‍ പേറ്റന്റ് കുത്തകയുടെ പേരില്‍ ഗീലിയഡ് ജനങ്ങളെ കൊള്ളയടിക്കുകയാണ്.

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ക്ക് റംഡിസിവിയര്‍ നല്‍കാനുള്ള നടപടികള്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ വേഗത്തിലാക്കിയിട്ടുണ്ട്. അതേസമയം, റംഡിസിവിയറിന്റെ ശേഖരമാകെ അമേരിക്ക വാങ്ങുന്നതും പേറ്റന്റ് കുത്തക സൃഷ്ടിക്കുന്ന ഭാരിച്ച വിലയും കാരണം ഇന്ത്യയിലെ രോഗികള്‍ക്ക് ഇതു കിട്ടാതെ വരും.

ഇടതുപക്ഷത്തിന്റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ രൂപംനല്‍കിയ പേറ്റന്റ് നിയമത്തിലെ 92–ാം വകുപ്പുപ്രകാരം രാജ്യത്ത് ഈ ഔഷധം നിര്‍മിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സ് നല്‍കാന്‍ അവകാശമുണ്ട്. റംഡിസിവിയറിന്റെ തദ്ദേശീയ വകഭേദങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ശേഷിയും ഇച്ഛാശക്തിയുമുണ്ട്.

ഈ ഔഷധം നിര്‍മിക്കാന്‍ ശേഷിയില്ലാത്ത രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടത്താനായി തദ്ദേശീയ വകഭേദങ്ങള്‍ ഉല്‍പാദിപ്പിക്കാനും പേറ്റന്റ് നിയമം അവകാശം നല്‍കുന്നു.

ഔഷധങ്ങളുടെ തദ്ദേശീയഭേദങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യം എന്ന നിലയില്‍ ഈ ഔഷധം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വൈകുന്നതിനു ന്യായമില്ല. കോവിഡിനെ നേരിടാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും കേന്ദ്രം ഉടന്‍ നിര്‍ബന്ധിത ലൈസന്‍സ് നല്‍കണമെന്ന് പിബി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News