ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം ഇനി എങ്ങനെ? സുപ്രീംകോടതി വിധി നാളെ

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിന്റെ ഭരണ നിർവഹണം എങ്ങനെ വേണം, ആരുടെ മേൽനോട്ടത്തിൽ വേണം, ബി നിലവറ തുറക്കുമോ ഇല്ലയോ തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ പരമോന്നത നീതി പീഠം തിങ്കളാഴ്ച വിധി പറയുകയാണ്. മുൻ തിരുവിതാംകൂർ രാജകുടുംബത്തിന് ക്ഷേത്ര ഭരണ കാര്യത്തിൽ അവകാശം ഇല്ലെന്നും ഇതിനായി സർക്കാർ മുൻകൈ എടുത്ത് ട്രസ്റ്റ് രൂപീകരിക്കണമെന്നും 2011ൽ കേരള ഹൈക്കോടതി വിധി പറഞ്ഞിരുന്നു.

ഇത് ചോദ്യം ചെയ്ത് മുൻ രാജ കുടുംബാംഗം ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ, ചില ക്ഷേത്ര വിശ്വാസികൾ എന്നിവർ നൽകിയ അപ്പീലിലാണ് വിധി ഉണ്ടാവുക. സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഒരു ദശകത്തോളം നീണ്ടു നിന്ന സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിൽ വിധി പറയാൻ ഒരുങ്ങുന്നത്. ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തുന്ന ഏറെ ചരിത്ര പാരമ്പര്യം പേറുന്ന പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാര തർക്കത്തിൽ കീഴ്‌ക്കോടതി മുതൽ സുപ്രീംകോടതി വരെ വിവിധ കാല ഘട്ടങ്ങളിൽ നടന്നത് സങ്കീർണമായ നിയമ പോരാട്ടങ്ങളാണ്. അതിന്റെ നാൾ വഴികളും പ്രധാന വാദ മുഖങ്ങളുമാണ് ലേഖനത്തിൽ പങ്കുവയ്ക്കുന്നത്.

ക്ഷേത്ര ഭരണം എങ്ങനെ ചോദ്യം ചെയ്യപ്പെട്ടു. കേസിലെത്തി

ക്ഷേത്രത്തിലെ ചില ജോലിക്കാർ, വിശ്വാസികൾ എന്നിവർ ക്ഷേത്ര ഭരണത്തിലെ വീഴ്ചകൾ ഉന്നയിച്ചുകൊണ്ട് കീഴ്ക്കോടതികളിൽ നൽകിയ ഹർജികളിൽ തുടങ്ങിയ വിഷയം സുപ്രീംകോടതി വരെ നീണ്ട നിയമ വ്യവഹാരത്തിൽ എത്തി നിൽക്കുന്നത്. ഇതിൽ ആദ്യത്തെ കേസ് ഫയൽ ചെയ്യപ്പെടുന്നത് 2007സെപ്റ്റംബറിലാണ്.

എൻ വിശ്വംഭരൻ, ആർ പദ്മനാഭൻ എന്നിവരാണ് സബ് കോടതിയിൽ സ്യുട്ട് ഫയൽ ചെയ്തത്. നിലവറകൾ തുറക്കുന്നതിൽ നിന്ന് മുൻ രാജ കുടുബത്തെയും ഭരണ സമിതിയെയും വിലക്കണമെന്നായിരുന്നു ആവശ്യം. നിലവറയിലെ സ്വത്തുക്കൾ നഷ്ടം ആകുന്നു എന്നായിരുന്നു ആരോപണം.

തുടർന്ന് കോടതി മുൻ രാജ കുടുംബത്തെ വിലക്കികൊണ്ടുള്ള ഉത്തരവിറക്കി. എന്നാൽ അതേസമയം ക്ഷേത്ര ആവശ്യങ്ങൾക്ക് നിലവറകൾ തുറക്കണം എന്നതിനാൽ ഈ ചുമതല നിർവഹിക്കാൻ അഭിഭാഷക കമ്മീഷണർമാരെ കോടതി നിയോഗിച്ചു. ഇത് കൂടാതെ 2009ൽ രണ്ട് ഹർജികൾ മുൻസിഫ് കോടതിയിൽ ഫയൽ ചെയ്യപ്പെട്ടു.

ഗീത കുമാരി എന്ന ജീവനക്കാരി നൽകിയ ഹർജിയിൽ ക്ഷേത്രത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് അധികാരം ഇല്ലെന്ന വാദമായിരുന്നു മുന്നോട്ട് വച്ചത്. അതേ വർഷം ആർ ചന്ദ്രൻ കുട്ടി എന്ന ക്ഷേത്ര ജീവനക്കാരുടെ സംഘടന നേതാവ് നൽകിയ ഹർജിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പദവി ചോദ്യം ചെയ്തുള്ളത് ആയിരുന്നു.

കേസിന്റെ സുപ്രധാന നാൾ വഴികൾ

18 – 12- 2009 : ടി പി സുന്ദര രാജൻ എന്ന വ്യക്തി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകുന്നു. ഗുരുവായൂര്‍ മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണം, ക്ഷേത്രം സംരക്ഷിത സ്മാരകം ആക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പിന് നിർദേശം നൽകണം എന്നിങ്ങനെ ആവശ്യങ്ങൾ.

3- 2- 2010 : മുൻ രാജകുടുംബം ഹൈക്കോടതിയിൽ. കല്ലറ തുറക്കുന്നതിൽ വിലക്കുകൾ ഏർപ്പെടുത്തുകയും പകരം സംവിധാനം ഏർപ്പാടാക്കുകയും ചെയ്ത കീഴ്ക്കോടതികളുടെ പരിഗണനയിൽ ഉള്ള കേസുകൾ ഹൈക്കോടതി പരിഗണിക്കണം
എന്ന് ആവശ്യപ്പെട്ട് ഭരണ ഘടനയുടെ 228ആം അനുച്ഛേദ പ്രകാരം റിട്ട് ഹർജി നൽകുന്നു. ഭരണ ഘടന സംബന്ധിയായ ചോദ്യങ്ങൾക്ക് ഹൈക്കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് നിലപാട് അറിയിക്കുന്നു.

31-1-2011: ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന് ഹൈക്കോടതി വിധി. ജസ്റ്റിസ്മാരായ സി.എൻ.രാമചന്ദ്രൻ കെ.സുരേന്ദ്ര മോഹൻ എന്നിവർ അംഗങ്ങൾ ആയ ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു വിധി.

27- 4- 2011: ഹൈക്കോടതി വിധിക്ക് എതിരെ മുൻ തിരുവിതാംകൂർ രാജ കുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ അപ്പീൽ നൽകുന്നു

2- 5- 2011 : കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു. ചില നിർദേശങ്ങളും പുറപ്പെടുവിക്കുന്നു

1. നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക. വിവരം കോടതിക്ക് നൽകുക

2.ക്ഷേത്ര സുരക്ഷയ്ക്ക് കൂടുതൽ പോലീസ് സംവിധാനം ഏർപ്പാടുക്കുക

8-7- 2011 : ബി നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

21-7-2011: മുൻപ് ഉണ്ടായിരുന്ന നിരീക്ഷണ സമിതി ഒഴിവാക്കി. 5 അംഗ വിദ്ഗദ സമിതി ഉണ്ടാക്കി. ഈ സമിതിക്ക് മുകളിൽ ഒരു മൂന്ന് അംഗ മേൽനോട്ട സമിതിയും ഉണ്ടാക്കി

23-8- 2012: കേസിൽ കോടതിയെ സഹായിക്കാൻ പ്രശസ്ത അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറി ആയി നിയമിച്ചു

16-12-2013: സുപ്രീംകോടതിയെ സമീപിച്ച ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ മരിച്ചു.

9- 4-2014: മാർത്താണ്ഡ വർമയ്ക്ക് പകരം മൂലം തിരുനാൾ രാമവർമ്മ കക്ഷിയായി ചേരുന്നു

15- 4- 2014 – അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകുന്നു.

24/4/2014 : അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ 5 അംഗ ഭരണ സമിതി രൂപീകരിച്ച് സുപ്രീംകോടതി. തന്ത്രി, മുഖ്യ നമ്പി, ജില്ലാ ജഡ്ജി ശുപാർശ ചെയ്യുന്ന രണ്ട് അംഗങ്ങൾ എന്നിവർ അടങ്ങുന്ന സമിതി( ഈ സമിതിയാണ് ഇപ്പോഴും ക്ഷേത്രഭരണം നിർവഹിക്കുന്നത്). ക്ഷേത്ര സ്വത്തുക്കളുടെയും മറ്റും ഓഡിറ്റിന് മുൻ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തുന്നു.

25-11-2018 അമികസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിയാൻ അനുവദിക്കണം എന്ന് ഗോപാൽ സുബ്രഹ്മണ്യം. ആവശ്യം കോടതി അംഗീകരിച്ചു.

10- 4- 2019: കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റി.

2011ലെ ഹൈക്കോടതി വിധിയിൽ പറയുന്ന നിർദേശങ്ങൾ

1.പദ്മനാഭ സ്വാമി ക്ഷേത്ര ഭരണ നിർവഹണത്തിന് വേണ്ടി സംസ്ഥാന സർക്കാർ ഒരു ട്രസ്റ്റോ അല്ലെങ്കിൽ നിയമപരമായ മറ്റ് ഭരണ സംവിധാനമോ രൂപീകരിക്കുക

2. മുഴുവൻ നിലവറകളും തുറക്കുക. അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക.

3. ഈ അമൂല്യ വസ്തുക്കളുടെ പ്രദർശനത്തിന് ക്ഷേത്ര പരിസരത്ത് ഒരു മ്യുസിയം ഉണ്ടാക്കുക. ടിക്കറ്റ് അടിസ്ഥാനത്തിൽ ഇത് ഭക്തർക്കും വിനോദ സഞ്ചരികൾക്കും കാണാൻ അനുമതി നൽകുക

4. ക്ഷേത്ര സുരക്ഷയ്ക്ക് കൂടുതൽ പോലീസിനെ വിന്യസിക്കുന്നത് സർക്കാർ പരിഗണിക്കണം. അതല്ലെങ്കിൽ ക്ഷേത്ര സുരക്ഷാ ജീവനക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുക

5. മുൻ രാജ കുടുംബത്തിന് ആറാട്ട് ഘോഷ യാത്ര പോലെയുള്ള കാര്യങ്ങളിൽ പ്രാതിനിധ്യം നൽകുക

തിരുവിതാംകൂർ മുൻ രാജകുടുംബത്തിന്റെ നിലപാട്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പൊതു ക്ഷേത്രമാണ്. സ്വകാര്യ ക്ഷേത്രമെന്ന ഹൈക്കോടതിയിലെ നിലപാട് സുപ്രീംകോടതിയിലെത്തിയപ്പോൾ മാറ്റി. 2019 ജനുവരി 29ന് മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ കോടതിയിലെ വാദത്തിൽ പൊതുക്ഷേത്രമെന്ന വ്യക്തമാക്കി. പത്മനാഭ സ്വാമിനക്ഷേത്രം പൊതു ക്ഷേത്രമെന്ന് 4-7-2001ന് ഹൈക്കോടതി വിധി ഉണ്ടായിരുന്നു ഈ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്.

ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണ്

കാലാ കാലങ്ങളായി രാജകുടുംബത്തിന് കീഴിലാണ് ക്ഷേത്ര ഭരണം. ക്ഷേത്ര ഭരണത്തിന് പദ്മനാഭ ദാസൻ എന്ന നിലയിൽ ക്ഷേത്ര ഭരണം തുടരാൻ രാജ കുടുംബത്തിനെ അനുവദിക്കണം

1949ലെ കവനന്റ് പ്രകാരം തിരുവിതാംകൂർ ഭരണാധികാരിക്ക് കീഴിലാണ് ട്രസ്റ്റ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പദ്മനാഭ ദാസൻ എന്ന നിലയിൽ ക്ഷേത്ര ഭരണത്തിന് അവകാശം ഉണ്ട്

ഭരണ ഘടനയുടെ 362ആം അനുച്ഛേദത്തിൽ കവനന്റ് വ്യവസ്ഥകൾക്ക് അർഹമായ പരിഗണന നൽകുമെന്ന് പറയുന്നുണ്ട്. അത് ലഭിക്കണം

1950ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദു ആരാധനലയ ചട്ടത്തിൽ ക്ഷേത്രം മാനേജിങ് ട്രസ്റ്റിയിൽ നിക്ഷിപ്‌തം എന്നു പറയുന്നു.

സംസ്ഥാന സർക്കാർ നിലപാട്

നിയമത്തിന്റെ കണ്ണിൽ വിഗ്രഹത്തിന് പ്രായപൂർത്തി ആകുന്നില്ല. അതിനാൽ വിഗ്രഹത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കുന്ന കാര്യത്തിൽ കോടതിക്ക് തീരുമാനം എടുക്കാം.

സുപ്രധാനവും സമ്പന്നവുമായ ക്ഷേത്രത്തിന്റെ സ്വത്തുക്കൾ ശരിയായ വിധത്തിൽ അല്ല ഭരിക്കപ്പെടുന്നത് എന്നാണ് അമിക്കസ് റിപ്പോർട്ട്.

ക്ഷേത്ര സുരക്ഷയ്ക്കും അതിന്റെ പുനരുദ്ധാരണത്തിനും സംസ്ഥാന സർക്കാർ പണം ചെലവാക്കുന്നു.

ക്ഷേത്ര ഭരണത്തിന് നിയമ നിർമാണം പാടില്ല, അല്ലെങ്കിൽ കോടതി ഇക്കാര്യത്തിൽ തീരുമാനം എടുക്കരുത് തുടങ്ങിയ വാദങ്ങൾ നില നിൽക്കില്ല. പഴയ പല കേസുകളിലൂടെയും കോടതി ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്.

പുതിയ ഭരണ സംവിധാനം ഏർപ്പെടുത്തുന്നതിൽ സർക്കാർ മുൻകൈ എടുക്കാൻ തയ്യാറാവുന്നത് വിശ്വാസികൾക്ക് വേണ്ടിയാണ്.

ഹർജിക്കാർ വിശ്വാസികളുടെ താല്പര്യം പ്രതിഫലിപ്പിക്കുന്നില്ല.

ക്ഷേത്ര ഭരണ നിർഹണത്തിന് ഒരു എട്ട് അംഗ സമിതിയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഇതിൽ അഞ്ചു പേരെ മന്ത്രിസഭ നാമനിർദേശം ചെയ്യും. നാമനിർദേശം ചെയ്യുക മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ ആയിരിക്കും. ഈ അഞ്ചു പേരിൽ വനിതാ പട്ടിക വിഭാഗം പ്രാതിനിധ്യം ഉറപ്പാക്കും.

എക്സിക്യൂട്ടീവ് ഓഫീസറാണ് അടുത്ത അംഗം
മുൻ രാജ കുടുംബത്തിന്റെ അംഗം പദ്മാനാഭ ദാസൻ എന്ന നിലയിൽ ഭരണ സമിതിയിൽ അംഗം ആയിരിക്കും. കൂടാതെ ക്ഷേത്രത്തിന്റെ
മുഖ്യതന്ത്രിയെ എക്സ് – ഒഫീഷ്യോ അംഗമാക്കും.

നിധി കാക്കും നിലവറകൾ

ലക്ഷകണക്കിന് കോടി മൂല്യമുള്ള അമൂല്യ സ്വത്തു ശേഖരമാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഉള്ളത്. ആകെ ആറു നിലവറകൾ. എ, ബി സി ഡി ,ഇ, എഫ് എന്നിങ്ങനെ. ഇതിൽ എ ബി നിലവറകൾ നൂറ്റാണ്ടുകളായി തുറന്നിരുന്നില്ല.
8-7- 2011ന് ബി നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ബി നിലവറ ഇപ്പോഴും തുറക്കാതെ കിടക്കുന്നു. ബി നിലവറ വിഗ്രഹത്തിന്റെ നേരെ താഴെ ഉള്ളത് ആണെന്നും അത് തുറക്കുന്നത് വിഗ്രഹത്തിന്റെ ചൈതന്യത്തെ ബാധിക്കും ക്ഷേത്രത്തിനും നാടിനും നല്ലതല്ല എന്നുമാണ് മുൻ രാജ കുടുംബവും വിശ്വാസികളായ ചില ഹര്ജിക്കാരും പറയുന്നത്. ബി നിലവറയ്ക്ക് രണ്ടു തട്ടുകളാണ്.

കരിങ്കൽ വാതിലുകൾ ഉപയോഗിച്ച് അടച്ചിട്ടാണ് ഉള്ളത്. ഇതു തുറക്കാൻ ഇപ്പോൾ സംവിധാനമില്ല. അതുകൊണ്ട് തുറക്കണമെങ്കിൽ വാതിലുകൾ തകർക്കണം. ഇത് ക്ഷേത്രത്തിനു നാശമുണ്ടാക്കും എന്നും പറയുന്നു. ഏതായാലും ഈ നിലവറ തുറക്കണോ എന്നതിലും കോടതി ഉത്തരം നൽകാനാണ് സാധ്യത. സി,ഡി,ഇ,എഫ് നിലവറകളിലെ ആഭരണങ്ങൾ ഉത്സവത്തിനും നിത്യ പൂജകൾക്കും ഒക്കെയും ഉപയോഗിക്കുന്നവയാണ്. ഇ എഫ് എന്നീ നിലവറകളുടെ രക്ഷാധികാരിമാർ പെരിയ നമ്പിയും തെക്കേടം നമ്പിയുമാണ് എന്ന് പറയപ്പെടുന്നു.

ഓഡിറ്റിലെ കണ്ടെത്തലും വിമർശനവും

മുൻ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായിയെ ക്ഷേത്ര സ്വത്തുക്കളുടെയും മറ്റും ഓഡിറ്റിന് സുപ്രീംകോടതി 2014ലാണ് ചുമതലപ്പെടുത്തുന്നത്. 575പേജുള്ള ഒരു റിപ്പോർട്ട് അദ്ദേഹം 2015 ഫെബ്രുവരിയിൽ കോടതിക്ക് സമർപ്പിച്ചു. നിരവധി കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങിയത് ആയിരുന്നു ആ റിപ്പോർട്ട്.

1. വർഷങ്ങളായി പലതിനും കൃത്യമായ കണക്ക് പുസ്തകം സൂക്ഷിച്ചിരുന്നില്ല

2. സ്വത്തുക്കളുടെ മൂല്യ നിർണയത്തിന് ക്ഷേത്രത്തിന്റെ പക്കൽ കൃത്യമായ സംവിധാനം ഇല്ല

3. വിശ്വാസികളുടെ സംഭാവനാ വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.

4. ബി നിലവറ 7 തവണ തുറന്നിട്ടുണ്ട്

5.ഏകദേശം 186 കോടി രൂപ വിലമതിക്കുന്ന 769 സ്വർണക്കുടങ്ങൾ കാണാതായി

ഓഡിറ്റർ മുൻ രാജകുടുംബത്തിന്റെ ഭാഗം പൂർണമായും കേൾക്കാതെ ഏകപക്ഷീയമായ നിലയിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി എന്നാണ് രാജ കുടുംബത്തിന്റെ വിമർശനം. ബി നിലവറയിലേക്കുള്ള ഓപ്പണിങ് മാത്രമാണ് മുൻപ് തുറന്നത് അല്ലാതെ ബി നിലവറ തുറന്നിട്ടില്ല. ഇക്കാര്യം റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഓഡിറ്റർ മനസ്സിലാക്കിയില്ല. സ്വത്തുക്കൾ ഓഡിറ്റ് നടത്തുന്നതിന് മാത്രമായിരുന്നു നിർദ്ദേശം. എന്നാൽ അതിൽ കവിഞ്ഞ് വിനോദ് റായി തന്റെ റിപ്പോർട്ടിൽ പല ശുപാർശകളും കൂടി ഇതിൽ ഉൾപ്പെടുത്തി എന്നുമാണ് റിപ്പോർട്ടിനെതിരെ ഉന്നയിക്കപ്പെടുന്ന വിമർശനം.

സുപ്രീംകോടതി വിധി

നിലവിലെ ഭരണ സമിതി സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഒരു താൽക്കാലിക സംവിധാനം മാത്രമാണ്. അതുകൊണ്ട് തന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തിന് പുതിയ ഭരണ സംവിധാനം ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പ്. എങ്ങനെയാണ് ഇത് എന്നാണ് ഇനി അറിയേണ്ടത്. ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുമോ അല്ല സർക്കാർ മുന്നോട്ട് വച്ച നിർദേശം കോടതി പൂർണ്ണമായും അംഗീകരിക്കുമോ എന്നതിൽ മാത്രം ഒതുങ്ങുന്നത് അല്ല സാധ്യതകൾ. കോടതിയുടെ പരിഗണനയിൽ വന്ന മറ്റ് അഭിപ്രായങ്ങളും ക്രോഡീകരിച്ച് പുതിയ ഒരു ഭരണക്രമവും കോടതിക്ക് നിർദേശിക്കാൻ സാധിക്കും. ഏതായാലും പുതിയ ഭരണ സംവിധാനത്തിൽ മുൻ രാജ കുടുബത്തിന് ലഭിക്കുന്ന പ്രധാന്യം എത്രയാണെന്ന് കണ്ടു തന്നെ അറിയണം.

2011 ഏപ്രിലിൽ സുപ്രീംകോടതിയിൽ

എത്തിയ കേസിൽ 3364 ദിവസങ്ങൾക്ക് ശേഷമാണ് വിധി വരാൻ പോകുന്നത്. ഇതിനിടെ പല തവണ കോടതി ലിസ്റ്റ് ചെയ്ത കേസിൽ 25 തവണയാണ് പ്രധാനമായും വാദം നടന്നത്. ഈ കേസിലെ വിധി പറയുന്ന ജസ്റ്റിസ് യു യു ലളിത് അധ്യക്ഷൻ ആയ ബെഞ്ചിലെ മറ്റൊരു അംഗം ജസ്റ്റിസ് ഇന്ദു മൽഹോത്ര ആണ്. ഇന്ദു മൽഹോത്ര എന്നാൽ വിധി പറയുമ്പോൾ ബെഞ്ചിന്റെ ഭാഗമായി ഇരിക്കില്ല. നാളെ ജസ്റ്റിസ് യു യു ലളിത് ജസ്റ്റിസ്മാരായ എം ശാന്തന ഗൗഡർ, ജസ്റ്റിസ് വിനീത് ശരൺ എന്നിവരുടെ കൂടെയാണ് കേസ് കേൾക്കാൻ ഇരിക്കുന്നത്. ഈ കേസുകൾ പരിഗണിച്ചു തുടങ്ങും മുൻപായാകും അദ്ദേഹം പത്മനാഭ സ്വാമി കേസിൽ വിധി പറയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here