ശവസംസ്കാരം കഴിഞ്ഞ് മൂന്നാം ദിവസം കൊവിഡ് രോഗി വീണ്ടും ഐസിയുവിൽ; ഞെട്ടലോടെ കുടുംബാംഗങ്ങൾ

മുംബൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരണപെട്ടുവെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതർ മകൻ സന്ദീപിനെ ഫോൺ വിളിച്ചു വിവരമറിയിക്കുന്നത്.

തുടർന്ന് ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. കോവിഡ് ബാധിച്ചുള്ള മരണമായതിനാൽ പ്രത്യേക കവറിലാക്കിയായിരുന്നു മൃതദേഹം സംസ്കരിക്കാൻ നൽകിയതെന്നും അതിനാൽ മുഖം കാണിക്കുവാൻ പോലും ആവശ്യപ്പെടാൻ കഴിഞ്ഞില്ലെന്നും സന്ദീപ് പറയുന്നു.

സംസ്കാര ചടങ്ങുകൾ കഴിഞ്ഞു മൂന്നാം പക്കമാണ് അദ്ദേഹം മരിച്ചിട്ടില്ലെന്നും ഐ.സി.യു.വിൽ കഴിയുന്നുവെന്നും വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. കോവിഡ് ബാധിച്ചു മരിച്ച മറ്റൊരാളുടെ മൃതദേഹമാണ് ആശുപത്രി അധികൃതർ മാറി നൽകിയതെന്ന വിശദീകരണമാണ് അധികൃതർ സന്ദീപിന് നൽകിയത്.

കൂടാതെ ആശുപത്രിയിൽ നിന്നും നൽകിയ മരണസർട്ടിഫിക്കറ്റ് തിരികെ നൽകുവാനും ആവശ്യപ്പെട്ടു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കുടുംബാംഗങ്ങളെ വീണ്ടും ദുഃഖത്തിലാഴ്ത്തി ഐസിയുവിൽ കഴിഞ്ഞിരുന്ന 61കാരൻ മരണപ്പെടുകയായിരുന്നു.

താനെയിലെ ജനാർദൻ സോണാവ്‌നെയുടെ കുടുംബത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്. കോവിഡ് ബാധിച്ച് താനെ മുനിസിപ്പാലിറ്റിയുടെ കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജനാർദൻ സോണാവ്‌നെ.

മൂന്നുദിവസം മുമ്പാണ് ജനാർദൻ സോണാവ്‌നെ മരിച്ചെന്ന് ആശുപത്രി അധികൃതർ മകൻ സന്ദീപിനെ അറിയിച്ചത്. യഥാർഥത്തിൽ ബാലചന്ദ്ര ഗെയ്ക്ക്‌വാദ് എന്ന 71- കാരന്റെ മൃതദേഹമാണ് ആശുപത്രി അധികൃതർ മാറി നൽകിയതെന്ന് പിന്നീടാണ് സന്ദീപിന് അറിയാൻ കഴിഞ്ഞത്.

ആശുപത്രി അധികൃതരുടെ പിഴവ് മൂലം രണ്ട് കുടുംബങ്ങളെയാണ് അനാവശ്യമായ മാനസിക സംഘർഷത്തിലാക്കിയത്. ദിവസേന നിരവധി മരണങ്ങളാണ് സംഭവിക്കുന്നതെന്നും ജീവനക്കാരുടെ കുറവ് മൂലം സംഭവിച്ചു പോയ പിഴവാണെന്നുമാണ് ആശുപത്രി അധികൃതർ കുടുംബാംഗങ്ങൾക്ക് നൽകിയ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News