ചെല്ലാനത്ത് കൊവിഡ് വ്യാപനം; കര്‍ശനനടപടികളുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും

ചെല്ലാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപടികളുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും. എറണാകുളം ജില്ലയില്‍ ചെല്ലാനം ഉള്‍പ്പെടുന്ന മേഖലയില്‍ നിന്നും സമ്പര്‍ക്കം വഴി കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച എഴുപത് പേരില്‍ അന്‍പത്തിയെട്ട് പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ഇതില്‍ ഇരുപത് പേര്‍ ചെല്ലാനം മേഖലയില്‍ നിന്നും ഉള്ളവരാണ്. തീരദേശ മേഖലയായ ചെല്ലാനത്ത് നിലവില്‍ ഉള്ള നൂറിലധികം കോവിഡ് രോഗികളില്‍ അന്‍പത്തി മൂന്നു പേരും സമ്പര്‍ക്കം വഴിയാണ് രോഗികളായത്.

ജില്ലാ തല കോവിഡ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരി ക്വറന്റീനില്‍ പോയതോടെ ഞായറാഴ്ച രോഗം ബാധിച്ച 33 പേരുടെ വിവരങ്ങള്‍ ഡാറ്റാ ബേസില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ഇവരെ രോഗം സ്ഥിരീകരിച്ചയുടന്‍ ചികിത്സയ്ക്കായി കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. രോഗ വ്യാപനം തീവ്രമായ ചെല്ലാനം മേഖലയില്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരം സാമ്പിള്‍ പരിശോധന നടക്കുന്നുണ്ട്.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവര്‍ എന്നിങ്ങനെ ഉള്ള മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഗുരുതര സ്ഥിതിയിലുള്ള ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകളില്‍ സാമ്പിള്‍ പരിശോധന ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ചെല്ലാനം മേഖലയിലെ കുടുംബങ്ങള്‍ക്ക് പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി അരി എത്തിക്കാനും മൊബൈല്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കാനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന എഴുപത്തിയഞ്ചുകാരനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈകീട്ടോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

മറ്റു രോഗങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എഴുപത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 403 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News