രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ റെക്കോർഡ് വർധനവ്; ഇന്നലെ മാത്രം 27, 114 പുതിയ രോഗികള്‍

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ റെക്കോർഡ് വർധനവ്. ഇന്നലെ രോഗം ബാധിച്ചത് 27, 114 പേർക്ക്.
കോവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞു. നാല് ദിവസത്തിനുള്ളിൽ ഒരു ലക്ഷം പേരിൽ രോഗവ്യാപനം. 73 ബി. എസ്. എഫ് ജവാന്മാർക്ക് 24 മണിക്കൂറിൽ കോവിഡ്. അതെ സമയം കോവിഡ് രോഗികൾക്ക് സോറിയാസിസിനുള്ള മരുന്ന് നൽകാമെന്ന് ഡ്രഗ് കണ്ട്രോൾ ഓഫ് ഇന്ത്യ മാർഗനിർദേശം പുറത്ത് ഇറക്കി.

നാല് ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ. പത്തു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം രോഗികൾ. രാജ്യത്തെ മുഴുവൻ പഞ്ചായത്തുകളിലും കോവിഡ് രോഗികൾ. ഇന്ത്യയുടെ സ്ഥിതി അതീവ മോശം അവസ്ഥയിലേയ്ക്ക് കടന്നു. രോഗ ബാധിതരായ 8, 20, 916 പേരിൽ 4, 93263 പേർ സുഖം പ്രാപിച്ചു. 22, 123 പേർ മരിച്ചു.

പക്ഷെ അനുദിനം രോഗം ബാധിക്കുന്നത് 27, 114 ലേയ്ക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കാൽ ലക്ഷത്തിനു മുകളിലാണ് പുതിയ രോഗികൾ. വിവിധ സംസ്ഥാങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന 519 പേർ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയ്ക്ക് ശേഷം മരണസംഖ്യ ആദ്യമായി 500 കവിഞ്ഞു. ഇതോടെ ആകെ മരണ സംഖ്യ 22123 ആയി. പുതിയ കോവിഡ് ഹോട് സ്പോട്ടായി മാറിയ കർണാടകയിൽ 2313 പേരിൽ പുതിയതായി രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 7862 പേരും പുതിയതായി രോഗികളായി. എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗം നിയത്രിക്കാൻ കഴിഞ്ഞത് മഹാരാഷ്ടയ്ക്ക് ആശ്വാസമേകുന്നു. ലോകാരോഗ്യ സംഘടനയും ധാരാവിയിലെ ആരോഗ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.ദില്ലിയിൽ രോഗികളുടെ ദൈനംദിന വർധനവ് 2089 ലെത്തി.

ബി. എസ്. എഫിൽ രോഗികളുടെ എണ്ണം ഉയരുന്നു. 73 ജവാന്മാരിൽ പുതിയതായി രോഗം കണ്ടെത്തി. അതെ സമയം സോറിയാസിസിനുള്ള മരുന്നായ ഐറ്റൊലെസുമാബ് കോവിഡ് രോഗികൾക്ക് നൽകാമെന്ന് ഡ്രഗ് കണ്ട്രോൾ ഓഫ് ഇന്ത്യ അറിയിച്ചു. അടുത്ത വർഷത്തിന് മുൻപ് കോവിഡിനെതിരായ വാക്സിൻ വിപണിയിൽ എത്തില്ലെന്ന് പാർലിമെന്റ് സമിതിയെ ഐ. സി. എം ആർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here