മഹാരാഷ്ട്രയില്‍ കോവിഡ് ഹോട്ട് സ്‌പോട്ടായി മുംബൈയെ മറി കടന്ന് താനെ ജില്ല

മുംബൈയുടെ പ്രാന്തപ്രദേശമായ താനെ ജില്ലയില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ്. ലോക് ഡൗണിന് മുമ്പ് ലോക്കല്‍ ട്രെയിനുകളില്‍ തിക്കി തിരക്കി യാത്ര ചെയ്തിരുന്ന ഒരു വലിയ വിഭാഗം ഈ പ്രദേശത്ത് നിന്നുള്ളവരായിരുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ, താനെ ജില്ലയിലെ ആദ്യ കേസ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരു വ്യക്തിയായിരുന്നു. കൂടാതെ അന്തര്‍സംസ്ഥാന യാത്രകള്‍ ആദ്യകാലത്തെ രോഗവ്യാപനത്തിന്റെ ഉറവിടമായി തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള ആഴ്ചകളില്‍, രണ്ട് മൊത്ത പച്ചക്കറി വിപണികള്‍ കോവിഡ് ബാധയുടെ കുതിച്ചുചാട്ടമായി മാറിയതോടെ രോഗവ്യാപനത്തിന്റെ വേഗത കൂടുകയായിരുന്നു.

താനെ ജില്ലയില്‍ അമ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1540 പേര്‍ മരണമടഞ്ഞു. താനെ ജില്ലയില്‍ മാത്രം 16 മലയാളികളാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ഇത് വരെ 48 മലയാളികള്‍ മരണപ്പെട്ടു.

കോവിഡ് പ്രതിസന്ധിയില്‍ ചികിത്സ ലഭിക്കാതെ ഇതര രോഗങ്ങള്‍ മൂലം 7 മലയാളികളാണ് താനെ ജില്ലയില്‍ മാത്രം മരണത്തിന് കീഴടങ്ങിയത്. ഐരോളിയിലായിരുന്നു മാര്‍ച്ച് 22 നാണ് സംസ്ഥാനത്ത് ആദ്യമായി ഒരു മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

താനെ ജില്ലയിലെ നിരവധി മലയാളികള്‍ നഗരത്തിലെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലും ചികിത്സയിലുമാണ്. താനെയില്‍ സാമൂഹിക പ്രവര്‍ത്തകരും കെയര്‍ 4 മുംബൈ, ലൈഫ് ലൈന്‍, ജനപക്ഷം, മഹാരാഷ്ട്ര മലയാളി ഹെല്‍പ്പ് ഡെസ്‌ക്, കരുണ, ബ്രേക്ക് ദി ചെയിന്‍, തുടങ്ങിയ കൂട്ടായ്മകളാണ് പ്രദേശത്തെ മലയാളികള്‍ക്ക് കരുതലിന്റെ കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നത്.

കോവിഡ് രോഗ വ്യാപനത്തില്‍ ജൂലൈ ആദ്യ വാരം പിന്നിടുമ്പോള്‍ താനെ ജില്ല മുംബൈ നഗരത്തെ മറി കടന്നിരുന്നു. ആയിരത്തില്‍ കൂടുതല്‍ പുതിയ കേസുകളാണ് ഈ മേഖലയിയില്‍ വ്യാപിച്ചത്. താനെക്കായി പ്രത്യേക പരിശോധന കണക്കുകള്‍ ലഭ്യമല്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് പരിശോധന ഫലം ഉണ്ടായിരിക്കുന്നത് നിലവില്‍ താനെ ജില്ലയിലാണ്.

ജില്ലയുടെ കോവിഡ് കണക്കുകളില്‍ ഭൂരിഭാഗവും താനെ, കല്യാണ്‍-ഡോംബിവ്ലി, നവി മുംബൈ എന്നീ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നിന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഭീവണ്ടിയിലാണ് ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് അണുബാധയുടെ പ്രഭവ കേന്ദ്രമായി മാറിയ താനെയിലെ കേസുകള്‍ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പുറത്തേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന ശരാശരിയായ 23 ദിവസവും മുംബൈ നഗരത്തിന്റെ ശരാശരിയായ 50 ദിവസവും ദേശീയ ശരാശരിയായ 20 ദിവസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താനെയില്‍ ഓരോ 18 ദിവസത്തിലുമാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നത്.

കോവിഡ് മുംബൈയില്‍ പൊട്ടിപുറപ്പെട്ടപ്പോള്‍ നഗരം ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടത് ധാരാവിയെ കുറിച്ചായിരുന്നു.

പ്രദേശത്തെ ജനസാന്ദ്രതയും ജീവിതശൈലിയും കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ വെല്ലുവിളിയായി മാറിയെങ്കിലും പ്രായോഗികവും ശാസ്ത്രീയവുമായ നടപടികളിലൂടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശത്തെ കോവിഡ് പിടിയില്‍ നിന്നും രക്ഷിക്കാന്‍ നഗരത്തിന് കഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ മുംബൈയുടെ പ്രാന്ത പ്രദേശങ്ങളിലെ സ്ഥിതി വഷളാവുകയായിരുന്നു.

രോഗബാധ സമ്പന്നരുടെ മേഖലകളിലേക്കും മുംബൈയുടെ ഉപനഗരങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയതയോടെ ഈ പ്രദേശങ്ങളെല്ലാം പതുക്കെ ഇന്ത്യയിലെ ഏറ്റവും മോശം ഹോട്ട്സ്പോട്ടുകളിലൊന്നായി മാറി. ജൂലൈ ആദ്യം മുതല്‍, പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സാമ്പത്തിക തലസ്ഥാനത്തോട് ചേര്‍ന്നുള്ള താനെ ജില്ലയിലും ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങി. ഈ മാസത്തിലെ മിക്ക ദിവസങ്ങളിലും, താനെയില്‍ പ്രതിദിനം 2,000 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജീവനക്കാരുടെ അനാസ്ഥയും അവഗണനയും

ആശുപത്രികളുടെയും ഐ സി യു കിടക്കകളുടെയും അഭാവമാണ് താനെ ജില്ലയും നേരിടുന്ന വലിയ പ്രതിസന്ധി. ഉപനഗരങ്ങളായ കല്യാണ്‍, ഡോംബിവ്ലി, ഉല്ലാസനഗര്‍, അംബര്‍നാഥ് തുടങ്ങിയ സ്ഥലങ്ങളില്‍ മികച്ച ചികിത്സ പോലും ലഭ്യമല്ല. ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം ഈ മേഖലയെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

കോവിഡ് പരിശോധന ഫലം സമയത്തിന് ലഭിക്കാതെ നിരവധി രോഗികളാണ് ദുരിതത്തിലായത് നിരവധി രോഗികളാണ് ദിവസേന പരാതിപ്പെടുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് പലയിടത്തുമെന്നാണ് രോഗികള്‍ പരാതിപ്പെടുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക കാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ അറിയാത്ത മുനിസിപ്പല്‍ ജീവനക്കാരും ആശുപത്രി സ്റ്റാഫുമാണ് ഈ മേഖല നേരിട്ട മറ്റൊരു വെല്ലുവിളി.

കോവിഡ് സ്ഥിരീകരിച്ച കെട്ടിടവും പരിസരങ്ങളും അണുമുക്തമാക്കുവാനോ ആശുപത്രികളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു രോഗികളെ പരിപാലിക്കുവാനോ വേണ്ട പരിശീലനം പോലും ഇവര്‍ക്കില്ലാതെ പോയത് പലപ്പോഴും വിപരീത ഫലങ്ങളാണ് ഉണ്ടാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News