കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ വി മുരളീധരന്റെ ഭീഷണി കാണുമ്പോള്‍ സഹതാപം തോന്നുന്നു; ഏജന്‍സികള്‍ അന്വേഷിച്ച പഴയ കേസുകളുടെ സ്ഥിതി എന്തായി?: തോമസ് ഐസക്

കേന്ദ്രസഹമന്ത്രിയെ പഴയ ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മപ്പെടുത്താം. 2019 മെയ് മാസത്തില്‍ 25 കിലോ സ്വര്‍ണം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പിടിയിലായത് മറന്നിട്ടില്ലല്ലോ. ആ കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെയാണ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റു ചെയ്തത്.

മന്ത്രി തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

അസംഖ്യം അന്വേഷണ ഏജന്‍സികളുടെ നിയന്ത്രണാധികാരമുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പത്രസമ്മേളനം നടത്തി സ്വര്‍ണക്കടത്തു കേസില്‍ ഭീഷണി മുഴക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ സഹതാപമാണ് തോന്നുന്നത്. കള്ളക്കടത്തു നടത്തിയവരെയും ഒത്താശ ചെയ്തവരെയും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ എല്ലാ അത്യന്താധുനിക സൌകര്യങ്ങളുമുള്ള എത്രയോ അന്വേഷണ ഏജന്‍സികള്‍ വിരല്‍ത്തുമ്പിലിരിക്കുമ്പോള്‍ വെല്ലുവിളിയുടെയും ഭീഷണിയുടെയും കാര്യമില്ല. ഒരന്വേഷണത്തെയും കേരള സര്‍ക്കാരോ എല്‍ഡിഎഫോ സിപിഎമ്മോ ഭയക്കുന്നില്ല. ഏതറ്റം വരെയും അന്വേഷിക്കാന്‍ നിലവില്‍ ഒരു തടസവും കേന്ദ്രസര്‍ക്കാരിനു മുന്നിലില്ല. ഞങ്ങള്‍ക്ക് ഏതായാലും ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ല.

കേന്ദ്രസഹമന്ത്രിയെ പഴയ ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മപ്പെടുത്താം. 2019 മെയ് മാസത്തില്‍ 25 കിലോ സ്വര്‍ണം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പിടിയിലായത് മറന്നിട്ടില്ലല്ലോ. ആ കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെയാണ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ഇയാള്‍ തന്നെ. ചോദ്യം ചെയ്യലില്‍ പുറത്തുവന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 680 കിലോ സ്വര്‍ണത്തിന്റെ കള്ളക്കടത്ത്. എയര്‍പോര്‍ട്ടിലെ എക്‌സ്‌റേ പോയിന്റില്‍ സൂപ്രണ്ട് നേരിട്ടു ചെന്നാണത്രേ കള്ളക്കടത്തു സ്വര്‍ണം വിട്ടുകൊടുത്തത്. സ്വര്‍ണം പരിശോധനയില്ലാതെ എയര്‍പോര്‍ട്ടില്‍ നിന്ന് കടത്താന്‍ സഹായിച്ചിരുന്ന താല്‍ക്കാലിക ജീവനക്കാരും പിടിയിലായിട്ടുണ്ട്.

എവിടേയ്ക്കാണ് ഈ 680 കിലോ സ്വര്‍ണം പോയത്? കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ള കള്ളക്കടത്ത് ശൃംഖലയുടെ കണ്ണി എവിടേയ്‌ക്കൊക്കെയാണ് നീണ്ടു ചെന്നത്? ഇത്രയും സ്വര്‍ണം വിദേശത്തു നിന്ന് വാങ്ങിയത് ആരാണ്? തിരുവനന്തപുരത്ത് അതെത്തിക്കാന്‍ സഹായിച്ചത് ആരൊക്കെ? ഇവിടെ ആരാണ് കൈപ്പറ്റിയത്? വര്‍ഷം കുറേ ആയല്ലോ അന്വേഷണം? ആരെയൊക്കെ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തിട്ടുണ്ട്?

ഇപ്പോള്‍ കൊണ്ടുവന്ന 30 കിലോ സ്വര്‍ണം, ഡിപ്ലോമാറ്റിക് ബാഗേജ് പദവിയോടെ എങ്ങനെ തിരുവനന്തപുരത്ത് എത്തി? പുറപ്പെട്ട സ്ഥലത്തെ പരിശോധനകളുടെ കണ്ണുവെട്ടിച്ചതെങ്ങനെ? ഇവിടെ ആര്‍ക്കാണ് ഈ സ്വര്‍ണം കൊണ്ടുവന്നത്?

ഇക്കാര്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും ചുമതലയും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ്. ആ അന്വേഷണത്തിന് എന്തു സഹായവും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍പോള്‍ അന്വേഷിച്ചാലും സ്വാഗതം ചെയ്യുമെന്ന് സിപിഐഎം നേതൃത്വവും വ്യക്തമാക്കിക്കഴിഞ്ഞു.

അതുകൊണ്ട്, എല്ലാ കാര്യങ്ങളും അന്വേഷിക്കുക. ഏതു വിധത്തിലുള്ള അന്വേഷണത്തിനും എന്തു സഹായവും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണെന്ന് ഉത്തരവാദിത്തത്തോടെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

അന്വേഷിക്കുക. എല്ലാ കുറ്റക്കാരെയും നിയമത്തിനു മുന്നിലെത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News