കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ള ഒരു സമരവും സമ്മതിക്കില്ല; നേതൃത്വം നല്‍കുന്നതും കുറ്റകരം: മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങള്‍ എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് പ്രതിരോധത്തെ തകര്‍ക്കാനുളള ശ്രമങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്റെ പ്രത്യാഘാതം വലുതാകും എന്ന് സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇന്നും ചില കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളേയും നിയന്ത്രണങ്ങളേയും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് കണ്ടുവെന്നും ഇത് എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളും മറ്റും വന്നപ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ നാടാണ് ഇത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും കുറ്റകരമാണ് എന്ന് ബന്ധപ്പെട്ടവരെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

സമ്പര്‍ക്കം മുഖേനയുളള കേസുകള്‍ കൂടുകയാണ്. ആ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പെയിന്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണം. സാമൂഹിക അകലം കര്‍ശനമായി പാലിക്കാന്‍ ആകണം. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് ശുചിയാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും പൊതുവിടങ്ങളില്‍ മാസ്‌കിന്റെ ഉപയോഗം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News