സ്വപ്നയും സന്ദീപും റിമാന്‍ഡില്‍ ; റിമാന്‍ഡ് 3 ദിവസത്തേക്ക്; ഇവരെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും; പ്രതികളെ 10 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചി എന്‍ഐഎ കോടതി മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രതികളെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികള്‍ക്കായി പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എന്‍ഐഎ നല്‍കിയത്. കോവിഡ് പരിശോധനാഫലം നെഗറ്റീവായാല്‍ കോടതി കസ്റ്റഡി അപേക്ഷയും പരിഗണിക്കും.

ബംഗളൂരുവില്‍ ശനിയാ‍ഴ്ച വൈകിട്ട് പിടികൂടിയ പ്രതികളെ അതീവസുരക്ഷയോടെ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ച ശേഷം മണിക്കൂറുകള്‍ക്കകം തന്നെ കൊച്ചിയിലെ പ്രത്യക എന്‍ഐഎ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പ്രതികള്‍ക്കായി പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയും നല്‍കി. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇരുവരുടെയും പരിശോധനാഫലം നെഗറ്റീവായാല്‍ മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കാനാവൂവെന്ന് ജഡ്ജി പി കൃഷ്ണകുമാര്‍ അറിയിച്ചു. പിന്നീട് ഇരുവരെയും കോടതി നിര്‍ദേശപ്രകാരം കോവിഡ് സെന്‍ററിലേക്ക് മാറ്റി.

അതീവ സുരക്ഷ പരിഗണിച്ച് സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് സെന്‍ററായ അമ്പിളിക്കല ഹോസ്റ്റലിലേക്കും സന്ദീപിനെ അങ്കമാലി കറുകുറ്റി സെന്‍ററിലേക്കുമാണ് മാറ്റിയത്.

പ്രതികള്‍ക്കായി അഭിഭാഷകര്‍ ഇല്ലാത്തതിനാല്‍ നിയമസഹായം ലഭ്യമാക്കാന്‍ കെല്‍സ വ‍ഴി അഭിഭാഷകയെ എത്തിക്കുകയായിരുന്നു. കൂടുതല്‍ വാദങ്ങള്‍ കോടതിയിലുണ്ടായില്ലെന്നും പ്രതികള്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതായും അഭിഭാഷക പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനും നാലാം പ്രതിയായ സന്ദീപ് നായര്‍ക്കും വ്യക്തമായ പങ്കുണ്ടെന്നും തീവ്രവാദ ബന്ധങ്ങള്‍ പരിശോധിക്കണമെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സ്വപ്നയെയും സന്ദീപിനെയും കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗളൂരുവില്‍ നിന്നും അതീവ സുരക്ഷാവലയത്തില്‍ പുലര്‍ച്ചെ പുറപ്പെട്ട വാഹനം പ്രതികളുമായി ഉച്ചയ്ക്ക് ശേഷം 2.30ഓടെയാണ് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചത്. വാളയാര്‍ ചെക് പോസ്റ്റ് വ‍ഴി കടന്ന പ്രതികളുടെ വാഹനം കാണുന്നതിനായി റോഡിനിരുവശവും ആളുകള്‍ തടിച്ചുകൂടിയിരുന്നു.

നിരവധിയിടങ്ങളില്‍ സാമൂഹിക അകലം പോലും പാലിക്കാതെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പൊലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ സരിത്തിനെയും റെമീസിനെയും കൊച്ചി കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News