മഹാമാരി സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി പ്രതിപക്ഷം. വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി തെരുവിൽ സംഘടിപ്പിച്ച സമരം നാട് കെട്ടിപ്പൊക്കിയ പ്രതിരോധ ഐക്യത്തിൽ വലിയ വിള്ളലുണ്ടാക്കി.
കോവിഡ് പ്രതിരോധ നിർദേശങ്ങളും ചട്ടങ്ങളും പരസ്യമായി ലംഘിച്ചു. ശരിയായി മാസ്‌കിടാതെ, ശാരീരിക അകലം പാലിക്കാതെ കൂട്ടംകൂടി പലയിടത്തും പൊലീസിനെ ആക്രമിച്ചു. കെട്ടിപ്പിടച്ചും തുപ്പിയും പൊലീസിനെ തള്ളിമാറ്റിയും പ്രതിപക്ഷം നടത്തിയ കൈവിട്ട കളിക്കെതിരെ പ്രമുഖ ആരോഗ്യവിദഗ്‌ധർ രംഗത്തു വന്നു.
രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നു പോലും അണികളെ രംഗത്തിറക്കി. പ്രതിഷേധങ്ങളിലും ചടങ്ങുകളിലും അഞ്ചുപേർക്കു മാത്രമാണ് അനുമതി. വിവാഹങ്ങൾക്കു പോലും 50 പേരിലധികം പാടില്ല. എന്നിട്ടും കോഴിക്കോട്ട് യൂത്തുലീഗ് സമരത്തിനെത്തിയത് നൂറിലധികംപേർ. മിക്കവരും മാസ്‌കും ശാരീരിക അകലവും പാലിക്കാതെ സമരസ്ഥലത്ത് തിക്കിത്തിരക്കി.
കാര്യമായി പ്രതിരോധ ഉപകരണങ്ങൾ ധരിക്കാത്ത പൊലീസുമായി ബോധപൂർവം സംഘർഷവും സൃഷ്ടിക്കുന്നു. പൊലീസിനുമേൽ രോഗവ്യാപനമുണ്ടാകുംവിധം ഇടപെടലുണ്ടായാൽ, ഭാവി ആരോഗ്യ പ്രതിരോധപ്രവർത്തനങ്ങൾ പാടെ താളംതെറ്റും. സമരവും ആൾക്കൂട്ടവും തുടരുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന് പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചും മുന്നറിയിപ്പുനൽകി.
കോവിഡ് രോഗത്തിന്റെ തുടക്ക കാലത്ത് വാളയാറിൽ, ചില പ്രതിപക്ഷ ജനപ്രതിനിധികൾ സമരം നടത്തിയതിതിനു പിന്നാലെ അവർക്ക് ക്വാറന്റൈനിൽ പോകേണ്ടിവന്നു. ഉറവിടമറിയാത്ത കേസുകൾ തലസ്ഥാനത്തടക്കം റിപ്പോർട്ട് ചെയ്യുന്ന നിർണായക സമയത്താണ്, സംസ്ഥാനം കെട്ടിപ്പൊക്കിയ ബ്രേക്ക് ദ ചെയിൻ പോലുള്ള പ്രതിരോധത്തെ സമരപ്രഹസനത്തിലൂടെ വലിച്ചുപൊട്ടിക്കുന്നത്. പ്രോട്ടോകോൾ മറികടന്നും പ്രതിഷേധിക്കുമെന്ന് എംപിമാരായ കെ മുരളീധരനും കെ സുധാകരനും പറഞ്ഞു.
അതേസമയം, സാമൂഹ്യമാധ്യമങ്ങളിലും മറ്റും ആരോഗ്യവിദഗ്‌ധരുടെ ആശങ്ക പുറത്തുവന്നു. തെരുവിൽ കാണിച്ചുകൂട്ടിയത് അസംബന്ധമാണെന്നും നാം ജീവിക്കുന്ന കാലത്തിനനുസരിച്ചുള്ള സമരരീതികൾ വേണമെന്നും- കോൺഗ്രസ് സഹയാത്രികനായ ഡോ. നെൽസൺ ജോസഫ് കുറിച്ചു. നാളെ നിങ്ങളുടെ ജീവന്റെയും ഉത്തരവാദിത്തം ആരും ഏൽക്കില്ലെന്നും അതെങ്കിലുമോർത്ത് ഈ സമരം നിർത്തി വീട്ടിൽപ്പോകൂവെന്നും ഡോ. പല്ലവി ഗോപിനാഥൻ എഴുതി.
നിങ്ങളെ വിശ്വസിച്ച് പ്രതിഷേധത്തിനിറങ്ങുന്ന പാവം മനുഷ്യരെ കൊലയ്‌ക്കുകൊടുക്കരുതെന്ന് രമേശ് ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും ഇൻഫോക്ലിനിക് അഡ്‌മിനും കോ ഫൗണ്ടറുമായ ഡോ. പി എസ് ജിനേഷ് അഭ്യർഥിച്ചു.
Get real time update about this post categories directly on your device, subscribe now.