സ്വപ്‌നയുടെ നിയമനം; അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്‌നയുടെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറി ഫിനാന്‍സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പറയുന്നു: 

”സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തില്‍ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്. നല്ല സ്പീഡില്‍ത്തന്നെ കാര്യങ്ങള്‍ നീങ്ങുകയല്ലേ. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ. ഇവിടെ അന്വേഷണ ഏജന്‍സി ഏറ്റവും പ്രമുഖ ഏജന്‍സികളിലൊന്നാണ്. എന്‍ഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കില്ല. അതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ്.”

”ശിവശങ്കറിന്റെ കാര്യത്തില്‍, അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിര്‍ത്തിയത്. ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്സിനെയും ചുമതലപ്പെടുത്തി. അതില്‍ വീഴ്ചകള്‍ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കല്‍പ്പത്തിനനുസരിച്ച് നടപടിയെടുക്കാന്‍ പറ്റില്ല. സാധാരണഗതിയില്‍ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി. അതല്ലേ ഉണ്ടായത്. അതല്ലേ നമുക്ക് ചെയ്യാനാകുക.”

”വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. അദ്ദേഹത്തിന് നേരെ ഇനി നടപടിയെടുക്കാന്‍ വസ്തുതകള്‍ വേണം. അങ്ങനെ വന്നാല്‍, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും.”-മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel