രാജസ്ഥാനില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നു; സച്ചിന്‍ പൈലറ്റിന്റെയും ബിജെപിയുടെയും ചാക്കിട്ട് പിടിത്തം ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റി കോണ്‍ഗ്രസ്

ദില്ലി: രാജസ്ഥാനില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നു. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെയും ബിജെപിയുടെയും ചാക്കിട്ട് പിടിത്തം ഭയന്ന് പാര്‍ട്ടി എം.എല്‍.എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേയ്ക്ക് മാറ്റി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ കൂടിയ നിയമസഭ കക്ഷി യോഗത്തിന് ശേഷമാണ് എം.എല്‍.എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 97 എം. എല്‍. എമാര്‍ പങ്കെടുത്തുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. സ്വന്ത്രരടക്കം 109 പേരുടെ പിന്തുണ ഉണ്ടെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട് അറിയിച്ചു. എന്നാല്‍ 94 എം. എല്‍. എ മാര്‍ മാത്രമേ യോഗത്തില്‍ വന്നിട്ടുള്ളുവെന്നുമുള്ള കാര്യങ്ങള്‍ പുറത്ത് വന്നു. യോഗത്തിന് പിന്നാലെ എല്ലാ എം. എല്‍. എ മാരെയും കോണ്‍ഗ്രസ് റിസോര്‍ട്ടിലേയ്ക്ക് മാറ്റി.

സച്ചിനൊപ്പം രണ്ട് മന്ത്രിമാരടക്കം 13 എം. എല്‍ എമാര്‍ മാത്രമാണുള്ളതെന്നാണ് സൂചന. ബിജെപി ഭരിക്കുന്ന ഹരിയാനയിലെ റിസോര്‍ട്ടില്‍ തങ്ങുന്ന സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തില്ല. അതെ സമയം പൈലറ്റുമായുള്ള ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നിട്ടുണ്ട് എന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സച്ചിന്‍ പൈലറ്റുമായി സംസാരിച്ചു. പിന്തുണക്കുന്ന എം. എല്‍. എമാരെ ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ അണിനിരത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്ഥിരതയില്‍ സംശയമില്ലെന്ന് രണ്‍ദീപ് സിംഗ് സുര്‍ജെവാല വ്യക്തമാക്കി. സച്ചിന്‍ പൈലറ്റുമായി ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൈലറ്റിനൊപ്പം ശനിയാഴ്ച ഡല്‍ഹിയിലെത്തിയ മൂന്ന് എംഎല്‍എമാര്‍ ജയ്പൂരിലേക്ക് മടങ്ങി പോയി. അതെസമയം, ബിജെപിയുമായി സച്ചിന്‍ പൈലറ്റ് ചര്‍ച്ചകള്‍ തുടരുന്നു. ബി. ജെ. പിയില്‍ ചേരാതെ, പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബി. ജെ. പിയുടെ പിന്തുണ തേടുകയാണ് ലക്ഷ്യം.

അതിനിടെ, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്റെ ബിസിനസ് പങ്കാളിയുടെ ഡല്‍ഹിയിലെയും ജയ്പ്പൂരിലെയും വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ജയ്പ്പൂരിലെ പി സി സി ഓഫിസിലെ സച്ചിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News