കൊവിഡ് വ്യാപനത്തിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് നമ്മള്‍; നഗരങ്ങളില്‍ സമൂഹ വ്യാപനത്തിന് സാധ്യത; കൂടുതല്‍ കരുതലും ജാഗ്രതയും വേണം: മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തിൽ നിർണ്ണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയതോതിൽ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിത്.

ഒരു മത്സ്യമാർക്കറ്റിൽ ഉണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലയിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്.

ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു. ഇത് തലസ്ഥാനത്ത് മാത്രമെന്ന് കരുതി മറ്റ് പ്രദേശങ്ങൾ ആശ്വസിക്കേണ്ടതില്ല. ചിലയിടത്ത് ഇത്തരം പ്രതിഭാസം കാണുന്നുണ്ട്. കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോൾ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തിനാകെ ബാധകമായതാണ് ഇത്. ആരെങ്കിലും ഇതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നുവെന്ന് തോന്നേണ്ടതില്ല.

നിലവിലെ നിയന്ത്രണം സമൂഹത്തെ മൊത്തം കണക്കിലെടുത്ത് രക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ്. അത് കർശനമായി പാലിക്കണം. രോഗം സമൂഹവ്യാപനത്തിലെത്താൻ അധികം സമയം വേണ്ട. പൂന്തുറയിൽ സൂപ്പർ സ്പ്രെഡിലേക്കെത്താൻ അധികം സമയമെടുത്തില്ല.

സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. രോഗം ബാധിച്ച പലരുടെയും സമ്പർക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കരുത്. വലിയ ആൾക്കൂട്ടം എത്തിപ്പെടുന്ന ഏത് സ്ഥലവും ഒന്നോ രണ്ടോ ആളുകൾ രോഗബാധിതരാണെങ്കിൽ എല്ലാവരെയും അത് ബാധിക്കും.

അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. ആൾക്കൂട്ടം ഉണ്ടാകരുത്. ഇതിന് നാം നല്ല ഊന്നൽ നൽകണം. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധ ഉണ്ടായെന്ന് വരാം.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നോക്കിയാൽ ചില പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയായി.

ആൾക്കൂട്ടത്തിനോട് എന്തെങ്കിലും വിപ്രതിപത്തി ഉണ്ടായിട്ടല്ല. ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണം. അത് നാടിന്റെ രക്ഷയ്ക്കും സമൂഹത്തിൽ രോഗം വ്യാപിക്കാതിരിക്കാനും സ്വീകരിക്കേണ്ട കാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News