കാണ്‍പൂര്‍ പോലീസുകാരുടെ കൂട്ടക്കൊല; റെയ്ഡ് വിവരം ചോര്‍ത്തി നല്‍കിയ ഇന്‍സ്‌പെക്‌ടറും എസ്‌ഐയും അറസ്‌റ്റില്‍

ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്ഡിനെത്തുന്നു എന്ന വിവരം ഗുണ്ടാത്തലവന്‍ വികാസ് ദുബെയ്ക്കു ചോര്‍ത്തിക്കൊടുക്കുകയും ഇവരെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിന്റെ പേരില്‍ലാണ് അറസ്റ്റ്. ഉത്തര്‍ പ്രദേശ് ചൗബെയ്പുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനയ് തിവാരി, ബീറ്റ് ഓഫീസറായ എസ്.ഐ കെ കെ. ശര്‍മ എന്നിവരെയാണ് കാണ്‍പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും റെയ്ഡ് വിവരം ചോര്‍ത്തിക്കൊടുത്തു എന്നതിന് തെളിവു ലഭിച്ചതായി കാണ്‍പുര്‍ എസ്.എസ്.പി. ദിനേഷ് പ്രഭു പറഞ്ഞു. പൊലീസില്‍നിന്ന് തന്നെയാണു ദുബെയ്ക്ക് റെയ്ഡ് വിവരം ചോര്‍ന്നുകിട്ടിയതെന്ന് നേരത്തേ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കുപ്രസിദ്ധ കുറ്റവാളിയെ വികാസ് ദുബെയെ പിടികൂടാന്‍ പൊലീസ് റെയ്ഡിനെത്തുമെന്ന വിവരം ചോര്‍ന്നുകിട്ടിയതോടെ ദുബെയുടെ സംഘം പതിയിരുന്ന് പോലീസ് സംഘത്തിനു നേരേ ആക്രമണം നടത്തുകയായിരുന്നു. ഡിവൈ.എസ്.പി. ദേവേന്ദ്ര മിശ്രയടക്കം എട്ടു പോലീസുകാരാണു വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ ദുബെയെ ഇതുവരെയും പിടികൂടാനായിട്ടില്ല.

ഏറ്റുമുട്ടലിനു പിന്നാലെ ചൗബെയ്പുര്‍ സ്റ്റേഷനിലെ 68 പോലീസുകാരെയും റിസര്‍വ് പോലീസ് വിഭാഗത്തിലേക്കു മാറ്റിയിരുന്നു. സമീപ സ്റ്റേഷനുകളിലായി ഇരുനൂറോളം പോലീസുകാരും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here