സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി എൻഐഎ

സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി എൻഐഎ. പ്രതികളായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ പ്രതികളെ കുറിച്ച് എൻഐഎയ്ക്ക് സൂചനകൾ ലഭിച്ചിട്ടുണ്ട്. അതേസമയം റിമാൻഡിൽ കഴിയുന്ന റമീസിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കസ്റ്റഡിയിൽ ലഭിച്ച ആദ്യ ദിവസം മുതൽ കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് സ്വപ്നയിൽ നിന്നും സന്ദീപിൽ നിന്നും എൻഐഎ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്കായി സ്വർണ്ണം കടത്തിയ സംഘത്തിന് സഹായം നൽകിയവരെ കുറിച്ചും പ്രതികളിൽ നിന്ന് എൻഐഎ വിവരങ്ങൾ ശേഖരിച്ചു.

യുഎഇയുമായി ഉള്ള ഇന്ത്യയുടെ നയ തന്ത്ര ബന്ധത്തെ കള്ളക്കടത്തിന് ഉപയോഗിക്കാൻ പ്രതികൾ വ്യാജ രേഖകളും സീലും ഉണ്ടാക്കിയതായി എൻഐഎ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പലപ്പോഴായി ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം പല അളവുകളിലായി കടത്തിയ പ്രതികൾ പണം ഇതിനു മുൻപും തീവ്രവാദത്തിനായി എത്തിച്ചു നൽകിയിട്ടുണ്ട്.

ഒടുവിൽ കസ്റ്റംസ് പിടികൂടിയ റമീസിലും അവസാനിക്കുന്നില്ല പ്രതികളുടെ പേരുകൾ എന്നാണു എൻഐഎയുടെ ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരം. മാൻ വേട്ട കേസിലും തോക്ക് കേസിലും പ്രതിയായ റമീസിന് അന്നെല്ലാം രക്ഷപ്പെടാൻ അയാൾക്ക് ഉണ്ടായിരുന്ന രാഷ്ട്രീയ ബന്ധങ്ങൾ സഹായിച്ചിട്ടുണ്ട്. അത്തരം ബന്ധങ്ങൾ രാജ്യ ദ്രോഹ പ്രവർത്തനങ്ങൾക്കായി സ്വർണ്ണം കടത്തിയപ്പോഴും സഹായത്തിനു ഉണ്ടായിരുന്നോ എന്ന കാര്യവും എൻഐഎ അന്വേഷിച്ചുവരികയാണ്.

നിലവിൽ ആലുവ സബ്ജയിലിൽ റിമാൻഡില്‍ കഴിയുന്ന റമീസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കസ്റ്റംസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ റെമീസ് നാലാം പ്രതിയാണ്. സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയായും സന്ദീപിനെ മൂന്നാം പ്രതിയായും പ്രതിചേര്‍ത്തിട്ടുണ്ട്. സന്ദീപിന്‍റെ ആഡംബര വാഹനത്തില്‍ റെമീസ് സ്വര്‍ണം കടത്തിയിരുന്നതായും കസ്റ്റംസ് കണ്ടെത്തി.

നെടുമങ്ങാട്ടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത വാഹനം ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. മാന്‍വേട്ട കേസിലും തോക്ക് കടത്താന്‍ ശ്രമിച്ച കേസിലും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവായ റമീസ് പിടിയിലായിരുന്നു.

എന്നാല്‍ രാഷ്ട്രീയബന്ധം ഉപയോഗപ്പെടുത്തിയാണ് ഇയാൾ അന്ന് രക്ഷപ്പെട്ടത്. അതേസമയം കേസിലെ ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസിനു പുറമെ സ്വപ്നയ്ക്കും സന്ദീപിനുമൊപ്പം എന്‍ഐഎയും ഇന്ന് ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News