യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗവും

യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗവും. തീവ്രവാദ കൂട്ടുകെട്ട് സമൂഹം അംഗീകരിക്കില്ലെന്ന് കാന്തപുരം മുഖപത്രമായ സിറാജ് ലേഖനം. ലീഗ് – ജമാഅത്തെ ഇസ്ലാമി ബാന്ധവത്തിനെതിരെ സമസ്തയും, കെ പി സി സി മുൻ ജനറൽ സെക്രട്ടറി സുരേഷ് ബാബുവും രംഗത്ത് വന്നിരുന്നു.

ജമാഅത്തെ ഇസ്ലാമിക്ക് മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവേശനം നൽകുന്നതിന് ലീഗ് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് കാന്തപുരം വിഭാഗത്തിൻ്റെ മുഖപത്രമായ സിറാജ് ലേഖനം പറയുന്നു.പൊതു സമൂഹത്തിൽ സംശയാസ്പദമായ രാഷ്ടീയ പശ്ചാത്തലമുള്ള ജമാ അത്ത് ഇസ്ലാമിക്ക് മുഖ്യധാരാ മുന്നണി രാഷ്ടീയത്തിൽ ഇടം കൊടുക്കുന്നത്ത് കൊണ്ട് ലീഗ് എന്ത് സന്ദേശം നൽകുന്നു എന്ന സുപ്രധാന ചോദ്യവും ലേഖനം ഉന്നയിക്കുന്നുണ്ട്.

അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുസ്ലീം സമുദായത്തിലുയരുന്ന എതിർപ്പും സംശയങ്ങളുമാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്. കോട്ടക്കൽ കഷായത്തിൽ പരിശുദ്ധ നെയ്യ് ചേർക്കുമ്പോൾ എന്ന ലേഖനത്തിൽ ലീഗ് നേതാക്കൾ ജമാഅത്തിനെതിരായി ഉയർത്തിയ ആരോപണങ്ങളും അക്കമിട്ട് നിരത്തുന്നു.

സദുദ്ദേശപരമെന്ന വ്യാജേന ലീഗിനെതിരെ കഴിഞ്ഞ 3 പതിറ്റാണ്ട് കാലം ജമാഅത്തെ ഇസ്ലാമി മുഖപത്രം ചെലവഴിച്ച മഷി, വെള്ളിമാട്കുന്ന് ഭാഗത്തെ പൂനൂർ പുഴയിലൊഴിച്ചാൽ വെള്ളപ്പൊക്കം തന്നെ ഉണ്ടാകുമെന്ന പരിഹാസവും ലേഖനത്തിലുണ്ട്.

ജമാ അത്ത് ഇസ്ലാമി യു ഡി എഫ് സഖ്യത്തിൽ സംഘപരിവാർ എതിർപ്പ് ഉയർത്താത്തത് അവരുടെ നിഗൂഢ ആനന്ദത്തിൻ്റെ അടയാളമാണെന്ന് നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നുണ്ട് ലേഖനം. ഏതാനും തദ്ദേശ വാർഡുകൾ മാത്രം മുന്നിൽ കണ്ട് ഉണ്ടാക്കിയ സഖ്യം ഗുരുതര പ്രത്യാഘാതുണ്ടാക്കും. തദ്ദേശ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് ലീഗ് മുൻകൈ എടുത്താണ് ജമാഅത്ത് ഇസ്ലാമിയുമായി പരസ്യ കൂട്ടുകെട്ടിന് വഴിയൊരുക്കിയത്.

ലീഗിനുള്ളിലും ലീഗ് അനുകൂല സമസ്തയിലും കടുത്ത എതിർപ്പ് ഉയരുന്നതിനിടെ കാന്തപുരം വിഭാഗവും രംഗത്ത് വന്നത് യു ഡി എഫിന് പ്രതിസന്ധിയാകും. മുജാഹിദ്, കെ എൻ എം, ഐ എസ് എം തുടങ്ങിയ സംഘടനകളും ജമാഅത്തെ സഖ്യത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here