സ്വര്‍ണ്ണക്കടത്ത് കേസ്: സന്ദീപ് നായര്‍ മുഖ്യ കണ്ണിയെന്ന് കസ്റ്റംസ് വിലയിരുത്തല്‍; സന്ദീപ് നിരവധി തവണ വിദേശയാത്രകള്‍ നടത്തിയിരുന്നതായി ഭാര്യയുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി പ്രവര്‍ത്തകനായ സന്ദീപ് നായര്‍ മുഖ്യ കണ്ണിയെന്ന് അന്വേഷണ സംഘം. ഇയാള്‍ ഇടയ്ക്കിടെ ദുബായ് യാത്ര നടത്തിയിരുന്നതായും സ്വര്‍ണ്ണക്കടത്തിനാണോയെന്ന് അറിയില്ലെന്നും ഭാര്യയുടെ മൊഴി. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സരിത്തിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സരിത്തിന്റെയും സ്വപ്നയുടെയും ബിനാമിയും ബിസിനസ് പങ്കാളിയുമായ ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് നായര്‍, കേസില്‍ മുഖ്യ കണ്ണിയാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇയാള്‍ നിരവധി തവണ വിദേശയാത്രകള്‍ നടത്തിയിരുന്നതായി കസ്റ്റംസിന് രേഖകള്‍ ലഭിച്ചു.

സന്ദീപ് ഇടയ്ക്കിടെ ദുബായിലേക്ക് പോയിരുന്നതായി ഭാര്യയും കസ്റ്റംസിന് മൊഴി നല്‍കി. എന്നാല്‍ സ്വര്‍ണ്ണക്കടത്തിനാണോ യാത്രയെന്ന് തനിക്കറിയില്ലെന്നും ഭാര്യ മൊഴി നല്‍കി. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത സന്ദീപിന്റെ ഭാര്യയെ കൊച്ചിയിലെത്തിച്ച് മണിക്കൂറുകളോളമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. സന്ദീപ് 2014ല്‍ തിരുവനന്തപുരത്ത് വച്ച് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായിട്ടുണ്ട്. അന്നും സന്ദീപിന്റെ വീട് റെയ്ഡ് ചെയ്ത് രേഖകള്‍ പിടികൂടിയിരുന്നു.

സന്ദീപിന് സ്വപ്നയുമായും സരിത്തുമായും അടുത്തബന്ധമുണ്ടെന്നും ഭാര്യ മൊഴി നല്‍കിയതായാണ് സൂചന. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന പ്രതി സരിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നല്‍കി. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ടെസ്റ്റ് നെഗറ്റീവായാല്‍ പ്രതിയെ വ്യാഴാഴ്ച ഹാജരാക്കണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഉത്തരവിട്ടു.

അതിനിടെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ കാര്യാലയത്തില്‍ സിബിഐ സംഘമെത്തി കേസിനെക്കുറിച്ചുളള പ്രാഥമിക വിവരശേഖരം നടത്തി. സിബിഐയിലെ രണ്ട് ഉദ്യോഗസ്ഥരാണ് കസ്റ്റംസ് ഓഫീസിലെത്തിയത് എത്തിയത്. രാജ്യാന്തരസ്വഭാവമുളള കേസായതിനാല്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് അഭ്യൂഹം നിലനില്‍ക്കെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഓഫീസിലെത്തി ചര്‍ച്ച നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News