സ്വർണക്കടത്ത്‌ കേസ്; ഒളിവില്‍ പോകുമെന്നായപ്പോള്‍ വീട്ടുകാര്‍ വ‍ഴി വലവിരിച്ചു; സരിത്തിനെ കുടുക്കിയത് കസ്റ്റംസിന്‍റെ നിര്‍ണായക ഇടപെടല്‍

നയതന്ത്ര ബാഗേജ്‌ ഉപയോഗിച്ചുള്ള സ്വർണക്കടത്ത്‌ കേസിൽ യുഇഎ കോൺസുലേറ്റ്‌ മുൻ പിആർഒ സരിത്തിനെ പിടികൂടിയത്‌ അച്ഛൻ വഴി. വിമാനത്താവളത്തിൽ ബാഗേജ്‌ തടഞ്ഞതോടെ അപകടം തിരിച്ചറിഞ്ഞ സരിത്തും സ്വപ്‌നയും സുരക്ഷിത താവളത്തിലേക്ക്‌ മാറി.

വിമാനത്താവളത്തിൽ വച്ച്‌ ബാഗിൽ ഒളിപ്പിച്ച സ്വർണം പുറത്തെടുക്കുന്ന അതേസമയം അന്വേഷണ സംഘത്തിലെ ഒരു വിഭാഗം സരിത്തിന്റെ വീട്ടിൽ എത്തി. ഈ സമയം വീട്ടിൽ സരിത്തിന്റെ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്‌.

അച്ഛന്‌ അടുത്തയാഴ്‌ച ഹൃദയ ശസ്‌ത്രക്രിയ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി. ആശുപത്രിയിൽ പോകണമെന്നും ഉടൻ വീട്ടിൽ എത്തണമെന്നും പറഞ്ഞ്‌ സരിത്തിനെ വിളിക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. വീടിന്‌ പുറത്തുണ്ടായിരുന്ന കസ്‌റ്റംസിന്റെ വാഹനങ്ങൾ മാറ്റിയിട്ടു.

തലസ്ഥാനത്ത്‌ സ്വപ്‌നയ്‌ക്ക്‌ ഒപ്പം ഉണ്ടായിരുന്ന സരിത്ത്‌ ഇവരോട് ഉടൻ മടങ്ങി എത്താമെന്ന്‌ പറഞ്ഞ്‌ വീട്ടിൽ എത്തി. പിടികൂടിയശേഷമുള്ള പ്രാഥമിക ചോദ്യം ചെയ്യലിലാണ്‌ സ്വപ്‌നയുടെയും ബിജെപി പ്രവർത്തകനായ സന്ദീപിന്റെയും പങ്കിനെ കുറിച്ച്‌ സരിത്ത്‌ വെളിപ്പെടുത്തിയത്‌.

സാധാരണഗതിയിൽ സ്വർണം മുഴുവൻ പിടിച്ചെടുത്തശേഷമാണ്‌ പ്രതികളെ തേടിയുള്ള തെരച്ചിൽ ആരംഭിക്കുക. എന്നാൽ, സരിത്തിനെ കസ്‌റ്റംസിന്‌ നേരത്തെ സംശയമുണ്ടായിരുന്നു. ജൂൺ 30ന്‌ വിമാനത്താവളത്തിൽ ബാഗേജ്‌ കൈമാറാൻ കസ്റ്റംസ്‌ വിസമ്മതിച്ചപ്പോൾ ഇയാൾ ബഹളം കൂട്ടിയതും സംശയത്തിന്‌ ആക്കം കൂട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News