ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് സൂരജ്

ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് പ്രതി അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജ് (27). മാധ്യമങ്ങളോട് ആയിരുന്നു സൂരജിന്റെ കുറ്റസമ്മതം. വനം വകുപ്പിന്‍റെ തെളിവെടുപ്പിനിടെ കര​ഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. എന്നാൽ, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.

സംഭവത്തിൽ വൻ ആസൂത്രണമാണ് പ്രതി നടത്തിയത്. പാമ്പിനെ കൈകാര്യം ചെയ്യാൻ യു ട്യൂബ് പഠനം മുതൽ കൈകളുടെ ചലന പരിശീലനം വരെ നടത്തിയ ശേഷമാണ് ഇയാൾ മൂന്നാമത്തെ ശ്രമത്തിലാണ് ഭാര്യ അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്ര (25) യെ കൊലപ്പെടുത്തിയത്.

മേയ് 7നു പുലർച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയിൽ മൂർഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു സൂരജ് ജ് എന്നാണു പൊലീസ് പറഞ്ഞത്. തലേദിവസം ഉത്രയുടെ വീട്ടിലെത്തുമ്പോൾ സൂരജിന്റെ കയ്യിൽ വലിയ ബാഗുണ്ടായിരുന്നു. പാമ്പിനെ സൂക്ഷിച്ച കുപ്പി ഇതിലുണ്ടായിരുന്നുവെന്നാണു കരുതുന്നത്. ഇത് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചു.

രാത്രി വീട്ടിൽ എല്ലാവർക്കും സൂരജ് ജ്യൂസ് ഉണ്ടാക്കിക്കൊടുത്തു. സൂരജ് കുടിച്ചില്ല. ആ പങ്കു കൂടി ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. ഉറങ്ങുന്നതിനു മുൻപ് തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താൻ മരുന്നു നൽകിയതായി ഇയാൾ സമ്മതിച്ചു. ഉറക്കത്തിൽ പാമ്പുകടിയേറ്റ ഉത്ര മരണത്തിലേക്കു നീങ്ങുന്നത് ഉറങ്ങാതെ നോക്കിയിരിക്കുകയായിരുന്നു സൂരജെന്നു പൊലീസ് പറയുന്നു. രാവിലെ ആറരയോടെ കിടപ്പുമുറിയിലെത്തിയ ഉത്രയുടെ അമ്മയാണ് മകളെ ചലനമറ്റ നിലയിൽ കണ്ടെത്തുന്നത്. അപ്പോൾ സൂരജ് വീട്ടിലുണ്ടായിരുന്നില്ല.

ഉത്രയെ പാമ്പുകടിപ്പിക്കാൻ ഫെബ്രുവരി 29 നാണ് സൂരജ് ആദ്യശ്രമം നടത്തിയത്. അന്ന് സൂരജിന്റെ വീട്ടിൽ സ്റ്റെയർകെയ്സിൽ പാമ്പിനെ കണ്ട് ഉത്ര ബഹളം വച്ചതോടെ ശ്രമം പരാജയപ്പെട്ടു. സൂരജ് വന്നു പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുപോയി. മാർച്ച് 2നു വീണ്ടും ശ്രമമുണ്ടായി. അന്ന് ഉത്രയെ പാമ്പു കടിച്ചു.

മണിക്കൂറുകൾ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും യുവതി അതിജീവിച്ചു. ഇതിന്റെ തുടർ ചികിത്സയ്ക്കായി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണു വീണ്ടും കടിയേൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here