കള്ളപ്പണം വെളുപ്പിച്ചെന്നും ആദായനികുതി തട്ടിച്ചെന്നും പരാതി; കോൺഗ്രസ്‌ ട്രസ്റ്റുക‍ള്‍ക്കെതിരെ അന്വേഷണം

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൂന്ന്‌ ട്രസ്‌റ്റിന്റെ പേരിലുള്ള സാമ്പത്തിക ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര മന്ത്രാലയ സമിതി. രാജീവ്‌ ഗാന്ധി ഫൗണ്ടേഷൻ, രാജീവ്‌ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്‌, ഇന്ദിര ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്‌ എന്നിവയാണ്‌ അന്വേഷണം നേരിടുന്നത്‌. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, ആദായനികുതി നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം എന്നിവ ലംഘിച്ചെന്നാണ് പരാതി.

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ പ്രത്യേക ഡയറക്ടർ നയിക്കുന്ന സമിതിക്കാണ്‌ അന്വേഷണമേൽനോട്ടം. സിബിഐയും അന്വേഷണത്തിൽ ഭാഗമാകും. 2005–06ൽ രാജീവ്‌ ഗാന്ധി ഫൗണ്ടേഷൻ ചൈനീസ്‌ എംബസിയിൽനിന്ന്‌ രണ്ട്‌ കോടി രൂപ വാങ്ങിയെന്ന്‌ ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ ആരോപിച്ചു. ഇക്കാര്യം അംഗീകരിച്ച കോൺഗ്രസ്‌ നേതാക്കൾ ബിജെപിയും ചൈനയിൽനിന്ന്‌ സഹായം സ്വീകരിച്ചിട്ടുണ്ടെന്ന്‌ തിരിച്ചടിച്ചു.

യുപിഎ ഭരണകാലത്ത്‌ ദേശീയ ദുരിതാശ്വാസനിധിയിൽനിന്നുള്ള ഫണ്ടും കോൺഗ്രസ്‌ ട്രസ്റ്റുകൾക്ക്‌ വകമാറ്റി. ഫൗണ്ടേഷന്‍ അധ്യക്ഷയായ സോണിയ ഇക്കാലയയളവില്‍ ദേശീയദുരിതാശ്വാസനിധി ബോര്‍ഡ് അം​ഗമായിരുന്നു.

എസ്‌ബിഐ, ഗെയിൽ, എല്‍ഐസി അടക്കം 11 പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് വാങ്ങി. യൂറോപ്യൻ കമീഷൻ, അയർലൻഡ്‌, യുഎൻഡിപി എന്നിവിടങ്ങളിൽനിന്ന്‌ ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കണ്ടംപററി സ്റ്റഡീസ്‌ ചൈന സംഭാവന വാങ്ങിയെന്ന് 2005–-06, 2007–-08 വാർഷിക റിപ്പോർട്ടിലുണ്ട്.

അധ്യക്ഷയായ സോണിയാഗാന്ധിയെ കൂടാതെ മൻമോഹൻസിങ്‌, രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി, പി ചിദംബരം, മൊണ്ടേക്‌സിങ്‌ അലുവാലിയ, സുമൻ ദുബെ എന്നിവർ ട്രസ്‌റ്റിന്റെ ഭരണസമിതി അംഗങ്ങളാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here