തിരുവനന്തപുരം: സ്വപ്ന സുരേഷുമായി താന്‍ സംസാരിച്ചത് ഔദ്യോഗികവിഷയമാണെന്നും യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരമാണ് ഫോണില്‍ ബന്ധപ്പെട്ടതെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.
മെയ് 27 ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും തനിക്കൊരു മെസേജ് ലഭിച്ചുവെന്നും ഇതനുസരിച്ച് ഔദ്യോഗികമായി മാത്രമാണ് സ്വപ്നയുമായി സംസാരിച്ചതെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
എല്ലാ വര്‍ഷങ്ങളിലും റമദാന്‍ ദിനത്തോടനുബന്ധിച്ച് യുഎഇ കോണ്‍സുലേറ്റ് ഭക്ഷണ കിറ്റുകള്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായി നല്‍കാറുണ്ട്. ഇത്തരം പരിപാടിയില്‍ താന്‍ തന്നെ രണ്ടുമൂന്ന് പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇപ്രാവശ്യം, ലോക്ഡൗണ്‍ ആയതിനാല്‍ അത് കൊടുക്കാന്‍ കഴിഞ്ഞില്ല.
അതിനാലാണ്, മെയ് 27 ന് ഒരു മെസേജ് തനിക്ക് വരുന്നത്. ഭക്ഷണ കിറ്റ് കൈവശമുണ്ട്, എവിടെയെങ്കിലും കൊടുക്കണം എന്ന് താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണം എന്നതാണ് കോണ്‍സില്‍ ജനറലിന്റെ ഫോണില്‍ നിന്നും ലഭിച്ച സന്ദേശം.
കണ്‍സ്യൂമര്‍ ഫെഡ് വഴി ഭക്ഷണ കിറ്റ് ക്രമീകരിക്കാമെന്ന് പറഞ്ഞതനുസരിച്ച്, സ്വപ്ന എന്ന വ്യക്തി ബന്ധപ്പെടുമെന്ന് കോണ്‍സില്‍ നിന്നും സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് ജലീല്‍ വ്യക്തമാക്കി.
1000 ത്തോളം ഭക്ഷണ കിറ്റ് കിട്ടുകയും എടപ്പാള്‍, തൃപ്രംകോട് പഞ്ചായത്തില്‍ വിതരണം ചെയ്യുകയുമായിരുന്നു. അതിന്റെ ബില്‍ എടപ്പാള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും യുഎഇ കൗണ്‍സല്‍ ജനറലിന്റെ അഡ്രസിലാണ് അയച്ചത്. യുഎഇ കോണ്‍സുലേറ്റാണ് പണം കണ്‍സ്യൂമര്‍ ഫെഡിന് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട്, കോണ്‍സില്‍ ജനറലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വപ്നയുമായി സംസാരിക്കുകയായിരുന്നു.
ബില്ലിന്‍മേല്‍ പണം ലഭിക്കുന്നത് വൈകുന്നത് സംബന്ധിച്ച് കണ്‍സ്യൂമര്‍ ഫെഡ് പറഞ്ഞതനുസരിച്ചാണ് പണം പെട്ടെന്ന് നല്‍കണമെന്നുപറഞ്ഞ് വിളിച്ചിരുന്നതെന്നും കോണ്‍സില്‍ ജനറല്‍ പറഞ്ഞതനുസരിച്ച് ആശയവിനിമയം നടത്തുകയാണ് ചെയ്തതെന്നും ജലീല്‍ വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.