കൊവിഡ് പ്രതിരോധം; കേരളം സ്വീകരിച്ച മാതൃക ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി; വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കാന്‍ ശ്രമിക്കണം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കേരളം ഇത് വരെ സ്വീകരിച്ച മാതൃക ഫലപ്രദമാണ്. ഇത്തരം പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നത് നാല് സങ്കേതങ്ങള്‍ ഉപയോഗിച്ചാണ്. ഒന്ന് മരണനിരക്ക്, രണ്ട് രോഗവ്യാപനം, മൂന്ന് ടെസ്റ്റിംഗ്, നാല് രോഗമുക്തി.

കേരളത്തിലെ മരണനിരക്ക് പരിശോധിച്ചാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാണെന്ന് മനസ്സിലാകും. നൂറ് കേസുകളില്‍ എത്ര മരണമുണ്ടായി എന്ന കണക്ക് ലോകശരാശരി 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനമാണ്. കര്‍ണാടകയിലേത് 1.77 ശതമാനമാണ്. തമിഴ്‌നാട്ടില്‍ 1.42 ശതമാനം. മഹാരാഷ്ട്രയില്‍ 4.16 ശതമാനം. കേരളത്തിന്റെ മരണനിരക്ക് .39 ശതമാനമാണ്.

ഒരു ദിവസത്തില്‍ എത്ര മരണങ്ങള്‍ എന്നതും പരിശോധിക്കാം. ജൂലൈ 12-ലെ കണക്ക് പ്രകാരം കര്‍ണാടകയില്‍ മരിച്ചത് 71 പേരാണ്. തമിഴ്‌നാട്ടില്‍ 68 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 173 പേര്‍ മരിച്ചു. കേരളത്തില്‍ ആ ദിവസം ഉണ്ടായത് 2 മരണങ്ങളാണ്. പത്ത് ലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു എന്നത് നോക്കിയാല്‍ കേരളത്തില്‍ അത് .9 ആണ്. ഇന്ത്യയില്‍ 17.1 ആണ് ഡെത്ത് പെര്‍ മില്യണ്‍. കര്‍ണാടകയില്‍ 11.3, തമിഴ്‌നാട്ടില്‍ 27.2, മഹാരാഷ്ട്രയില്‍ 94.2.

വളരെ മികച്ച രീതിയില്‍ കൊവിഡ് മരണം തടയാനായി. ഇത് എന്തെങ്കിലും മേന്‍മ തെളിയിക്കാനല്ല. കേരളത്തിലെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളുണ്ട്. ടെസ്റ്റുകള്‍ വേണ്ടത്രയില്ല എന്നതാണ് ഒരു പരാതി. പല തവണ ഇതിന് മറുപടി തന്നതാണ്. ടെസ്റ്റിന്റെ എണ്ണം കൂട്ടണം. ടെസ്റ്റ് പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെര്‍ മില്യണ്‍ v/s കേസ് പെര്‍ മില്യണ്‍ എന്നിവ വച്ചാണ്. നൂറ് ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര പോസിറ്റീവ് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിന് ടെസ്റ്റ് നടത്തുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞിരിക്കും.

രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാന്‍ ആവശ്യമായ രീതിയില്‍ ടെസ്റ്റ് നടത്താതിരിക്കുമ്പോഴാണ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തെ തന്നെ മികച്ചതാണ്. നിലവില്‍ 2.27 ശതമാനമാണിത്. അല്‍പനാള്‍ മുമ്പ് വരെ 2 ശതമാനത്തിലും താഴെയായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റീവ് റേറ്റ് 7.46 ശതമാനമാണ്.

കര്‍ണാടകയില്‍ 4.53, തമിഴ്‌നാട്ടില്‍ 8.57, മഹാരാഷ്ട്ര 19.25, തെലങ്കാനയില്‍ 20.6 എന്നിങ്ങനെയാണിത്. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റുകള്‍ ചെയ്യുന്നു എന്നതിന്റെ സൂചനയാണ് ടെസ്റ്റ് പെര്‍ മില്യണ്‍ v/s കേസ് പെര്‍ മില്യണ്‍. 50-ന് മുകളില്‍ ഇത് സൂക്ഷിക്കുന്നതാണ് അഭികാമ്യം. കേരളത്തിന്റെ ടെസ്റ്റ് പെര്‍ മില്യണ്‍ v/s കേസ് പെര്‍ മില്യണ്‍ ഇപ്പോള്‍ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിന് ഇവിടെ മിനിമം 44 ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. ഒരാഴ്ച മുമ്പ് വരെ നമുക്കത് 50-ന് മുകളില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. പോസിറ്റീവ് കേസുകള്‍ കൂടിയതിനാല്‍ ടെസ്റ്റുകള്‍ കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here