തിരുവനന്തപുരം: രണ്ടു മാസത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് നല്‍കുക. നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ 11 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക. സാമൂഹ്യപെന്‍ഷന്‍ 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയുമാണ് വേണ്ടി വരിക. ഇത് അനുവദിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട് വയ്ക്കാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകളുടെ ഉടമസ്ഥതയില്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ മാത്രം മതിയാകില്ല. ഇതിനാല്‍ ഭവനസമുച്ചയങ്ങളുണ്ടാക്കാന്‍ സുമനസ്സുകളുടെ സഹായം സ്വീകരിക്കും.
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തില്‍ എരുമേലി ജമാ അത്തിന്റെ നേതൃത്വത്തില്‍ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്റ് ലൈഫ് മിഷന് വേണ്ടി വിനിയോഗിക്കാന്‍ മുന്നോട്ടുവന്നു. അതില്‍ നിന്ന് 3 സെന്റ് വീതം 12 പേര്‍ക്കായി വീതിച്ച് നല്‍കും. ഇതില്‍ 7 സെന്റ് സ്ഥലം പൊതു ആവശ്യങ്ങള്‍ക്കാണ്.
ഇത് കൂടാതെ കോട്ടയം അയ്മനത്തെ റോട്ടറി ഇന്റര്‍നാഷണല്‍ 6 ലക്ഷം യൂണിറ്റ് കോസ്റ്റ് വരുന്ന 18 വീടുകള്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് നിര്‍മിച്ച് നല്‍കാന്‍ മുന്നോട്ടുവന്നു.
മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണസംഘങ്ങളുടെ നേതൃത്വത്തില്‍ വീട് നല്‍കാനുള്ള കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം നാളെ തുടങ്ങും.
ഒന്നാം ഘട്ടത്തില്‍ 2000 വീടുകള്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. എല്ലാ വീടുകളും പൂര്‍ത്തിയാക്കി കൈമാറി. ഭൂരഹിത, ഭവനരഹിതര്‍ക്കുള്ള ഫ്‌ലാറ്റ് നിര്‍മാണമാണ് ഈ ഘട്ടത്തിലുള്ളത്. 14 ജില്ലകളിലും സ്ഥലം കണ്ടെത്തി. തൃശ്ശൂര്‍ പഴയന്നൂരില്‍ ഫ്‌ലാറ്റുണ്ടാക്കിയാണ് ഈ ഘട്ടം തുടങ്ങുക. കൊവിഡ് കാലത്തും ലൈഫ് മിഷന്‍ സന്ദേശം ആളുകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. ഇതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.