കൊവിഡ്‌ വ്യാപനം രൂക്ഷം; കൂടുതൽ മുന്നൊരുക്കങ്ങളുമായി സർക്കാർ

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാർ. ചികിത്സാ സൗകര്യങ്ങൾ താരതമ്യേന കുറവായുള്ള പ്രദേശങ്ങളുടെ കണക്കെടുത്ത്‌ പ്രത്യേക തയ്യാറെടുപ്പ് നടത്താനാണ്‌ സർക്കാരിന്റെ ശ്രമം. ‌പൊന്നാനി താലൂക്കിലെ സർക്കാർ ആശുപത്രികളിൽ വെന്റിലേറ്റർ ലഭ്യമല്ലെന്ന്‌ ചീഫ്‌ സെക്രട്ടറി വിശ്വാസ്‌ മേത്ത ‌റിപ്പോർട്ട്‌ നൽകിയിരുന്നു.

സ്വകാര്യ ആശുപത്രികളിലും പത്തിൽ താഴെ വെന്റിലേറ്ററാണ്‌ ഉള്ളത്‌. ഇതുവരെ അഞ്ചുശതമാനം രോഗിക്കാണ്‌ വെന്റിലേറ്റർ വേണ്ടിവന്നത്‌. എന്നാൽ, കോവിഡ്‌ വ്യാപനത്തിന്‌ വേഗം കൂടുന്ന സാഹചര്യത്തിൽ വയോധികർ, കുട്ടികൾ, ഗുരുതര രോഗമുള്ളർ എന്നിവരിലേക്ക്‌ രോഗം പടർന്നാൽ പ്രശ്‌നം രൂക്ഷമാകും. ഇത്‌ തടയാനാണ്‌ തയ്യാറെടുപ്പ്‌ നടത്തുന്നത്‌. നഗരങ്ങൾ കേന്ദ്രീകരിച്ചാണ്‌‌ കോവിഡ്‌ വ്യാപനം കൂടുതൽ ശക്തിപ്രാപിക്കുന്നത്‌‌.

കൂടുതൽ കോവിഡ്‌ ബാധിതരുള്ളത്‌ മലപ്പുറം ജില്ലയിലാണ്‌. എന്നാൽ, ചികിത്സാ‌ സൗകര്യം കുറവാണെന്ന്‌ സർക്കാർ വിലയിരുത്തിയ നാല്‌ ജില്ലയിൽ മലപ്പുറവും ഉണ്ട്‌. പാലക്കാട്‌, കാസർകോട്‌, ഇടുക്കി എന്നിവയാണ്‌ മറ്റ്‌ ജില്ലകൾ. കൊല്ലത്തും കൂടുതൽ വെന്റിലേറ്റർ ലഭ്യമാക്കണമെന്ന്‌ കലക്ടർ ആവശ്യപ്പെട്ടു. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ കൂടുതൽ വെന്റിലേറ്ററുകൾക്ക്‌ ഓർഡർ നൽകിയിട്ടുണ്ട്‌. ജൂണിൽ 80 വെന്റിലേറ്റർ വാങ്ങിയിരുന്നു. കൂടാതെ, താലൂക്ക്‌ അടിസ്ഥാനത്തിൽ ഓക്സിജൻ സിലിണ്ടർ നിറയ്‌ക്കാനുള്ള സൗകര്യവും ഒരുക്കും.

തലസ്ഥാനത്ത്‌ 93.75 ശതമാനവും സമ്പർക്കത്തിലൂടെ
സംസ്ഥാനത്ത്‌ ആദ്യമായി കോവിഡ്‌ രോഗികളുടെ എണ്ണം 300 കടന്നു. 301 പേർക്കാണ്‌ ബുധനാഴ്‌ച രോഗം‌. തിരുവനന്തപുരത്ത്‌ പുതുതായി രോഗം സ്ഥിരീകരിച്ച 64ൽ 60പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ 93.75 ശതമാനവും സംസ്ഥാനത്തെ ആകെ സമ്പർക്ക രോഗികളുടെ 66.66 ശതമാനവുമാണിത്‌. സംസ്ഥാനത്ത്‌ 29.90 ശതമാനത്തിനും സമ്പർക്കത്തിലൂടെയാണ്‌ രോഗം.

എറണാകുളം–ഒമ്പത്‌, മലപ്പുറം- ഏഴ്‌, കോഴിക്കോട്– അഞ്ച്‌, ആലപ്പുഴ– മൂന്ന്‌, പത്തനംതിട്ട, കോട്ടയം–രണ്ട്‌ വീതം, കൊല്ലം, ഇടുക്കി–ഒന്നുവീതം എന്നിങ്ങനെയാണ്‌ സമ്പർക്ക വ്യാപനം. മൂന്ന്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കോട്ടയം– രണ്ട്‌, ഇടുക്കി– ഒന്ന്‌. തൃശൂർ ഒമ്പത്‌ ബിഎസ്എഫ് ജവാന്മാർ, കണ്ണൂർ ഒന്നുവീതം സിഐഎസ്എഫ്, ഡിഎസ്‌സി ജവാന്മാർ, ആലപ്പുഴ മൂന്ന്‌ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസുകാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 99 പേർ വിദേശത്തുനിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News