കോവിഡ് പോരാട്ടത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് നേതാക്കളുടെ ശ്രമം; ആന്റിജന്‍ ടെസ്റ്റ് വെറുതെയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രചരിപ്പിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് നേതാക്കളാണ് രംഗത്തുള്ളതെന്ന് മുഖ്യമന്ത്രി. ആന്റിജന്‍ ടെസ്റ്റിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പിലൂടെ പ്രചാരണം നടത്തി. ഈ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടായാല്‍ പോലും പൊസിറ്റീവാകുമെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണ് ഇത് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഈ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രചരിപ്പിച്ചത്.

കാരക്കോണത്തെ കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭിക്കുന്നില്ലെന്നും പറഞ്ഞ് കുറെപ്പേര്‍ പുറത്തിറങ്ങി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്തുപോകാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടു.

പൂന്തുറക്കാർക്കെതിരെയുള്ള ഗൂഢനീക്കമെന്നും പ്രചാരണം നടന്നു. ഇതിന്‍റെ ഭാഗമായി സ്ത്രീകളടക്കം പ്രതിഷേധത്തിനിറങ്ങി. കാരക്കോണം മെഡി. കോളേജിൽ ബന്ധുക്കൾക്ക് മരുന്നും ഭക്ഷണവും കിട്ടുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്.

കടകൾ തുറക്കണമെന്നും അവശ്യസാധനങ്ങൾ തരണമെന്നും അവർ ആവശ്യപ്പെട്ടു. പുറത്ത് പോകാൻ അനുമതിയില്ലെന്ന് അവർ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തൻ പള്ളി, പൂന്തുറ എന്നിവിടത്തെ കണക്ക് ചേർത്ത് പൂന്തുറയിലെ രോഗികൾ എന്ന് മാത്രമാണ് വാർത്ത വരുന്നത്. ഇത് പൂന്തുറക്കാർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചിലരാരോപിച്ചു. വിവരം ലഭിച്ച ഉടൻ ജില്ലാ അധികൃതരും പള്ളി വികാരിയും അടക്കം സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു.

പൂന്തുറയിലെ ഒരു പ്രശ്നമുണ്ടാകുമ്പോൾ അവിടത്തെ പ്രശ്നമെന്ന് തന്നെയല്ലേ പറഞ്ഞത്. പൊന്നാനിയിലെയും കാസർകോട്ടെയും ചെല്ലാനത്തെയും പ്രശ്‌ന‌ത്തിന് അവിടത്തെ പേര് തന്നെയല്ലേ പറഞ്ഞത്. ഇത് ആരെയും വിഷമിപ്പിക്കാനോ ആ പ്രദേശത്തോട് വിപ്രതിപത്തി ഉണ്ടായിട്ടോ അല്ല.

രോഗവ്യാപനം തടയാനാണ്. നിയന്ത്രണങ്ങൾ വരുമ്പോൾ പ്രയാസമുണ്ടാകും. അത് സഹിക്കേണ്ടതായി വരും. മനുഷ്യജീവൻ സംരക്ഷിക്കലാണ് പ്രധാനം. അതിന്‍റെ ഭാഗമായുള്ള പ്രയാസമല്ല, വലുത്. തെറ്റായ, സങ്കുചിത പ്രചാരണങ്ങളിലൂടെ പ്രതിരോധത്തെ കീഴ്പ്പെടുത്തിയാൽ നാളെ ഒന്നും ചെയ്യാൻ പറ്റാതാകും.

നിയന്ത്രണങ്ങൾക്ക് ചിലർ വേറെ മാനം നൽകുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധത്തോട് സഹകരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. പൂന്തുറയിലും അടക്കമുള്ളവർ അങ്ങനെ തന്നെ സഹകരിക്കുന്നവരാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനും വിഷമിപ്പിക്കാനും തയ്യാറാകരുത്.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരുണ്ട്. ഈ ഘട്ടത്തിൽ അത്തരം ആളുകൾക്കെതിരെ കർശനനടപടിയുണ്ടാകും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വന്നാൽ അത് മുളയിലേ നുള്ളും. അതിന് പൊലീസിന് നിർദേശം നൽകി. ഇക്കാര്യത്തിലെല്ലാം നേതൃത്വം വഹിച്ചവരുണ്ട്.

പാവങ്ങൾ തെറ്റിദ്ധരിച്ച് കൂടിയതാകാം. എന്നാൽ ബോധപൂർവം തെറ്റിലേക്ക് നയിക്കാൻ നേതൃത്വം നൽകിയവരുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. രോഗം സ്ഥിരീകരിക്കുന്നവരെ മെഡി. കോളേജ് ഉൾപ്പടെയുള്ള ആശുപത്രിയിലാണ് ആക്കിയത്. ഇങ്ങനെ ഒരു വീട്ടിലുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനാകുന്നില്ല എന്ന പരാതി ചിലർ ഉയർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News