ആരും തിരിച്ചറിയാതിരിക്കാൻ സ്വപ്‌നയും സന്ദീപും മുഖത്ത്‌ മാറ്റങ്ങൾ വരുത്തി; നിർണായകമായത്‌ മകളുടെ ഫോൺ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷും നാലാംപ്രതി സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിൽ. ഹൈദരാബാദ്‌ യൂണിറ്റിന്‌ കീഴിലുള്ള ബംഗളൂരു സംഘമാണ്‌ ബംഗളൂരു കോറമംഗല ഒക്‌ടേവ്‌ ഹോട്ടലിൽനിന്ന്‌ ശനിയാഴ്‌ച രാത്രി ഏഴോടെ‌ ഇരുവരെയും കസ്‌റ്റഡിയിലെടുത്തത്‌. ഞായറാഴ്‌ച ബംഗളൂരു കോടതിയിൽ ഹാജരാക്കും. തുടർന്ന്‌ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിക്കും. സന്ദീപിന്റെ കാറും കസ്റ്റഡിയിൽ എടുത്തു.

വെള്ളിയാഴ്‌ചയാണ്‌ സ്വപ്‌നയും സന്ദീപും ബംഗളൂരുവിൽ എത്തിയതെന്നാണ്‌ വിവരം. ആറുദിവസത്തെ ഒളിവ്‌ ജീവിതത്തിന്‌ശേഷമാണ്‌ പിടിയിലാകുന്നത്‌‌. കുടുംബത്തോടൊപ്പം ഒളിവിലായിരുന്ന സ്വപ്‌നയുടെ മകളുടെ ഫോൺ ശനിയാഴ്‌ച ഉച്ചയോടെ ഓണായതാണ്‌ നിർണായകമായത്‌. യതായും വിവരമുണ്ട്‌.

ഇതിനിടെ അറസ്‌റ്റിലായ ഒന്നാം പ്രതി സരിത്തിനെ എൻഐഎ ഉദ്യോഗസ്ഥർ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി അഞ്ച്‌ മണിക്കൂർ ചോദ്യം ചെയ്‌തു. സ്വർണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടോ, വിദേശ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്നൊക്കെയാണ് അന്വേഷിക്കുന്നത്.

കേസിന്റെ അന്വേഷണ ചുമതല എൻഐഎ കൊച്ചി യൂണിറ്റ്‌ ഡിവൈഎസ്‌പി സി രാധാകൃഷ്‌ണപിള്ളയ്‌ക്കാണ്‌. കളിയിക്കാവിള എഎസ്ഐ വധക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനായി ചെന്നൈയിലുള്ള അദ്ദേഹം ഉടൻ നേതൃത്വം ഏറ്റെടുക്കും. സരിത്തിന്റെ ഭാര്യ അപർണ, നാലാംപ്രതി സന്ദീപിന്റെ ഭാര്യ സൗമ്യ എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. മൊഴിയെടുക്കാൻ കസ്റ്റംസ് കോടതിയുടെ അനുവാദം തേടും.

സ്വർണം കടത്താൻ ഉപയോഗിച്ച അഞ്ച്‌ ക്യാരി ബാഗുകൾ കസ്‌റ്റംസ്‌ കണ്ടെടുത്തു. സ്വർണക്കടത്തുമായി ബന്ധമുള്ള അഞ്ചു പേരുടെ വിവരങ്ങൾ കൂടി അന്വേഷണ സംഘത്തിന്‌ കിട്ടി. ഇതിൽ ചിലർക്ക്‌ തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായാണ്‌ സൂചന. കാർഗോ കോംപ്ലക്‌സിലെ 23 സിസിടിവി കാമറ ദൃശ്യങ്ങൾ കസ്‌റ്റംസ്‌ ഏറ്റുവാങ്ങി.

ബഗേജ്‌ ഏറ്റുവാങ്ങാനായി അഞ്ച്‌ തവണ സരിത്‌ വന്നതിന്റെ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്‌. മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ കസ്‌റ്റംസ്‌ എത്തി സന്ദർശക രജിസ്‌റ്ററും സിസിടിവി ദൃശ്യങ്ങളും എടുത്തു. സന്ദീപ്‌ നായരുടെ തിരുവനന്തപുരത്തെ വീട്ടിലും റെയ്‌ഡ്‌ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News