കോവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇവിടെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്‍റ് ഇന്‍ ചാര്‍ജ്ജ് എല്‍.സോളമന്‍റെ നേതൃത്വത്തില്‍ 25 കമാണ്ടോകളെ നിയോഗിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്‍റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.
പൂന്തുറ മേഖലയില്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്‍റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും.
തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് ഉറപ്പാക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇക്കാര്യം തമിഴ്നാട് ഡി.ജി.പി ജെ.കെ ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചു.

Get real time update about this post categories directly on your device, subscribe now.