നിങ്ങളുടെ പ്രശ്നം അടുത്ത തെരഞ്ഞെടുപ്പല്ലേ? അതിനു വോട്ടു ചെയ്യാൻ ഞങ്ങളും മത്സരിക്കാനും കയ്യടിക്കാനും നിങ്ങളും ബാക്കിയാവേണ്ടേ?; ആരോഗ്യപ്രവർത്തകന്റെ നെഞ്ചുപൊള്ളിക്കുന്ന കുറിപ്പ്

കഴിഞ്ഞ കുറേ മാസങ്ങളായി ജോലിക്കു പോകാൻ വേണ്ടി മാത്രമാണ് വീടിനു പുറത്തിറങ്ങുന്നത്… രണ്ടു മണിയോടെ OP കഴിഞ്ഞു വന്നാൽ വീടിൻ്റെ പിറകുവശത്തു കൂടി പോയി അണിഞ്ഞ വേഷങ്ങളെല്ലാം ഡെറ്റോൾ മുക്കിയ വെള്ളത്തിലിട്ട് കഴുകി, കുളിച്ച ശേഷമേ വീട്ടിൽ കയറാറുള്ളൂ… വൃദ്ധരായ രണ്ടാളുകൾ വീട്ടിലുണ്ട്…. ഇതിനിടയിൽ പുറത്തെവിടെയെങ്കിലും പോയി വന്നാൽ ഈ ചടങ്ങ് വീണ്ടും ആവർത്തിക്കപ്പെടും….

ഇത് എൻ്റെ മാത്രം രീതിയല്ലെന്നറിയാം, ഒരു പാട് ആരോഗ്യപ്രവർത്തകർ ഇതേ പ്രോട്ടോക്കോൾ പിന്തുടരുന്നുണ്ട്…… അഞ്ചു ദിവസം മുമ്പ് കോവിഡ് ഹോസ്പിറ്റലായി അംഗീകരിച്ച ഒരു മെഡിക്കൽ കോളേജിലെ ചുമതലക്കാരിയായ ഡോക്ടർ എന്നെ വിളിച്ചിരുന്നു, അവർ എൻ്റെ പഴയ സഖാവാണ്… പൊട്ടിത്തെറിക്കുന്നതു പോലെ അര മണിക്കൂറോളം അവരെന്നോട് അവരുടെയും അവരുടെ കീഴിലുള്ള നഴ്സിങ്, പാരാ മെഡിക്കൽ ജീവനക്കാരുടെയും അനുഭവം പങ്കുവെച്ചു….

കഴിഞ്ഞ ആഴ്ച ഒരു കോവിഡ് ആശുപത്രിയിലെ രണ്ടു നഴ്സുമാർ (അവർ ഒരു പതിറ്റാണ്ടിലേറെയായി എൻ്റെ രോഗികൾ ആണ് ) എന്നെ കാണാനെത്തിയിരുന്നു… അവരും പങ്കു വെച്ചത് അവരുടെ ആശങ്കകളും ഫ്രസ്ട്രേഷനുകളുമായിരുന്നു….

ഇതു വായിക്കുന്ന മനുഷ്യരോടാണ്….ഇപ്പോൾ ഇങ്ങനെയൊക്കെ എഴുതാമോ എന്ന് എന്നോടു ചോദിക്കരുത്…..
കോവിഡ് 19 പോലുള്ള മഹാമാരികളെ നേരിടേണ്ടി വന്ന തലമുറയല്ല എൻ്റേത് (നിങ്ങളുടേതും)….. അത്തരം പാൻഡമിക്കുകളുടെ ഭീകരതയെക്കുറിച്ച് നാം അറിഞ്ഞിട്ടുള്ളതു മുഴുവൻ പല സാഹിത്യസൃഷ്ടികളിൽ നിന്നുമാണ്…..

1. വസൂരിയെക്കുറിച്ച്…. ഓ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസത്തിൽ നിന്ന്….
പ്രദർശനത്തിനൊരുക്കിയ വലിയൊരു പൂന്തോട്ടം പോലെ ഖസാക്കുകാർ കിടന്നു. ചലത്തിൻ്റെ മഞ്ഞപ്പൂക്കൾ കൊണ്ട് പൂക്കുടിലുകൾ പണിഞ്ഞു, പൂവിറുത്ത് മുടിയിൽച്ചൂടി നല്ലമ്മ നടമാടി. സന്നിയിൽ, മയക്കത്തിൽ ഖസാക്കുകാർ അവളെ കണ്ടു, അവളെ കാമിച്ചു… സുരതക്രിയ പോലെ രോഗം ആനന്ദമൂർച്ഛയായി, അങ്ങനെ അവർ മരിച്ചു….. സ്ക്കൂളിലെ കുട്ടികൾ പലരും മരിച്ചു – വാവര്, നൂർജിഹാൻ, ഉണ്ണിപ്പാറതി, കിന്നരി, കുരങ്ങുകളിക്കാരൻ ചെന്തിയാവുത്തൊട്ടിയാരുടെ മകൻ കരുവ്, നടുപ്പറമ്പിൽ കണ്ടു പരിചയമുള്ള കാസിമും സലീമും, പീഞ്ഞപ്പലക കൊണ്ട് പുസ്തകത്തട്ടു പണിയാൻ ഞാറ്റുപുരയിൽ വന്ന ചേന്തിയാശാരി…. പിന്നെയും പലരും മരിച്ചു, കുപ്പുവച്ചൻ്റെ കണ്ണുകൾ പോയി, അപ്പുക്കിളിയെ കാണാതായി….. പണ്ടാരശ്ശവങ്ങൾ അപ്പോളേക്കും യാത്ര പുറപ്പെട്ടിരുന്നു….

2. കോളറയെക്കുറിച്ച്….. ഗബ്രിയേൽ ഗാർസിയ മാർക്വിസിൻ്റെ കോളറക്കാലത്തെ പ്രണയം(Love in the time of Cholera ) എന്ന നോവലിൽ നിന്ന്…..
കോളറാ മഹാമാരിയുടെ ആദ്യത്തെ രണ്ടാഴ്ച്ച കഴിഞ്ഞപ്പോളേക്കും സെമിത്തേരി നിറഞ്ഞു കവിഞ്ഞിരുന്നു, പള്ളികളിലൊന്നിലും അടക്കാൻ സ്ഥലമില്ലാതായിത്തീർന്നു, അജ്ഞാതരായ പല ജനനേതാക്കളുടെയും മൃതദേഹങ്ങളുടെ ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങൾ അവർക്ക് പൊതുശവക്കല്ലറകളിലേക്ക് അയയ്ക്കേണ്ടി വന്നു. നന്നായി അടയ്ക്കാതിരുന്ന കല്ലറകളിൽ നിന്നും വമിച്ച വാതകങ്ങളും ദുർഗന്ധവും കൊണ്ട് കത്തീഡ്രലിന്യള്ളിലെ വായു നേർത്ത തായി. അതിനാൽ പിന്നീടുള്ള മൂന്നു വർഷത്തോളം കത്തീഡ്രൽ തുറന്നതേയില്ല……
മൂന്നാമത്തെ ആഴ്ച ആയപ്പോളേക്കും സെൻ്റ് ക്ലയർ കോൺവെൻറിലെ സന്യാസിമoത്തിൻ്റെ ഇരുവശങ്ങളിലും പോപ്ലാൾ മരങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുള്ള നടപ്പാത വരെയും ശരീരക്കുഴികൾ നിറഞ്ഞു കവിഞ്ഞു. കൂടാതെ കൂട്ടായ്മ സംഘത്തിൻ്റെ ഒരു തോട്ടവും ഉപയോഗിക്കേണ്ടി വന്നു…….. അവിടെ മൂന്നു തട്ടുകളിലായി ‘സമയം കളയാതെ ശവം മറവു ചെയ്യാനായി ആഴത്തിൽ കുഴികളെടുത്തു. ശവപ്പെട്ടിയൊന്നും കൂടാതെയാണ് ശവം മറവു ചെയ്യപ്പെട്ടിരുന്നത്… എന്നാൽ അധികം താമസിയാതെ അതും നിർത്തി വെക്കേണ്ടി വന്നു, ശവങ്ങൾ കൊണ്ടു നിറഞ്ഞു കവിഞ്ഞ മണ്ണ് സ്പോഞ്ചു പോലെയായിത്തീർന്നു, ഓരോ തട്ടിൽ നിന്നും രോഗാണുബാധയുള്ള രക്തവും നീരും ഊറാൻ തുടങ്ങി…..

3. പ്ലേഗിനെക്കുറിച്ച്….. മേതിൽ രാധാകൃഷ്ണൻ്റെ സംഗീതം ഒരു സമയകലയാണ് എന്ന നോവലൈറ്റിൽ നിന്ന്….തലേന്നുണ്ടായിരുന്ന പലതും പിറ്റേന്നത്തേക്ക് ഇല്ലാതാകുന്ന ഒരു പ്ലേഗുബാധയുടെ കാലത്ത് കർമ്മനിരതനായിരുന്ന ഒരു സാനിറ്ററി ഇൻസ്പെക്ടറുടെ മകനായ ബസവ എന്ന കഥാപാത്രത്തിൻ്റെ വികാരവിചാരങ്ങളിലൂടെയാണ് ആ കാലഘട്ടത്തിൻ്റെ ഭീകരത മേതിൽ വരച്ചുകാട്ടുന്നത്.
“കുഴലൂത്തുകാരൻ ആദ്യം എലികളെ കൊണ്ടുപോകുന്നു, പിന്നെ കുട്ടികളെ കൊണ്ടുപോകുന്നു. ഒരു നഗരത്തിലെ മുഴുവൻ എലികളും കുട്ടികളും.. അത്രയും ശക്തമായി കുഴൽ വിളിക്കാൻ പ്ലേഗു പോലൊരു പകർച്ചവ്യാധിക്കല്ലാതെ മറ്റെന്തിനു കഴിയും?………
ബ്യുബോണിക് പ്ലേഗ്… ദൈവമേ… എത്ര കുട്ടികൾ? എത്ര മനുഷ്യർ?…. ആയിരങ്ങൾ, ലക്ഷങ്ങൾ…”
“അല്ല, ബസവാ! കോടികൾ….”

“ബ്രിട്ടണിലെ ജനസംഖ്യയിൽ മൂന്നിൽ ഒന്നെന്ന നിരക്കിൽ ചരിത്രത്തിനുള്ളിൽ അറിയപ്പെടുന്ന മരണക്കണക്കെടുക്കുക. അന്ന് യൂറോപ്പിൽ ചിതറിക്കിടന്ന ശവശരീരങ്ങൾ പെറുക്കിയെടുത്ത് ഒരു നേർരേഖയിൽ നിരത്തി വച്ചാൽ ആ വര നീണ്ടുനീണ്ട് ഭൂമദ്ധ്യരേഖയെ മൂടും. ദൂരത്തെ ദൈവങ്ങൾക്ക് അതൊരു കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നിരിക്കണം. ശനിക്കു ചുറ്റുമുള്ള വലയം പോലെ ഭൂമിക്കു ചുറ്റും ശവശരീരങ്ങളുടെ ഒരു വലയം! മരിച്ചവരുടെ ആകാശത്തു നിന്നുള്ള വെളിച്ചമേറ്റ് രാത്രിയിൽ അതു തിളങ്ങും, മരണത്തിൻ്റെ രാജകീയ മോതിരം….”

ആരെയും വിമർശിക്കാനില്ല…. കൊറോണ നമ്മുടെ വർത്തമാനചരിത്രത്തിൻ്റെ ഇടനാഴിയിൽ ഒരു ചാരുകസേരയിട്ട് ഇരിപ്പുറപ്പിച്ചിട്ടുണ്ട്….. ആ വൈറസ്സിന് കട്ടിലും കിടയ്ക്കയും കമ്പിളിപ്പുതപ്പും സംഭാവന ചെയ്യാനായി ഒരുമ്പെട്ടിറങ്ങിയ കുറേ മനുഷ്യരുണ്ട്, മാധ്യമങ്ങളുണ്ട്……
അവരോടാണ്….. സിസ്റ്റത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒരു തലമുണ്ട്, അതിനപ്പുറത്തേക്കു കാര്യങ്ങൾ പോയാൽ…..?

നിങ്ങളുടെ പ്രശ്നം അടുത്ത തെരഞ്ഞെടുപ്പല്ലേ?…. അതിനു വോട്ടു ചെയ്യാൻ ഞങ്ങളും മത്സരിക്കാനും കയ്യടിക്കാനും നിങ്ങളും ബാക്കിയാവേണ്ടേ?…
പ്രിയമുള്ള മനുഷ്യരേ…..

എന്നെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന വിശേഷണങ്ങളെല്ലാം മാറ്റി വയ്ക്കുക, ഞാനൊരു ആരോഗ്യ പ്രവർത്തകനാണെന്നതുപോലും മറക്കുക, മൂന്നര മാസമായി മനസ്സറിഞ്ഞൊന്ന് ഉറങ്ങാൻ കഴിയാത്ത ഒരു മനുഷ്യൻ്റെ വിലാപമാണിതെന്നെങ്കിലും കരുതുക….

ഡോ. രാജാ ഹരിപ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here