ഇറ്റാലിയൻ സൈനികർ വെടിവച്ച ബോട്ടിൽ‌ പതിനാലുകാരനും ഉണ്ടായിരുന്നതായി ബോട്ടുടമയുടെ സ്ഥിരീകരണം

എന്റിറിക്കലെക്‌സി കപ്പലിൽനിന്ന്‌ ഇറ്റാലിയൻ സൈനികർ വെടിയുതിർത്ത മത്സ്യബന്ധനബോട്ടിൽ തമിഴ്‌നാട്‌ സ്വദേശിയായ പതിനാലുകാരനും ഉണ്ടായിരുന്നതായി ബോട്ടുടമയുടെ സ്ഥിരീകരണം. നാഗർകോവിൽ ഇരുമന്തുറ സ്വദേശി പ്രിജിനെ തൊഴിലാളികൾക്ക്‌ ഭക്ഷണം പാചകം ചെയ്യുന്നതിൽ സഹായിക്കാനാണ്‌ കൊണ്ടുപോയിരുന്നതെന്നും സെന്റ്‌ ആന്റണീസ്‌ ബോട്ടിന്റെ ഉടമ ഫ്രെഡി പറയുന്നു. വെടിവയ്‌പിനുശേഷം കടലിൽവെച്ച്‌ കൊല്ലത്തുനിന്നുള്ള മറ്റൊരു ബോട്ടിലേക്ക്‌ പ്രിജിനെ മാറ്റി. രണ്ടുദിവസം കഴിഞ്ഞ്‌ കരയ്‌ക്കെത്തിയശേഷം പ്രജിനെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചു. ഞാനും പ്രജിനും ഉൾപ്പെടെ 12 പേർ ബോട്ടിലുണ്ടായിരുന്നു‌.

വെടിവയ്‌പ്‌‌ നടന്നയുടൻ ബാലവേലയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം ഭയന്നാണ്‌‌ പ്രജിനെ മാറ്റിയത്‌. ഇക്കാര്യം അന്വേഷണഘട്ടത്തിൽ പറയാത്തത്‌ കേസിന്റെ ഗതിമാറുമോയെന്ന ചിന്തയിലാണെന്നും ഫ്രെഡി പറഞ്ഞു. പാറശാലയ്‌ക്ക്‌ പത്തു കിലോമീറ്റർ അകലെ തുത്തുർ ‌സ്വദേശിയായ ഫ്രെഡിയുടെ വീടിന്‌ അടുത്താണ്‌ ആറു സഹോദരിമാരും അമ്മ മാർഗരറ്റും അടങ്ങുന്ന പ്രിജിന്റെ കുടുംബം താമസിക്കുന്നത്‌.

കൊല്ലം വാടി സ്വദേശി ജലസ്റ്റിനൊപ്പം വെടിയേറ്റു‌ മരിച്ച അജീഷ്‌പിങ്കിയുടെ ബന്ധുവാണ്‌ പ്രജിൻ. അജീഷ്‌പിങ്കി വഴിയാണ്‌ പ്രജിൻ ബോട്ടിൽ സഹായിയായി എത്തുന്നത്‌. 2019 ജൂലൈ മൂന്നിന്‌‌ പ്രജിൻ തൂങ്ങിമരിച്ചു.‌‌ പ്രജിൻ സ്‌നേഹിച്ചിരുന്ന കുട്ടിയുടെ ബന്ധുക്കളുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ്‌ സൂചന. നാഗർകോവിൽ നിദ്രവിള പൊലീസ്‌ സ്റ്റേഷൻ പരിധിയിലാണ്‌ ഇവരുടെ വീട്‌.

വെടിവയ്‌പുണ്ടായി മൂന്നു വർഷത്താളം ജോലി ഉപേക്ഷിച്ചാണ്‌ ഫ്രെഡി കേസിനു‌ പിന്നാലെ നടന്നത്‌. കേസിൽ 17 ലക്ഷം രൂപ നഷ്പപരിഹാരം ലഭിച്ചെങ്കിലും അത്‌ മതിയായ തുകയായിരുന്നില്ല. ഇതിൽനിന്ന്‌ 25,000 രൂപ വീതം എല്ലാ തൊഴിലാളികൾക്കും നൽകി. കടം വാങ്ങിയാണ്‌ പിന്നീട്‌ ഒരു ബോട്ട്‌ വാങ്ങിയത്‌. പ്രജിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്‌ തന്റെ അറിവോടെയല്ലെന്നും ഫ്രെഡി പറഞ്ഞു.

100 കോടി നഷ്ടപരിഹാരം തേടി സാക്ഷിയുടെ കുടുംബം
ഇറ്റലിയിൽനിന്ന്‌ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കടൽക്കൊല കേസില്‍ സാക്ഷിയായ ബാലന്റെ കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. വെടിവയ്‌പും മരണങ്ങളും പ്രിജിന്റെ മാനസികനിലയെ ബാധിച്ചതാണ് ജീവൻ നഷ്ടപ്പെടുത്തേണ്ട അവസ്ഥയുണ്ടാക്കിയതെന്നും കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News