വികാസ്‌ ദുബെയെ വെടിവച്ചു കൊന്ന് യുപി പൊലീസിന്‍റെ‌ പകവീട്ടില്‍; ആസൂത്രിതമായി വകവരുത്തിയെന്ന ആക്ഷേപം ശക്തം

കാണ്‍പുരില്‍ ഡിവൈഎസ്‌പി അടക്കം എട്ടു പൊലീസുകാരെ വധിച്ച് ഒരാഴ്ചയ്‌ക്കുശേഷം പിടിയിലായ കൊടുംകുറ്റവാളി വികാസ്‌ ദുബെയെ ഉത്തർപ്രദേശ്‌ പൊലീസ്‌ വെടിവച്ചുകൊന്നതില്‍ ആക്ഷേപം ശക്തം. വെള്ളിയാഴ്‌ച രാവിലെ ഏഴോടെ ഏറ്റുമുട്ടലിൽ വികാസ്‌ കൊല്ലപ്പെട്ടെന്നാണ്‌ ഔദ്യോഗികഭാഷ്യം. യുപി സർക്കാരിലെയും പൊലീസിലെയും ഉന്നതരുടെ അധോലോക ബന്ധം വെളിപ്പെടാതിരിക്കാൻ‌ വികാസിനെ ആസൂത്രിതമായി വകവരുത്തിയെന്ന ആക്ഷേപം ശക്തമാണ്.

‘വ്യാഴാഴ്‌ച ഉജ്ജയിനിയിലെ മഹാകാല ക്ഷേത്രത്തിൽ അറസ്‌റ്റിലായ‌ വികാസിനെ കാൺപുരിലേക്ക്‌ കൊണ്ടുവരുമ്പോൾ വെള്ളിയാഴ്ച രാവിലെ 6.30ഓടെ കാൺപുരിന്‌ 25 കിലോമീറ്റർ അകലെ സചേന്ദിയിൽ വാഹനം മറിഞ്ഞു. അപ്പോള്‍ ഇൻസ്‌പെക്ടർ രമാകാന്ത്‌ പച്ചൗരിയുടെ കൈത്തോക്ക് തട്ടിപ്പറിച്ച് വികാസ്‌ കടന്നു. പിന്തുടർന്ന പൊലീസ്‌ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. വികാസ് വെടിയുതിർത്തു. പൊലീസിന്റെ പ്രത്യാക്രമണത്തിൽ വികാസിന്‌ പരിക്കേറ്റു. പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’ ലഖ്‌നൗ പൊലീസിലെ പ്രത്യേക ദൗത്യസംഘം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എന്നാല്‍, ആശുപത്രിയിൽ എത്തിച്ചപ്പോൾ വികാസിന്‌ ജീവൻ ഉണ്ടായിരുന്നില്ലെന്ന്‌ ഡോക്ടർമാർ പറഞ്ഞു. വികാസിന്റെ നെഞ്ചിൽ മൂന്ന്‌ വെടിയേറ്റു.കൈയിലും വെടിയേറ്റു. പോസ്‌റ്റ്‌മോർട്ടത്തിന്‌‌‌ മുമ്പ്‌ കോവിഡ്‌ പരിശോധന നടത്തി നെഗറ്റീവാണെന്ന്‌ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട വികാസിന്റെ അനുയായി അമർദുബെയ്‌ക്ക്‌ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംഭവത്തില്‍ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷം രംഗത്തെത്തി. ‘കാർ മറിച്ചതിലൂടെ യുപി സർക്കാർ മറിയാതെ രക്ഷപ്പെട്ടു’–- എന്ന്‌ സമാജ് വാദി പാര്‍ടി നേതാവ്‌ അഖിലേഷ്‌യാദവ്‌ ട്വിറ്ററില്‍ കുറിച്ചു. ‘കുറ്റവാളി കൊല്ലപ്പെട്ടു; അയാളെ സംരക്ഷിച്ചവരുടെ കാര്യമോ?’–എന്ന്‌ കോൺഗ്രസ്‌ നേതാവ്‌ പ്രിയങ്ക ഗാന്ധി ട്വീറ്റ്‌ ചെയ്‌തു.സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന്‌ ബിഎസ്‌പി നേതാവ്‌ മായാവതി ആവശ്യപ്പെട്ടു.

‘ഏറ്റുമുട്ടല്‍കൊല’ പ്രവചിച്ച്‌ ഹർജി
വികാസ്‌ ദുബെ ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെടുന്നതിന്‌ മണിക്കൂറുകൾക്ക്‌ മുമ്പ്‌ അതിന്‌ സാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ച്‌ സുപ്രീംകോടതിയിൽ ഹർജി. വികാസ്‌ ദുബെയുടെ അഞ്ച്‌ അനുയായികളെ പൊലീസ്‌ വകവരുത്തിയെന്നും അദ്ദേഹത്തിനും സമാനവിധിയുണ്ടാകുമെന്നും‌ ചൂണ്ടിക്കാട്ടി‌ മുംബൈ സ്വദേശിയായ അഭിഭാഷകൻ ഘൻശ്യാം ഉപാദ്ധ്യായയാണ്‌ ​​ഹര്‍ജി നല്‍കിയത്. ഹർജി വെള്ളിയാഴ്‌ച തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News