സ്വര്‍ണക്കടത്ത് കേസ്; സന്ദീപിന്റെ ബാഗേജ് തുറക്കാൻ എൻഐഎ സമർപ്പിച്ച ഹർജിയിൽ കോടതി വിധി ഇന്ന്

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപിന്റെ ബാഗേജ് തുറക്കാൻ എൻഐഎ സമർപ്പിച്ച ഹർജിയിൽ കോടതി വിധി ഇന്ന്. സന്ദീപിനെ അറസ്റ്റ് ചെയ്യുമ്പോൾ കയ്യിലുണ്ടായിരുന്ന ബാഗ് തുറന്നാൽ കേസന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഐഎ കരുതുന്നത്. അതെ സമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസിന്‍റെ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്.

കോടതി കസ്റ്റംസിന് അനുവദിച്ച സരിത്തിന്‍റെ ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനൊപ്പം സമാന്തരമായി കസ്റ്റംസ് ഓഫീസിൽ എത്തിയാണ് എൻഐഎ ഈ ദിവസങ്ങളിൽ എല്ലാം സരിത്തിനെ ചോദ്യം ചെയ്തിരുന്നത്.

കേസിലെ മുഖ്യ കണ്ണികളായ സന്ദീപിനെയും സ്വപ്നയേയും എൻഐഎ പിടികൂടിയതോടെ സരിത്തിനെയും ഇവർക്കൊപ്പം കേസന്വേഷണത്തിന്‍റെ ഭാഗമായി എൻഐഎക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്. സന്ദീപിനെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ ബാഗും എൻഐഎ കണ്ടെത്തിയിരുന്നു.

സ്വർണ്ണക്കടത്ത് വഴി തീവ്രവാദ സംഘടനകൾക്ക് പണം എത്തിച്ച സംഭവത്തിൽ നിർണായകമായേക്കാവുന്ന പല തെളിവുകളും ഈ ബാഗ് പരിശോധിക്കുന്നത് വഴി എൻഐഎക്ക് ലഭിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാഗ് തുറക്കാൻ അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എൻഐഎ കോടതിയെ സമീപിച്ചത്. ഇന്നലെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടു മൂവാറ്റുപുഴയിൽ നിന്നും പിടികൂടിയ ജലാലിനെയും കസ്റ്റംസ് അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

ഇയാളുടെ കാറിൽ കണ്ടെത്തിയ രഹസ്യ അറയെ പറ്റിയും കേസുമായി ബന്ധമുള്ള മറ്റു ചിലരെ പറ്റിയും കസ്റ്റംസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കേസിലെ മുഖ്യ കണ്ണിയായ വിദേശത്ത് കഴിയുന്ന ഫൈസൽ ഫരീദിനെ പിടികൂടാൻ എൻഐഎ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്‍റപോളിന്‍റെ സഹായത്തോടെ ഇയാളെ പിടികൂടാൻ ആണ് എൻഐഎയുടെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News