അന്വേഷണം ബിഎംഎസ് നേതാവിലേക്കും; ഹരിരാജിന് മുതിര്‍ന്ന ബിജെപി നേതാക്കളുമായും ബന്ധം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവിന്റെ വീട്ടില്‍ പരിശോധന. സംഘ്‌പരിവാർ സംഘടനായായ ബിഎംഎസിന്റെ നേതാവായ ഹരിരാജിന്റെ ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയത്.

സ്വർണക്കടത്ത്‌ കേസിൽ കസ്‌റ്റംസ്‌ പരിശോധന നടത്തിയ ഹരിരാജിന്‌ മുതിർന്ന ബിജെപി, ആർഎസ്‌എസ്‌, ബിഎംഎസ്‌ നേതാക്കളുമായി അടുത്തബന്ധമാണുള്ളത്‌. കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവുകൂടിയായ ഹരിരാജിന്‌ വൻകിട ബിസിനസ്സുകാരുമായും ഇടപാടുകളുണ്ട്‌.

ഇയാളുടെ ആർഎസ്‌എസ്‌, ബിജെപി ബന്ധം പ്രകടമാക്കുന്ന തെളിവുകൾ പുറത്തുവരുന്നുണ്ട്‌. സമൂഹമാധ്യമങ്ങളിലടക്കം ബിജെപിയെയും ആർഎസ്‌എസിനെയും പിന്തുണക്കുന്ന പോസ്‌റ്റുകൾ കാണാം. കേന്ദ്രമന്ത്രി വി മുരളീധരനോടാണ്‌ ബിജെപിയിൽ ഏറ്റവും അടുപ്പമുള്ളത്‌.

വി മുരളീധരൻ കേന്ദ്രമന്ത്രി ആയി സത്യപത്രിജ്ഞ ചെയ്‌തതുമുതൽ തുടർച്ചയായി പിന്തുണച്ചുകൊണ്ടുള്ള പോസ്‌റ്റുകളും ഇയാളുടെ ടൈംലൈനിലുണ്ട്‌. സ്വർണം പിടികൂടിയ സംഭവത്തിൽ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെയും, അസിസ്‌റ്റന്റ്‌ കമീഷണർ ശ്രീരാമ മൂർത്തിയെയും അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പുകളും ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്‌.

ബിജെപി നേതാവ്‌ സന്ദീപ്‌ വാര്യർ ഫാൻസ്‌ ക്ലബ്ബ്‌, കാവിപ്പട, നമോ ടിവി, ഛത്രപതി ശിവജി, ജയ്‌ ഭാരത്‌ മാതാ, ജനം ടിവി തുടങ്ങിയവയുടെ സംഘ്‌പരിവാർ അനുകൂല വാർത്തകളാണ്‌ ഇയാൾ നിരന്തം ഷെയർ ചെയ്‌തിരുന്നത്‌. ബിഎംഎസിന്റെ സംസ്ഥാന ഭാരവാഹിളടക്കം സുഹൃദ്‌വലയത്തിലുണ്ട്‌.

ഡിപ്ലൊമാറ്റിക് പാഴ്‌സലിലെത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയപ്പോള്‍ ആദ്യം വിളിച്ചത് ഒരു ട്രേഡ് യൂണിയന്‍ നേതാവാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേ നേതാവാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണികളെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും രക്ഷപ്പെടാന്‍ സഹായിച്ചതെന്നും കസ്റ്റംസിന് വിവരമുണ്ട്. ബാഗേജ് പിടികൂടിയപ്പോള്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ പണി തെറിക്കുമെന്ന് ഇദ്ദേഹം കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു.

ഉദ്യോഗസ്ഥര്‍ വഴങ്ങാതിരുന്നതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഇയാള്‍ രംഗത്തിറക്കാനും ഇടപെട്ടു. അതേസമയം പാഴ്‌സല്‍ പൊട്ടിച്ച് പരിശോധിക്കുമെന്ന ഘട്ടം വന്നപ്പോള്‍ യുഎഇയിലേക്ക് തിരികെ അയപ്പിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയെന്നും വിവരമുണ്ട്. ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങള്‍ ബോധ്യപ്പെട്ടപ്പോഴാണ് ബാഗേജിന് പിന്നില്‍ അനധികൃത ഇടപെടലുണ്ടെന്ന് കസ്റ്റംസ് ഉറപ്പിച്ചതും തുടര്‍ നടപടികളിലേക്ക് കടന്നതും.

“കസ്റ്റംസ് കമ്മീഷണർ ശ്രീ രാമമൂർത്തി സാറിന് ബിഗ് സല്യൂട്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വർണ്ണകടത്തു ഈ കേരളത്തിൽ ഇത്രയും ധൈര്യം കാട്ടി കേന്ദ്രഅനുമതി അഞ്ചു ദിവസം കൊണ്ട് നേടി എടുത്ത് UAE കോൺസുലേറ്ററുടെ സാന്നിധ്യത്തിൽ പാർസൽ തുറന്നു കള്ളി വെളിച്ചത്തു കൊണ്ട് വരാൻ അങ്ങ് എടുത്ത ഈ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ’ – എന്നാണ്‌ കഴിഞ്ഞദിവസം പങ്കുവച്ച പോസ്‌റ്റിൽ പറയുന്നത്‌.

കേസ്‌ അന്വേഷണം ഒരിക്കലും തന്റെ അടുത്തേക്ക്‌ എത്തുമെന്ന്‌ ഇയാൾ കരുതിയിരുന്നില്ല. എന്നാൽ കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും ചാടിക്കയറിയുള്ള വാർത്താസമ്മേളനങ്ങളാണ്‌ ബിജെപിയെ പ്രധാനമായി കേസിലേക്ക്‌ അടുപ്പിച്ചത്‌.

കൊച്ചിയിൽ വലിയ പ്രവർത്തനമില്ലാതിരുന്ന ഇയാൾ തിരുവനന്തപുരത്ത്‌ പോയതിന്‌ ശേഷമാണ്‌ ബിഎംഎസ്‌ ട്രേഡ്‌ യൂണിയൻ രംഗത്ത്‌ സജീവ പ്രവർത്തനം തുടങ്ങിയത്‌. അതിനുശേഷം ഹരിരാജിന്റെ വളർച്ച പെട്ടെന്നായിരുന്നു എന്ന്‌ ഞാറയ്‌ക്കലിലെലും കൊച്ചിയിലെയും ബിജെപി നേതാക്കൾതന്നെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News