ജനം ടിവിയുടെ വ്യാജവാര്‍ത്തയ്ക്കെതിരെ സിപിഐഎം നേതാവ് കെഎസ് സുനില്‍ കുമാര്‍

ഒരു പൊതു പ്രവര്‍ത്തകന്റെ ജീവിതവും, ജീവിതരീതികളും ജനങ്ങളാൽ വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്. ഞാനുൾപ്പെടുന്ന എല്ലാ പൊതുപ്രവർത്തകരും,അവരുടെ ജീവിതരീതികളും ഇഴകീറി ഓഡിറ്റ് ചെയ്യപ്പെടേണ്ടതുമാണ് എന്നതിൽ തർക്കമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില ദൃശ്യമാധ്യമങ്ങളിലൂടെ എനിക്കെതിരെ മനഃപൂർവമായി നടക്കുന്ന കുപ്രചരണം ഏറെ വേദനിപ്പിക്കുന്നതാണ്, അതിലുപരി സത്യത്തിനു നിരക്കാത്തതുമാണ്.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും, വിശിഷ്യാ രാജ്യസുരക്ഷ്യയ്ക്കും ഭീഷണിയാകുന്ന സ്വർണ്ണ കള്ളക്കടത്തിൽ പ്രതിയാക്കപ്പെട്ടവരിൽ ഒരാൾ എന്റെ ബന്ധുവാണെന്നും, അയാളുടെ ക്രമവിരുദ്ധമായ ഇടപാടുകളിൽ എന്നെയും കൂടി ബന്ധിപ്പിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ കുപ്രചരണം നടത്തുകയാണ്. ഈ കുപ്രചരണം ഇന്ന് ബിജെപി യുടെ ചാനൽ ബ്രേക്കിംഗ് ന്യൂസായി നൽകിയിരിക്കുകയാണ്.

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ, എന്റെ ബന്ധു എന്നത് കാണിച്ചാണ് എനിക്കെതിരെ കുപ്രചരണം നടത്തുന്നത്. സന്ദീപ് നായരുടെ ഭാര്യയുടെ പിതാവ് ശ്രീകണ്ഠൻ നായർ, നിലവിൽ BMS അരുവിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്, അരുവിക്കരയിലെ അറിയപ്പെടുന്ന ആദ്യകാല ബി ജെ പി നേതാവാണ്, ബി ജെ പി കുടുബവുമാണ്.

ശ്രീകണ്ഠൻ നായരുടെ അനുജൻ RSS ന്റെ മണ്ഡൽ കാര്യവാഹകും 1992 ഇൽ ബാബ്‌റി പള്ളി പൊളിച്ചതിലേക്കു നയിച്ച കർസേവയിൽ പങ്കെടുത്തയാളുമാണ്. അച്ഛനെക്കാൾ ബന്ധം മറ്റാർക്കും വരില്ലെന്ന വസ്തുത മറച്ചുവച്ചുകൊണ്ട് ജനം ടിവി നടത്തുന്ന ഈ പ്രചാരവേല, ഒരു മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സിന് ചേർന്ന പ്രവൃത്തിയല്ല എന്ന് ഓർമ്മിപ്പിക്കുകയാണ്. സന്ദീപ് നായർ അയാളുടെ രാഷ്ട്രീയം സ്വയം ഫേസ്ബുക് വഴി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം അയാളുടെ അമ്മയും എന്താണ് സന്ദീപിന്റെ രാഷ്ട്രീയം എന്നത് എല്ലാ പത്രക്കാരോടും വ്യക്തമാക്കിയിട്ടുണ്ട്.

30 വർഷത്തിലേറെയായി സജീവമായ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉള്ളയാളാണ് ഞാൻ. യാതൊരു വിധ ആരോപണങ്ങൾക്കും ഇടനൽകിയിട്ടില്ല, കളങ്കിതരുമായി ഏതെങ്കിലും ബന്ധമോ എനിക്കില്ല. 30 വർഷത്തെ എന്റെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൽ, ഇത്തരക്കാരായ ആളുകളുമായി ഒരു വ്യക്തിബന്ധമോ,അവിഹിത ഇടപെടലുകളോ, ബിനാമി ബന്ധങ്ങളോ നാളിതുവരെയായി ആരോപിക്കപ്പെട്ടിട്ടില്ല. അതിനുള്ള അവസരവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. സുതാര്യമാണെന്റെ ജീവിതവും, രാഷ്ട്രീയപ്രവർത്തനവും. രാഷ്ട്രീയപരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും, എന്റെ നാട്ടിലെ കോൺഗ്രസ്-ബിജെപി സുഹൃത്തുക്കൾക്കും കൃത്യമായി അറിയുന്നതാണ് ഈ കാര്യങ്ങൾ. ഇത്രയും നാളത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ സമ്പാദ്യമായുള്ളതും അത് മാത്രമാണ്.

കസ്റ്റംസ് ഓഫീസറെ വിളിച്ചു പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച BMS സംസ്ഥാന നേതാവിലേക്കും ബി ജെ പി തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിടെന്റിലേക്കും ഒക്കെ അന്വേഷണം നീങ്ങി, ബി ജെ പി പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തിൽ CPI(M) നെ ആക്രമിക്കാൻ രാഷ്ട്രീയമായി എന്നെ ബലിയാടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ.

എന്റെ ഏതെങ്കിലും പ്രവർത്തിയോ നടപടികളോ ഇതിനനുകൂലമായി ഉണ്ടായെങ്കിൽ അത് വ്യക്തമാക്കാൻ ഈ ദുരാരോപണം ഉന്നയിക്കുന്നവർ തയ്യാറാവണം. അങ്ങനെ എന്തെങ്കിലും തെളിവ് ലഭിക്കുന്നെങ്കിൽ കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസിക്കും കൊടുക്കാൻ ഇവർ തയ്യാറാകണം. തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ, വ്യക്തിപരമായി തേജോവധം ചെയ്യാൻ ഇത്തരത്തിൽ വാർത്തകൾ പടച്ചു വിടുന്നത് തീർത്തും അപലപനീയമാണ്.

ഇങ്ങനെ ജനം ടി വി വഴി പ്രചരിപ്പിക്കുന്ന വാർത്തകൾ അടിയന്തിരമായി പിൻവലിക്കണം. ചാനൽ വഴി ടെലികാസ്റ്റ് ചെയ്യുന്ന വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അറിയിക്കുകയാണ്.

വിശ്വാസപൂർവം,

കെ എസ് സുനിൽകുമാർ
CPI(M) ജില്ലാ കമ്മിറ്റി അംഗം, തിരുവനന്തപുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News