കൊവിഡ് നിരുപദ്രവകാരിയാണെന്ന ട്രംപിന്റെ വാദം തള്ളി യുഎസ് സര്‍ക്കാര്‍

കോവിഡ്‌ ബാധിച്ച്‌ മരിച്ച അമേരിക്കക്കാരുടെ എണ്ണം 1,30,000 കടന്നിരിക്കെ ഈ മഹാമാരി നിരുപദ്രവകാരിയാണെന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വാദം സ്വന്തം സർക്കാർ തള്ളി. കോവിഡ്‌ ഗുരുതരമായ പ്രശ്‌നമാണെന്നാണ്‌ വൈറ്റ്‌ഹൗസിന്റെ കൈയിലുള്ള വിവരങ്ങൾ കാണിക്കുന്നതെന്ന്‌ യുഎസ്‌ ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷൻ(എഫ്‌ഡിഎ) കമീഷണർ ഡോ. സ്‌റ്റീഫൻ ഹാൺ വ്യക്തമാക്കി.

ശനിയാഴ്‌ച യുഎസ്‌ സ്വാതന്ത്ര്യ ദിനത്തിലാണ്‌ 99 ശതമാനം കോവിഡ്‌ കേസുകളും നിരുപദ്രവകരമാണെന്ന്‌ ട്രംപ്‌ പറഞ്ഞത്‌. ഗുരുതരമാണെന്നും രോഗവ്യാപനം തടയാൻ ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നതിലും മാസ്‌ക്‌ ധരിക്കുന്നതിലും മറ്റും സർക്കാർ നിർദേശങ്ങൾ അനുസരിക്കണമെന്നും ഡോ. ഹാൺ പറഞ്ഞു.
കോവിഡ്‌ സ്ഥിരീകരിക്കുന്നവരിൽ 20 ശതമാനം പേർക്ക്‌ അത്‌ ന്യുമോണിയ, ശ്വാസതടസ്സം തുടങ്ങിയവയായി മൂർച്ഛിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്‌.

ട്രംപിന്റെ നിലപാട്‌ അപകടകരവും തെറ്റുമാണെന്ന്‌ രോഗം രൂക്ഷമായ ടെക്‌സസിലെ ഓസ്‌റ്റിൻ മേയർ സ്‌റ്റീവ്‌ ആഡ്‌ലർ പറഞ്ഞു. വാഷിങ്‌ടണിൽനിന്നുള്ള തെറ്റായ സന്ദേശങ്ങൾ ശ്രദ്ധിക്കാതെ ജനങ്ങൾ പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ മുൻകരുതലുകൾ അനുസരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അതേസമയം, മാസ്‌ക്‌ ധരിക്കൽ ദേശീയതലത്തിൽ നിർബന്ധമാക്കണമെന്ന ആവശ്യം വൈറ്റ്‌ഹൗസ്‌ തള്ളി. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത സാഹചര്യമായാണ്‌ പ്രസിഡന്റ്‌ കാണുന്നതെന്ന്‌ ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ മാർക്‌ മീഡോസ്‌ പറഞ്ഞു. കോവിഡ്‌ സംബന്ധിച്ച്‌ ട്രംപ്‌ പറയുന്ന പുതിയ അസംബന്ധങ്ങൾ തുറന്നുകാട്ടി അസോസിയേറ്റഡ്‌ പ്രസ്‌ വസ്‌തുതാപരിശോധന പുറത്തുവിട്ടു. രോഗം സ്ഥിരീകരിച്ചവർ 30 ലക്ഷം കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News