പൂന്തുറയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പൂന്തുറ മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്ട്രീയ-സാമുദായിക നേതാക്കളുമായി ഓണ്‍ലൈനിലൂടെ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍.

ജൂലൈ 10ന് പൂന്തുറ മേഖലയിലെ പൊതു ഇടങ്ങളിലും വീടുകളിലും അണുനശീകരണം നടത്തും. പൊതു ഇടങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തിലാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വീടുകളില്‍ കുടുംബാംഗങ്ങള്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മേഖലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നിരീക്ഷണം വര്‍ദ്ധിപ്പിക്കും.

ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ സൗജന്യമായി മാസ്‌ക്കുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വി.എസ് ശിവകുമാര്‍ എം.എല്‍.എ, കൗണ്‍സിലര്‍മാരായ പ്രിയ ബിജു, ബീമാപള്ളി റഷീദ്, രാഷ്ട്രീയ സാമുദായിക മേഖലിയലുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here