ദില്ലി: സ്വര്‍ണ കടത്ത് കേസില്‍ സിബിഐക്ക് വേണ്ടി മുറവിളി കൂട്ടുന്നതിനിടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ഗാന്ധി കുടുംബം നയിക്കുന്ന മൂന്ന് ട്രസ്റ്റുകളിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണം ഏകോപിക്കാന്‍ ആഭ്യന്തര വകുപ്പ് അന്തര്‍ മന്ത്രാലയ സമിതി രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിബിഐയ്ക്ക് വേണ്ടി വാദിക്കുമ്പോള്‍ പാര്‍ട്ടി ട്രസ്റ്റുകള്‍ക്ക് എതിരായ കേന്ദ്ര അന്വേഷണത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഷ്ടപ്പെടുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സിബിഐ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സത്യം പുറത്തുകൊണ്ടുവരില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി നേതൃത്വത്തിന്റെയും നിലപാട്. സംസ്ഥാന സര്‍ക്കാര്‍ ഏത് അന്വേഷണവും സ്വാഗതം ചെയ്തു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ അതേ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്ക് മുറുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നു.
ഗാന്ധി കുടുംബം നയിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അടക്കം കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, എഫ്‌സിആര്‍എ ലംഘനം,ആദായ നികുതി വെട്ടിപ്പ് തുടങ്ങിയവയുടെ അന്വേഷണമാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ്, രാജീവ് ഗാന്ധി ട്രസ്റ്റ് എന്നിവയ്ക്ക് എതിരെ നടക്കുന്നത്. ഇ ഡി സ്പെഷ്യല്‍ ഡയറക്ടര്‍ നയിക്കുന്ന സമിതിയില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇഷ്ട ഏജന്‍സിയായ സിബിഐയും ഉണ്ട്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് സംഭാവന സ്വീകരിച്ചെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രം കുരുക്ക് മുറുക്കിയത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇങ്ങനെ പ്രമുഖര്‍ എല്ലാം ട്രസ്റ്റികള്‍ ആണ്. ഒരു ക്രമക്കേട് തെളിഞ്ഞാല്‍ ഉരുളാന്‍ പോകുന്നത് വന്‍ തോക്കുകളുടെ തല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന രാഷ്ട്രീയ പ്രതികാരം ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തുന്നു.
ബിജെപി നിയന്ത്രണത്തിലും സ്വാധീനത്തിലും ഉള്ള അന്വേഷണമെന്ന വിമര്‍ശനം കോണ്‍ഗ്രസ് ഉന്നയിക്കുന്നത് ഈ ഭയത്തിന്റെ ഭാഗം. ദേശീയ അന്വേഷണ ഏജന്‍സികള്‍ തല തൊട്ടപ്പന്മാര്‍ക്ക് മുറുക്കുന്ന കുരുക്ക് അഴിക്കാനാവാതെ കോണ്‍ഗ്രസ് വിയര്‍ക്കുമ്പോളാണ് കേരളത്തിലെ ചെന്നിത്തലയും കൂട്ടരും സിബിഐക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിരോധാഭാസമെന്ന് അല്ലാതെ എന്ത് പറയാന്‍.
ഒരേ സമയം അങ്ങു തെക്ക് കേരളത്തില്‍ സിബിഐക്ക് വേണ്ടി കയ്യടിക്കുകയും ഇങ്ങു വടക്ക് ദേശീയ അന്വേഷണ ഏജന്‍സികളോട് കണ്ണുരുട്ടുകയും ചെയ്യാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അല്ലാതെ ലോകത്ത് മറ്റാര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല.

Get real time update about this post categories directly on your device, subscribe now.